“ഇതിനേക്കാൾ മനോഹരമായിട്ട് എങ്ങനെ കുടുംബം തകർക്കാൻ പറ്റും. എനിക്ക് വില്ലത്തരം വേണം”; ഉർവശി

','

' ); } ?>

‘സൂപ്പർ സ്റ്റാർ’ എന്ന വിശേഷണത്തേക്കാൾ ‘സൂപ്പർ ആക്ടർ’ എന്ന് വിളിക്കപ്പെടാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് വ്യക്തമാക്കി പ്രമുഖ നടി ഉർവശി. തന്റെ പുതിയ ചിത്രമായ ‘ആശ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം സിനിമാ മേഖലയിലെ ‘സ്റ്റാർ’ പദവികളെക്കുറിച്ചും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും നിലപാട് വ്യക്തമാക്കിയത്.

സൂപ്പർ സ്റ്റാർ പദവിക്കായി മത്സരിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് ഉർവശി പറയുന്നു. സ്റ്റാർ പദവി ഓരോ സീസണിലും മാറിമറിയാമെന്നും എന്നാൽ നല്ലൊരു അഭിനേത്രി എന്ന നിലയിലുള്ള മൂല്യം എക്കാലവും നിലനിൽക്കുമെന്നുമാണ് താരം ചൂണ്ടിക്കാണിച്ചത്. വെറുതെ ‘സൂപ്പർ സ്റ്റാർ’, ‘വേൾഡ് സൂപ്പർ സ്റ്റാർ’ എന്നൊക്കെ വിളിച്ച് താരങ്ങളെ തമ്മിൽ അടിപ്പിക്കേണ്ടതില്ലെന്നും അടുത്ത സീസണിൽ പുതിയ താരങ്ങൾ വരുമ്പോൾ അവരും സന്തോഷിക്കട്ടെ എന്നുമായിരുന്നു ഇതിനോടുള്ള താരത്തിന്റെ പ്രതികരണം.

പുതിയ ചിത്രത്തിലെ നെഗറ്റീവ് ഷേഡുള്ള വേഷം കണ്ട് പ്രേക്ഷകർക്ക് തന്നോട് ദേഷ്യം തോന്നുമോ എന്ന ചോദ്യത്തിന് തന്റെ മുൻകാല കഥാപാത്രങ്ങളെ ഓർമ്മിപ്പിച്ചാണ് ഉർവശി മറുപടി നൽകിയത്. 1990-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘തലയണമന്ത്രം’ എന്ന ചിത്രത്തിലെ ‘കാഞ്ചന’ എന്ന കഥാപാത്രത്തെ താരം പ്രത്യേകം ഓർത്തെടുത്തു. ചിരിച്ചുകൊണ്ട് ഒരു കുടുംബത്തെ വിദഗ്ധമായി രണ്ടല്ലാതാക്കിയ കഥാപാത്രത്തെ പ്രേക്ഷകർ ഏറെ ആസ്വദിച്ചാണ് സ്വീകരിച്ചതെന്നും, അതിനാൽ തന്നെ ഇത്തരം കഥാപാത്രങ്ങളോട് ആളുകൾക്ക് വെറുപ്പ് തോന്നില്ലെന്നും താരം പറഞ്ഞു. കൂടുതൽ വില്ലത്തരമുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താല്പര്യമെന്നും ഉർവശി കൂട്ടിച്ചേർത്തു.

ഉർവശിയുടെ വാക്കുകൾ;

“എന്തിനാടാ ചെറുക്കൻമാരേ നിങ്ങൾ സ്റ്റാർ ആക്കുന്നത്. സൂപ്പർ ആക്ടർ എന്ന് പറയാൻ എനിക്ക് ഇഷ്ടമാ. സൂപ്പർ സ്റ്റാർ എന്ന് പറയാതെ. എന്തിനാണ് ഈ വഴിയിൽ കിടന്ന് ഇടിക്കുന്നത്, സൂപ്പർ സ്റ്റാർ ആകാൻ വേണ്ടി. സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ, ഇന്ത്യൻ സൂപ്പർ സ്റ്റാർ, വേൾഡ് സൂപ്പർ സ്റ്റാർ. സൂപ്പർ ആക്ടറിന്റെ വാല്യു എക്കാലവും നിലനിൽക്കത്തില്ലേ. അടുത്ത സീസണിൽ വേറൊരു സ്റ്റാർ വരുമ്പോൾ പിന്നെ അവരുമായി കൂട്ടിയിടിക്കേണ്ട വല്ല കാര്യവുമുണ്ടോ ?. അവരൊക്കെ സന്തോഷിക്കട്ടേ.

“എന്നോട് എന്റെ ആളുകൾക്ക് ഒരു ദേഷ്യവും തോന്നില്ല. അങ്ങനെയാണെങ്കിൽ ഞാൻ പഴയ തേപ്പുകാരിയായി അഭിനയിച്ചപ്പോഴേ തോന്നണമല്ലോ. ഞാൻ ‘തലയണമന്ത്ര’ത്തിൽ ചിരിച്ചു കൊണ്ട് വിദ​ഗ്ധമായിട്ട് ഒരു കുടുംബം രണ്ടാക്കി തന്നില്ലേ. അതൊക്കെ നിങ്ങൾ വളരെ ആസ്വദിച്ച് അല്ലേ കാണുന്നത് ?. പിന്നെന്താ. ഇതിനേക്കാൾ മനോഹരമായിട്ട് എങ്ങനെ കുടുംബം തകർക്കാൻ പറ്റും. എനിക്ക് വില്ലത്തരം വേണം”.