
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘മഴയെത്തും മുന്‍പേ’ എന്ന സിനിമയ്ക്ക് പിന്നിലെ കൗതുകകരമായ കഥ വെളിപ്പെടുത്തി സംവിധായകന് കമല്‍. സിനിമയുടെ തുടക്കകാലം മുതല്‍ മമ്മൂട്ടിയുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള ആദ്യകാല ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെന്ന് അഹാലിയ എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.
തന്റെ അരങ്ങേറ്റ ചിത്രം തന്നെ മമ്മൂട്ടിയെ വച്ച് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് കമല്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ അത് നടക്കാതെ പോവുകയും പിന്നീട് ‘മിഴിനീര്‍പ്പൂക്കള്‍’ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍, ജയറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിരവധിയേറെ വിജയചിത്രങ്ങള്‍ കമല്‍ ഒരുക്കിയെങ്കിലും മമ്മൂട്ടിയുമൊന്നിച്ചുള്ള ഒരു പ്രോജക്ട് നീണ്ടുപോയി. നേരിട്ടു കാണുമ്പോഴൊക്കെ “താനെന്നും ലാലിനെ വച്ചല്ലേ സിനിമ ചെയ്യൂ, എന്നെയൊന്നും വിളിക്കില്ലല്ലോ” എന്ന് മമ്മൂട്ടി തമാശയായി ചോദിക്കാറുണ്ടായിരുന്നെന്നും, ഒന്നിച്ചു സിനിമ ചെയ്യാമെന്ന് പറയാറുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് വൈകുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒടുവില്‍ നിര്‍മാതാവ് മാധവന് നായരും തിരക്കഥാകൃത്ത് ശ്രീനിവാസനും മുന്നോട്ടുവന്നതോടെയാണ് ‘മഴയെത്തും മുന്‍പേ’ എന്ന ചിത്രത്തിലേക്ക് വഴിതുറക്കുന്നത്. തനിക്ക് കഥ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് ശ്രീനിവാസന് വ്യക്തമാക്കിയെങ്കിലും, “ശ്രീനിയാണോ? അയാള്‍ സമയത്ത് എഴുതി തരുമോ?” എന്ന സംശയമാണ് മമ്മൂട്ടി ആദ്യം പങ്കുവെച്ചതെന്നും കമല്‍ ചിരിയോടെ പങ്കുവെച്ചു. 1995-ല്‍ പുറത്തിറങ്ങി വമ്പന്‍ വിജയമായി മാറിയ ചിത്രത്തില്‍ ശോഭന, ആനി, ശ്രീനിവാസന് എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
കമലിന്റെ വാക്കുകൾ
”മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്യാമെന്ന് നിര്‍മാതാവ് മാധവന് നായര്‍ പറഞ്ഞിരുന്നു. ഞാന്‍ രണ്ട് മൂന്ന് തവണ ശ്രമിച്ചതാണ് മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ പല കാരണങ്ങളാലും മാറിപ്പോയി. ഞാന്‍ ആദ്യത്തെ സിനിമ ചെയ്യാനിരുന്നത് മമ്മൂട്ടിയെ വച്ചായിരുന്നു. പക്ഷെ അത് നടക്കാതെപോയി. പിന്നീടും മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ നടന്നില്ല. ഇതിനിടെയാണ് മിഴിനിര്‍പ്പൂക്കള്‍ എന്ന സിനിമയിലേക്ക് ഓഫര്‍ വരുന്നതും മോഹന്‍ലാലിലേക്ക് ഞാന്‍ പോകുന്നതും. പിന്നെ ലാലിനെ വച്ച് കുറേ സിനിമകള്‍ ഞാന്‍ ചെയ്തു. ജയറാമിനെ വച്ചും സിനിമ ചെയ്തു.
മമ്മൂട്ടിയുമായി എനിക്ക് വളരയെധികം വ്യക്തിബന്ധമുണ്ട്. സിനിമയില്‍ വരും മുമ്പേ അറിയാം. മമ്മൂക്കയെ ഇടയ്ക്ക് പലയിടത്തും വച്ച് കാണുമ്പോള്‍ താന്‍ മോഹന്‍ലാലിനെ വച്ചല്ലേ സിനിമ ചെയ്യൂ, എന്നെയൊന്നും വിളിക്കില്ലല്ലോ എന്ന് പറയുകയും ചെയ്യും. തമാശയ്ക്കാണ്. താനൊരു പടം ആലോചിക്ക് നമുക്ക് ചെയ്യാമെന്നൊക്കെ മമ്മൂക്ക പറയും. പക്ഷെ അതിലേക്ക് എത്തില്ല. പല കാരണങ്ങളാലും മാറിപ്പോകും.
അങ്ങനെയിരിക്കെയാണ് മാധവന് നായര്‍ ഇക്കാര്യം പറയുന്നത്. നമുക്ക് ചെയ്യാം നീ വിളിക്കെന്ന് ശ്രീനിയും പറഞ്ഞു. ശ്രീനിയാണോ? അയാള്‍ സമയത്ത് എഴുതി തരുമോ ? എന്ന് മമ്മൂക്ക ചോദിച്ചു. അങ്ങനെയാണ് മഴയെത്തും മുന്പേയിലേക്ക് എത്തുന്നത്.”