
ഗുജറാത്ത് ഭൂകമ്പത്തിൽ കുടുംബം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന കൊച്ചുബാലന്റെയും, അവനെ സ്വന്തം മകനെപ്പോലെ സ്വീകരിക്കുന്ന മാധവന്റെയും കണ്ണീരണിയിക്കുന്ന കഥ പറഞ്ഞ ബ്ലെസി ചിത്രം ‘കാഴ്ച’ സിനിമാപ്രേമികളുടെ മനസ്സിൽ എന്നും മായാത്ത നൊമ്പരമാണ്. ചിത്രത്തിൽ പ്രൊജക്ടർ ഓപ്പറേറ്ററായ മാധവനായി മമ്മൂട്ടിയെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചെങ്കിലും, അദ്ദേഹത്തിന്റെ അതുവരെ കാണാത്ത സാധാരണക്കാരനായുള്ള രൂപമാറ്റം അതത്ര എളുപ്പമായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി. ക്രോണിക് ബാച്ചിലറിലെ തികച്ചും ഗ്ലാമറസ് ആയ ലുക്കിന് ശേഷം മമ്മൂട്ടിയെ തികച്ചും സാധാരണക്കാരനായി മാറ്റിയെടുക്കുന്നതിലുണ്ടായ വെല്ലുവിളികളെക്കുറിച്ചാണ് ഡിഡി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മനസ്സ് തുറന്നത്.
ഫോട്ടോഷോപ്പ് വളർന്നുവരുന്ന അക്കാലത്ത് മാധവന്റെ ലുക്കിനായി താടിയും വിഗ്ഗുമൊക്കെ പരീക്ഷിച്ച് നോക്കിയെങ്കിലും കൃത്രിമമായ മേക്കപ്പുകൾ മമ്മൂക്കയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസ്സിലായതോടെ ആ ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. കരിവാരിത്തേച്ച് അദ്ദേഹത്തിന്റെ സൗന്ദര്യം കുറയ്ക്കുക സാധ്യമല്ലെന്ന് വ്യക്തമായതോടെ, ലുക്കിന് പകരം തിരക്കഥയിലാണ് ബ്ലെസി ഇതിന് പരിഹാരം കണ്ടെത്തിയത്. കുട്ടിക്കാലത്ത് സിനിമയിൽ അഭിനയിക്കാൻ കൊതിക്കുകയും സൗന്ദര്യബോധം വച്ചുപുലർത്തുകയും ചെയ്യുന്ന ആളായി മാധവനെ തിരക്കഥയിൽ മാറ്റിയെഴുതി. അവസരം കിട്ടുമ്പോഴെല്ലാം പോക്കറ്റിൽ നിന്ന് ചീപ്പെടുത്ത് മുടി ചീകുന്ന സ്വഭാവം മാധവനിൽ ഉൾപ്പെടുത്തിയത് ഈ ഗ്ലാമറസ് ലുക്കിനെ ന്യായീകരിക്കാനായിരുന്നുവെന്നും ബ്ലെസി ഓർത്തെടുത്തു.
ബ്ലസിയുടെ വാക്കുകൾ;
”മമ്മൂക്കയുടെ ക്രോണിക് ബാച്ചിലര്‍ ഇറങ്ങിയതിന് ശേഷമാണ് കാഴ്ച എന്ന സിനിമ ചിന്തിക്കുന്നത്. ക്രോണിക് ബാച്ചിലറില്‍ ഗ്ലാമറസ് ആയിട്ടുള്ള പേഴ്സണാലിറ്റിയാണ് അദ്ദേഹത്തിന്റേത്. ഈ കഥ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചപ്പോള്‍ എന്റെ ചിന്ത ഇദ്ദേഹത്തെ എങ്ങനെ സാധാരണക്കാരനായ മാധവനാക്കാം, ഈ ഗ്ലാമര്‍ എങ്ങനെ കുറയ്ക്കാം എന്നതായിരുന്നു.
അതിന് വേണ്ടി പലരീതിയും നോക്കി. അന്ന് ഫോട്ടോഷോപ്പൊക്കെ വളര്‍ന്നു വരുന്ന സമയമാണ്. അദ്ദേഹത്തിന് താടി വച്ച് നോക്കി. വിഗ് മാറ്റി. മഹാനഗരം പോലുള്ള സിനിമയില്‍ താടി വച്ചിട്ടുണ്ടല്ലോ. ആര്‍ട്ടിഫിഷ്യലായ മേക്കപ്പ് ചെയ്യുമ്പോള്‍ എല്ലാവര്ക്കും ഡിസ്കംഫര്‍ട്ട് തോന്നും. അതുകൊണ്ട് അത് നടക്കില്ല. ഇദ്ദേഹത്തെ കരിവാരിത്തേച്ച് സൗന്ദര്യം കുറയ്ക്കാന്‍ പറ്റില്ലെന്ന് മനസിലായി.
അതോടെ തിരക്കഥയില്‍ ഇതിന് എങ്ങനെ പരിഹാരം കാണാമെന്നായി. അതുകൊണ്ട് കുട്ടിക്കാലത്ത് എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കണം എന്ന് കൊതിച്ച, ജൂനിയര്‍ ആര്‍ട്ടിസ്റ്റായെങ്കിലും അഭിനയിക്കണം എന്ന് മനസില്‍ കൊണ്ടുനടന്ന ഒരാള്‍. അങ്ങനെ സെല്ഫ്കോണ്ഷ്യസ് ആയിട്ടുള്ളവര്‍ എപ്പോഴും പോക്കറ്റില്‍ ഒരു ചീപ്പ് കരുതി വെക്കും. ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും സാധനങ്ങള്‍ എടുക്കുമ്പോള്‍ ചീപ്പ് സഹിതമായിരിക്കും എടുക്കുക. അവസരം കിട്ടുമ്പോഴെല്ലാം അങ്ങനെ അയാളുടെ സൗന്ദര്യത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു.”