
തനിക്ക് പുരസ്കാരം ലഭിക്കാതെ പോയതിൽ ഏറ്റവും അധികം വിഷമം ഉണ്ടാക്കിയത് ‘സെല്ലുലോയ്ഡ്’ എന്ന സിനിമയാണെന്ന് വെളിപ്പെടുത്തി പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദ്. ചിത്രത്തിലെ മികച്ച മേക്കപ്പ് പ്രവർത്തനങ്ങൾക്ക് സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് ആദ്യം വാർത്തകൾ ഉണ്ടായെങ്കിലും അവസാന നിമിഷം അത് ലഭിക്കാതെ പോയത് വലിയ നോവായി മാറിയെന്ന് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു.
2013-ൽ കമൽ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിനായി വലിയ തോതിലുള്ള പഠനങ്ങളും കഠിനാധ്വാനവുമാണ് താൻ നടത്തിയത്. കുറഞ്ഞ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ഈ സിനിമയ്ക്കായി ദീർഘകാലം മാറ്റിവെക്കേണ്ടി വന്നു. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച ജെ.സി. ഡാനിയേൽ എന്ന കേന്ദ്രകഥാപാത്രത്തിന്റെ മുടി വിഗ്ഗായിരുന്നുവെന്നും, അത്രയേറെ ഹൃദയത്തോട് ചേർത്തുപിടിച്ച് ചെയ്ത വർക്ക് ആയിരുന്നിട്ടുകൂടി അംഗീകാരം ലഭിക്കാതിരുന്നത് തന്നിൽ വലിയ സങ്കടമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രജനികാന്ത്, വിദ്യ ബാലൻ, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന നെൽസൺ ദിലീപ്കുമാർ ചിത്രം ‘ജയിലർ 2’ ഉൾപ്പെടെ നിരവധി വൻകിട സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റായി ഇപ്പോൾ സജീവമാണ് പട്ടണം റഷീദ്. മലയാളത്തിലും തമിഴിലുമായി എട്ടോളം സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് പട്ടണം റഷീദ്.
പട്ടണം റഷീദിന്റെ വാക്കുകൾ
“എനിക്ക് സംസ്ഥാന അവാർഡ് കിട്ടാതെ പോയ സിനിമയാണ് ‘സെല്ലുലോയ്ഡ്’. ആദ്യം സംസ്ഥാന അവാർഡ് കിട്ടാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളൊക്കെ അറിയാൻ കഴിഞ്ഞു. പിന്നീട് അവസാന നിമിഷമാണ് ഇല്ലെന്ന് അറിഞ്ഞത്. എനിക്ക് എട്ടോളം സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട് മേക്കപ്പിന്. പിന്നെ തമിഴ്നാടിന്റെയൊക്കെ സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്. പക്ഷേ കിട്ടാതെ പോയ ഈ പടത്തിന്റെ സംസ്ഥാന അവാർഡ് ആണ് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിട്ടുള്ളത്.
കാരണം ഞാൻ അത്രയധികം ഹൃദയത്തോട് ചേർത്തുവച്ച സിനിമയാണ് ‘സെല്ലുലോയ്ഡ്’. ഞാൻ ആ സിനിമയ്ക്കായി അത്രയും പഠനങ്ങൾ നടത്തിയിട്ടുണ്ട്. അതിന് വേണ്ടി പണിയെടുത്തിട്ടുണ്ട്. വളരെ ചെറിയ ബഡ്ജറ്റിലാണ് ആ സിനിമ ചെയ്തത്. ഒരുപാട് കാലം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വച്ചത് ഈ പടത്തിനായിരുന്നു. അതുകൊണ്ട് ഒരു നോവ് അനുഭവിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ മുടി വിഗ് ആണ്.”