നാദിര്‍ഷയ്‌ക്കൊപ്പം അറുപത്തിയഞ്ചുകാരന്‍ കേശുവായി ദിലീപ്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അറുപത്തിയഞ്ച്കാരന്‍ കേശുവായി ജനപ്രിയ നായകന്‍ ദിലീപെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവായ സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്നീ ചിത്രങ്ങള്‍ക്കുശേഷം സജീവ് പാഴൂരിന്റെ മൂന്നാമത്തെ തിരക്കഥയാണ് ഈ ചിത്രം.ഡ്രൈവിംഗ് സ്‌ക്കൂള്‍ നടത്തുന്ന കേശു എന്ന അറുപത്തഞ്ച് വയസ്സുള്ള ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്‌. സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് നാദിര്‍ഷയുമൊന്നിച്ചുള്ള തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

ദിലീപിന്റെ വാക്കുകള്‍..

‘നാദിര്‍ഷയും ഞാനും തമ്മില്‍ ഒന്നിക്കുന്ന സിനിമ താമസിയാതെ വരും. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷന്‍ പോലെ വലിയ ബഹളമുള്ള സിനിമയല്ല. റിയലിസ്റ്റിക്ക് മൂഡില്‍ ഉള്ള ചിത്രമാണ്. ഡ്രൈവിംഗ് സ്‌ക്കൂള്‍ നടത്തുന്ന കേശു എന്ന അറുപത് അറുപത്തഞ്ച് വയസ്സുള്ള ഒരാളുടെ കഥയാണ്. പക്ഷെ ത്രൂഔട്ട് ഹ്യൂമറാണ്. വേറൊരു പാറ്റേണിലുള്ള സിനിമയാണിത്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ആ ഒരു മനസ്സോടെയേ ആ സിനിമയെ കാണാന്‍ വരാന്‍ പാടുള്ളൂ. ജോണറില്‍ കുറച്ച് വ്യത്യാസമുണ്ടായിരിക്കും.

സജീവ് പാഴൂരിന്റെ കഥയാണ്. ഒരു റിയലിസ്റ്റിക് ടോണ്‍ ഉണ്ട് ആ സിനിമയ്ക്ക്. ഇമോഷനും നല്ല ഹ്യൂമറും അത്‌പോലുള്ള താരങ്ങളും ആ സിനിമയില്‍ ആവശ്യമാണ്. എന്നെ ചുറ്റിപറ്റി ഒരുപാട് ആള്‍ക്കാരെ ആവശ്യമുണ്ട്. അവരുടെ ഡേറ്റൊക്കെ കറക്ട് കിട്ടണം. എന്നാലെ അത് തുടങ്ങാന്‍ പറ്റു. താമസിയാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

ഞാനും നാദിര്‍ഷയും എത്രയോ വര്‍ഷങ്ങളായിട്ട് ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നവരാണ്. മിമിക്രി കാസറ്റ് ചെയ്തിരുന്ന കാലം മുതല്‍ ഒരുമിച്ച് പോയിക്കൊണ്ടിരിക്കുന്നവരാണ്. ഞാന്‍ എന്താണെന്ന് അവനും അറിയാം, അവന്‍ എന്താണെന്ന് എനിക്കും അറിയാം. നീ, ഞാന്‍ എന്നൊരു കാര്യം ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവാറില്ല’ ദിലീപ് പറയുന്നു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം..