
ശോഭനയുടെ അഭിനയത്തിനെതിരെ നടത്തിയ വിവാദ പരാമർശവും പിന്നീട് അത് പിൻവലിച്ചതുമായ സംഭവത്തിൽ മുരളി തുമ്മാരുകുടിക്ക് നേരെ രൂക്ഷ വിമർശനം. നിതീഷ് തിവാരിയുടെ പുതിയ ‘രാമായണ’ സിനിമയെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നടി ശോഭനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം അദ്ദേഹം ഉൾപ്പെടുത്തിയത്.
ചിത്രത്തിൽ കൈകേയി ആയി വേഷമിട്ട ശോഭനയുടെ മുഖത്ത് എല്ലായ്പ്പോഴും ഒരേ ഭാവമാണെന്നും, വാഴപ്പഴം കഴിക്കാതെയാണ് അവർ അഭിനയിച്ചതെന്ന് തോന്നുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദമായതോടെ മുരളി തുമ്മാരുകുടി ഈ ഭാഗം ഫേസ്ബുക്ക് കുറിപ്പിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
തുടർന്ന് ശോഭനയെ പിന്തുണച്ചും മുരളി തുമ്മാരുകുടിയുടെ പ്രസ്താവനയെ വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. “അവർക്ക് അഭിനയമായാലും ഭക്ഷണമായാലും ഏതളവിൽ കൃത്യതയോടെ വേണമെന്ന് അറിയാം. അതുകൊണ്ടാണ് പത്മഭൂഷൻ ശോഭന ആയത്” എന്ന് ഒരു ആരാധിക മറുപടി നൽകി. ശോഭന തന്റെ വേഷം വളരെ മികച്ച രീതിയിൽ തന്നെ ചെയ്തുവെന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.
“ചുമ്മാതല്ല ആ തുമ്മാരുകുടിയിൽ ഒതുങ്ങിപ്പോയത്, അമ്മാതിരി കുശുമ്പ് അല്ലേ” എന്ന് പരിഹസിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്.
വാളെടുത്ത് യുദ്ധം ചെയ്യുന്ന സീതയെയാണ് ചിത്രത്തിൽ കാണാൻ സാധിച്ചതെന്നും സാങ്കേതിക വിദ്യയ്ക്കപ്പുറം സിനിമയിലെ അഭിനയങ്ങളെല്ലാം ശരിയല്ലെന്നും കുറിപ്പിൽ പറയുന്നു. വാത്മീകി രാമായണത്തിൽ ഇല്ലാതിരുന്ന ഇത്തരം ദൃശ്യങ്ങൾ ‘അത്ഭുത രാമായണ’ത്തിൽ നിന്നാകാം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
മുരളിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം;
വാളെടുക്കുന്ന സീത…
രാമായണത്തിന്റെ പുതിയ സിനിമ കണ്ടു. സാങ്കേതിക വിദ്യയുടെ അയ്യരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്, വലിയ സ്ക്രീനിൽ തന്നെ കാണണം.
കഥ പഴയത് തന്നെ ആണല്ലോ, അപ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും.
വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ല. പക്ഷെ രാമായണത്തിന് ധാരാളം വേർഷൻസ് ഉണ്ടല്ലോ, അങ്ങനെയൊന്നായ അത്ഭുത രാമായണത്തിൽ സീതാദേവി വാളെടുക്കുന്നുണ്ടത്രേ. പുതിയ അറിവാണ്.
സാങ്കേതിക വിദ്യക്കപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ, ശോഭനക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു. (ഡിലീറ്റ് ചെയ്ത വിവാദ ഭാഗം)
-മുരളി തുമ്മാരുകുടി