
ടൈപ്പ് 1 ഡയബറ്റിക്സ് ബാധിതയായതിനെത്തുടർന്ന് ഒരിക്കലും വിവാഹം കഴിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി നടിയും അവതാരകയുമായ സിത്താര വിജയൻ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസന’ത്തിലെ നായികയാണ് സിത്താര.
2021-ൽ ഡയബറ്റിക്സ് സ്ഥിരീകരിച്ചപ്പോഴാണ് ഈ തീരുമാനമെടുത്തതെന്നും “ഡയബറ്റിക്സ് വന്നാൽ കല്യാണം നടക്കില്ല” എന്നായിരുന്നു തുടക്കത്തിൽ തനിക്ക് ലഭിച്ച കമന്റുകളെന്നും താരം വ്യക്തമാക്കി. അസുഖം കണ്ടെത്തിക്കഴിഞ്ഞാൽ അതിനെക്കുറിച്ച് പറഞ്ഞുതരാനോ ആത്മവിശ്വാസം നൽകാനോ ആരുമില്ലാത്ത അവസ്ഥയാണ് ആദ്യം നേരിട്ട പ്രതിസന്ധിയെന്നും സിത്താര പറയുന്നു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾ പോലും തനിയെ ഇൻസുലിൻ എടുക്കുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും അത്തരം അവസ്ഥകളിലേക്ക് താൻ എത്തിപ്പെട്ടില്ലല്ലോ എന്ന് ഓർത്ത് ദൈവത്തോട് നന്ദി പറയുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.
തന്റെ ഗ്ലൂക്കോസ് ലെവൽ പൂർണ്ണമായും നിയന്ത്രണത്തിലല്ലെങ്കിലും കഴിക്കുന്ന ഭക്ഷണത്തിൽ താൻ നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ സിത്താര, ഈ രോഗാവസ്ഥയിൽ ബുദ്ധിമുട്ടുന്നവർക്കായി “സാരമില്ല, എല്ലാം ശരിയാകും, നമുക്ക് വഴിയുണ്ടാക്കാം” എന്നീ ആശ്വാസവാക്കുകൾ കേൾക്കാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സിത്താരയുടെ വാക്കുകൾ;
“ഒരിക്കലും വിവാഹം കഴിക്കില്ല എന്ന തീരുമാനമെടുക്കുന്നത് 2021ൽ എനിക്ക് ഡയബറ്റിക്സ് ഉണ്ടെന്ന് കണ്ടെത്തിയപ്പോഴാണ്. ‘ഡയബറ്റിക്സ് വന്നാൽ കല്യാണം നടക്കില്ല’ എന്നാണ് ആദ്യം കമന്റ് കേട്ടത്. സാഹചര്യങ്ങളുടെ ചാപല്യം മൂലം തീരുമാനം ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഇപ്പോഴും അതിലൊരു മാറ്റമില്ല. ഞാൻ സിത്താര വിജയൻ, 28 വയസ്, ഞാൻ ഡയബറ്റിക് ആണ്. ചില അസുഖങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ അതിനെക്കുറിച്ച് പറഞ്ഞുതരാനോ ധൈര്യമായിട്ട് ഇരിക്ക് എന്ന് പറഞ്ഞു തരാനോ ആരുമില്ലാത്തതാണ് ആദ്യത്തെ പ്രശ്നം.
എന്താണ് ഇത്, എന്തുകൊണ്ടാണ് ഇത് എന്നെല്ലാം അന്വേഷിച്ചിറങ്ങണം. രണ്ട് വർഷം മുൻപ് ഡയബറ്റിക്സിനെ കുറിച്ച് ഒരു വിഡിയോ ഇട്ടപ്പോഴാണ് മുതിർന്നവരേക്കാൾ കുട്ടികളാണ് ഇതിൽ ഏറെ ബുദ്ധിമുട്ടുന്നത് എന്ന് മനസ്സിലായത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾ തനിയെ ഇൻസുലിൻ എടുക്കുന്നത് കണ്ടപ്പോള്‍ അവരെയും അവരുടെ രക്ഷിതാക്കളെയും ഞാൻ നമിക്കുന്നു.
എന്നെ അത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചില്ലല്ലോ എന്ന് ഞാൻ സ്വയം ആശ്വസിക്കുകയും ദൈവത്തോട് നന്ദി പറയും. എന്റെ ഗ്ലൂക്കോസ് ലെവൽ എന്റെ നിയന്ത്രണത്തിലല്ല. ജീവിതത്തിൽ സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ. പക്ഷേ എന്തു കഴിക്കുന്നു എന്നതിൽ എനിക്ക് നിയന്ത്രണമുണ്ട്.
ഈ രോഗാവസ്ഥയെ സംബന്ധിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ച് തുറന്നുപറയണമെന്നാണ് എനിക്ക്. ഈ അവസ്ഥയിൽ ബുദ്ധിമുട്ടുന്നവരെക്കുറിച്ച് പറയാനുള്ളത് ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണ്. സാരമില്ല, എല്ലാം ശരിയാകും. നമുക്ക് വഴിയുണ്ടാക്കാമേ.”