
സമ്മിശ്ര പ്രതികരണങ്ങളും വിവാദങ്ങളും മറികടന്ന് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ‘ടോക്സിക്’ എന്ന ചിത്രത്തെയും അണിയറപ്രവർത്തകരെയും വാനോളം പുകഴ്ത്തി നടൻ ശരത് കുമാർ. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനായ ചിത്രം കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്നതാണെന്നും ധീരമായ കാൽവയ്പ്പാണ് അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട ശേഷമാണ് ശരത് കുമാർ തന്റെ അഭിപ്രായം പങ്കുവെച്ചത്. പരമ്പരാഗത സിനിമാ സങ്കൽപ്പങ്ങൾക്കപ്പുറത്തേക്ക് കഥയെ എത്തിക്കാനും രംഗങ്ങൾ അതിമനോഹരമായി ആവിഷ്കരിക്കാനും ഗീതു മോഹൻദാസിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ക്ലൈമാക്സിലെ പ്രയാസമേറിയ രംഗങ്ങളിൽ യാഷ് കാഴ്ചവെച്ച അനായാസമായ പ്രകടനം എടുത്തുപറയേണ്ടതാണെന്നും സാങ്കേതിക മികവും ഗംഭീരമായ ദൃശ്യാവിഷ്കാരവും മുൻനിർത്തി സിനിമ തീർച്ചയായും കാണേണ്ട ഒന്നാണെന്നും ശരത് കുമാർ കൂട്ടിച്ചേർത്തു. പ്രേക്ഷകർ ചിത്രം നേരിട്ട് കണ്ട് സ്വന്തം അഭിപ്രായം രൂപീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
‘ടോക്സിക്– എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹിമ ഖുറേഷി തുടങ്ങി വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്.