
ഇലക്ഷൻ പ്രചാരണത്തിനിടെയുണ്ടായ വധശ്രമത്തിൽ നിന്ന് താൻ രക്ഷപ്പെട്ടത് കളരിപ്പയറ്റ് പഠിച്ചിട്ടുള്ള ധൈര്യം കൊണ്ടാണെന്ന വെളിപ്പെടുത്തലുമായി നടനും രാഷ്ട്രീയ നേതാവുമായ ദേവൻ. പ്രചാരണം കഴിഞ്ഞ് അർദ്ധരാത്രി ഒറ്റയ്ക്ക് മടങ്ങുമ്പോൾ വടക്കാഞ്ചേരിയിൽ വെച്ചാണ് വാളുകളുമായെത്തിയ സംഘം തനിക്ക് നേരെ ആക്രമണത്തിന് മുതിർന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘മൈൽസ്റ്റോൺ മേക്കേഴ്സിന്’ നൽകിയ അഭിമുഖത്തിലാണ് മുൻപ് നടന്ന ഈ സംഭവം അദ്ദേഹം വെളിപ്പെടുത്തിയത്.
പ്രചാരണം കഴിഞ്ഞ് കൂടെയുണ്ടായിരുന്ന പ്രവർത്തകരെ മടക്കി അയച്ച്, രാത്രി 12 മണിയോടെ കാറിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വഴി മധ്യേ രണ്ട് സ്കൂട്ടറുകളിലായി നാല് പേർ പിന്തുടരുന്നത് കാറിന്റെ റിയർ വ്യൂ മിററിലൂടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് വാഹനം വശത്തേക്ക് ഒതുക്കി നിർത്തിയപ്പോൾ, പിന്തുടർന്നവരും വണ്ടി നിർത്തി ആയുധങ്ങളുമായി കാറിനടുത്തേക്ക് പാഞ്ഞടുത്തു.
എന്നാൽ പരിഭ്രമിക്കാതെ കാറിലുണ്ടായിരുന്ന വടിയെടുത്ത് പുറത്തേക്കിറങ്ങി നേരിടാൻ തുനിഞ്ഞതോടെ അക്രമികൾ വാഹനം തിരിച്ചുവിട്ട് കടന്നുകളയുകയായിരുന്നു. അപ്രതീക്ഷിതമായ ഈ തിരിച്ചടി അക്രമികൾ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദേവൻ പറഞ്ഞു. കളരിപ്പയറ്റ് നൽകിയ ആത്മവിശ്വാസവും കരുത്തുമാണ് ആ നിമിഷത്തിൽ തനിക്ക് തുണയായത്.
സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ അധികൃതർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. എതിർ രാഷ്ട്രീയക്കാരുടെ ഭീഷണിയാണെന്നും ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും പറഞ്ഞ് അന്ന് സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ പരാതി നിസ്സാരവത്കരിച്ച് തള്ളുകയായിരുന്നുവെന്നും ദേവൻ പറഞ്ഞു.