
ഗാന്ധി-ബച്ചൻ കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന ആഴമേറിയ സൗഹൃദത്തിന്റെ ഓർമകൾ പങ്കുവെച്ച് സോണിയാ ഗാന്ധിയുടെ ആത്മകഥ ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’. 1968 ജനുവരിയിൽ രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തിനായി ഇറ്റലിയിൽനിന്ന് ഇന്ത്യയിലെത്തിയ തന്നെ ഒരു അമ്മയുടെ വാത്സല്യത്തോടെ സ്വീകരിക്കുകയും വഴികാട്ടുകയും ചെയ്ത അമിതാഭ് ബച്ചന്റെ മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനെയും തേജി ബച്ചനെയും കുറിച്ചുള്ള വൈകാരികമായ ഓർമകളാണ് പുസ്തകത്തിലുള്ളത്. എന്നാൽ, ഇരു കുടുംബങ്ങളും തമ്മിൽ പിന്നീടുണ്ടായ അകൽച്ചയെക്കുറിച്ചോ രാഷ്ട്രീയ ഭിന്നതകളെക്കുറിച്ചോ ആത്മകഥയിൽ പരാമർശങ്ങളില്ല.
അപരിചിതമായ രാജ്യത്തെ ഭാഷയും ആചാരങ്ങളും പുതിയ കുടുംബത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെട്ടിരുന്ന കാലത്ത് ഇന്ദിരാഗാന്ധിയാണ് ഡൽഹിയിലെ ബച്ചൻ കുടുംബത്തിന്റെ വസതിയായ ’13 വില്ലിങ്ടൺ ക്രസന്റിൽ’ സോണിയയ്ക്ക് താമസസൗകര്യം ഒരുക്കിയത്. വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ രാജീവിന്റെ ഉറ്റസുഹൃത്തായിരുന്ന അമിതാഭ് ബച്ചനും എത്തിയിരുന്നു. ഇന്ത്യൻ ആചാരങ്ങൾ മനസ്സിലാക്കാൻ സഹായിച്ച തേജി ബച്ചൻ, അസുഖബാധിതയായപ്പോൾ തന്നെ ശുശ്രൂഷിച്ചതും ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിൽ സാന്ത്വനമായി ഒരു നായ്ക്കുട്ടിയെ സമ്മാനിച്ചതും സോണിയ പുസ്തകത്തിൽ അനുസ്മരിക്കുന്നു.
ഹിന്ദി പഠിക്കാൻ സഹായിച്ച ഹരിവംശ് റായ് ബച്ചൻ ഇന്ത്യയിലെ ജീവിതത്തെക്കുറിച്ച് നൽകിയ ഉപദേശങ്ങളും ആത്മകഥയിലുണ്ട്. ‘സോണിയ ബേട്ടി, ഈ രാജ്യത്ത് നീ എന്താണെന്നതിലല്ല, മറിച്ച് ആളുകൾ നിന്നെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ പിൽക്കാല ജീവിതത്തിൽ തനിക്ക് വലിയ തിരിച്ചറിവായെന്ന് സോണിയ കുറിക്കുന്നു.
അതേസമയം, രാജീവ് ഗാന്ധിയുടെ ദീർഘകാല സുഹൃത്തായിരുന്ന അമിതാഭ് ബച്ചന്റെ പേര് പുസ്തകത്തിൽ മൂന്ന് തവണ മാത്രമാണ് പരാമർശിക്കുന്നത്. 1984-ൽ അലഹബാദിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതും, 1987-ലെ ബൊഫോഴ്സ് വിവാദത്തെത്തുടർന്ന് എം.പി സ്ഥാനം രാജിവെച്ചതും അടക്കമുള്ള അമിതാഭിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പുസ്തകത്തിൽ ഒന്നും പറയുന്നില്ല. 1991-ൽ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം പ്രകടമായ ഇരു കുടുംബങ്ങളും തമ്മിലുള്ള അകൽച്ചയോ, 2004-ൽ ജയ ബച്ചനും രാഹുൽ ഗാന്ധിയും തമ്മിലുണ്ടായ പരസ്യമായ വാക്പോരുകളോ ആത്മകഥയിൽ ഇടംപിടിച്ചിട്ടില്ല. ജയ ബച്ചനെക്കുറിച്ച് പുസ്തകത്തിൽ ഒരിടത്തും പരാമർശമില്ലെന്നതും ശ്രദ്ധേയമാണ്.