
മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി തിരക്കഥാകൃത്തും സംവിധായകനുമായ ദേവദത്ത് ഷാജി. മോഹൻലാലിനോട് കഥ പറഞ്ഞിരുന്നെങ്കിലും ആ പ്രോജക്ട് യാഥാർത്ഥ്യമായില്ലെന്ന് ദേവദത്ത് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ‘L മായി ഒരു സിനിമയുണ്ടെന്ന് കേട്ടിരുന്നു, എന്തെങ്കിലും സാധ്യതയുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന്, ‘അദ്ദേഹത്തോട് കഥ പറഞ്ഞു, എന്നാൽ വർക്കൗട്ട് ആയില്ല. അടുത്ത തവണ നോക്കാം’ എന്നായിരുന്നു ദേവദത്തിന്റെ മറുപടി.
തന്റെ ആദ്യ സംവിധാന സംരംഭമായ ‘ധീരൻ’ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയതിന്റെ കാരണവും ദേവദത്ത് വിലയിരുത്തി. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ എഴുത്തിലും അവതരണത്തിലും വന്ന പാളിച്ചകളാണ് തിരിച്ചടിയായതെന്നും, തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ധീരന്’ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ചിത്രത്തിലെ പ്രശസ്തമായ ‘അത്രവലിയ ബന്ധങ്ങളിലേക്ക് പോണോ ശിവൻകുട്ടീ’ എന്ന സംഭാഷണം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രസകരമായ പ്രതികരണം.
തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും താൻ തന്നെയായിരിക്കും നിർവഹിക്കുകയെന്നും, നിലവിൽ അതിന്റെ എഴുത്തും ചർച്ചകളും പുരോഗമിക്കുകയാണെന്നും ദേവദത്ത് വ്യക്തമാക്കി. നിവിൻ പോളിക്കൊപ്പം പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ച അദ്ദേഹം, മലയാളത്തിൽ ചുവടുറപ്പിച്ച ശേഷം മാത്രമേ തമിഴ് സിനിമയിലേക്ക് കടക്കുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു. ‘സ്ഫടികം’, ‘ഭൂതക്കണ്ണാടി’ എന്നിവയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ-മമ്മൂട്ടി ചിത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി സിനിമയിലെത്തിയ ദേവദത്ത് ഷാജി, അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ‘ഭീഷ്മപർവ’ത്തിന്റെ സഹതിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറുമായി ശ്രദ്ധേയനായിരുന്നു. പിന്നീടാണ് ജഗദീഷ്, അശോകൻ, മനോജ് കെ. ജയൻ, സുധീഷ്, വിനീത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ധീരൻ’ സംവിധാനം ചെയ്തത്.