പ്രതിഷേധത്തിൽ സമാധാനം ആഹ്വാനം ചെയ്ത് കുറിപ്പ്, പേളി മാണിക്കെതിരെ സൈബർ ആക്രമണം; കമന്റ് ബോക്സ് ഓഫാക്കി നടി

','

' ); } ?>

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട് നടിയും അവതാരകയുമായ പേളി മാണി. സമരത്തിൻ്റെ മൂല്യം അക്രമം മൂലം നഷ്‌ടപ്പെടരുതെന്നും സമാധാനപരമായ പ്രതിഷേധമാണ് ആവശ്യമെന്നും പേർളി കുറിച്ച കുറിപ്പാണ് ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്. സ്വന്തം ജീവൻ നഷ്‌ടപ്പെടുത്താൻ മാത്രം വലിയൊരു ലക്ഷ്യവുമില്ലെന്നും, പ്രക്ഷോഭത്തിൻ്റെ യഥാർഥ ലക്ഷ്യം ഒരിക്കലും വഴിതിരിഞ്ഞു പോകരുതെന്നും പേളി കൂട്ടിച്ചേർത്തിരുന്നു.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പ്രസ്താവനയും പേളി മാണി സ്‌റ്റാറ്റസ് ആക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ ആ സ്‌റ്റാറ്റസ് ഡിലീറ്റ് ചെയ്ത പേളി കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറമെന്ന് തുറന്നടിച്ച് മറ്റൊരു സ്‌റ്റാറ്റസ് ഇട്ടു. ഇതോടെ പേളിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയർന്നു. പിന്നീട് ഇവയെല്ലാം നീക്കം ചെയ്‌ത പേളി നിലപാട് മയപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

പേളിയുടെ പോസ്‌റ്റ് പുറത്തുവന്നതിന് പിന്നാലെ വിമർശനം ഉന്നയിച്ച പലരെയും പേളി ബ്ലോക്ക് ചെയ്‌തുവെന്ന ആരോപണവും ഉയർന്നു. ഇതിനിടെ, “കമൻ്റ് സെക്ഷൻ എൻ്റെ അഭിപ്രായസ്വാതന്ത്യ്രത്തിന്റെ പ്രതിഫലനമാണ്” എന്ന് പേളി കുറിച്ചതായി പ്രചരിച്ചെങ്കിലും, അതിനുശേഷവും സൈബർ ആക്രമണം തുടരുകയായിരുന്നു. നിലവിൽ അധിക്ഷേപ കമൻ്റുകളുടെ അതിപ്രസരം മൂലം പേളി തൻ്റെ ഇൻസ്‌റ്റാഗ്രാം അക്കൗണ്ടിലെ കമൻ്റ് ബോക്‌സ് ക്ലോസ് ചെയ്‌തിരിക്കുകയാണ്.

പേളിയുടെ കുറിപ്പിന്റെ പൂർണ രൂപം;

“കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ വേദനാജനകമായിരുന്നു. നമ്മളെയെല്ലാം അൽപസമയം ഒന്നു ചിന്തിക്കാൻ അവ നിർബന്ധിതരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശക്തിയും ഐക്യവും നിശ്ചയദാർഢ്യവും നാം നേരിട്ടു കണ്ടു. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റ സംഘർഷങ്ങളുടെ ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളും ഞാൻ കണ്ടു. അത് എന്നിൽ എന്തോ ഒന്ന് മാറ്റിയെഴുതി. അപ്പോൾ എൻ്റെ മനസ്സിൽ വന്ന ഒരേയൊരു ചിന്ത… ദയവായി ആർക്കും പരുക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്‌ടപ്പെടുത്താൻ മാത്രം വലിയൊരു ലക്ഷ്യവുമില്ല. ഓരോ വിദ്യാർഥിയും ആരുടെയെങ്കിലും മകനോ മകളോ ആണ്. ആരുടെയൊക്കെയോ സ്വപ്‌നമാണ്, അവരുടെ പൂർണ ലോകമാണ്.

മറ്റനേകം ആളുകളെപ്പോലെ, കൂടുതൽ സുതാര്യവും നീതിയുക്‌തവും ഓരോ കുട്ടിക്കും വിജയിക്കാൻ തുല്യ അവസരം നൽകുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ വിദ്യാർഥികൾ അർഹിക്കുന്നുണ്ടെന്ന് ഞാനും വിശ്വസിക്കുന്നു. അവരുടെ ശബ്‌ദം കേൾക്കപ്പെടണം, സമാധാനപരമായി തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടണം. അതോടൊപ്പം തന്നെ, ഈ പ്രക്ഷോഭത്തിൻ്റെ യഥാർഥ ലക്ഷ്യം ഒരിക്കലും വഴിതിരിഞ്ഞു പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏതൊരു ജനകീയ പ്രസ്ഥാനവും ഇത്രയും വലുതാകുമ്പോൾ, വികാരങ്ങൾ ആഞ്ഞടിക്കും, വ്യത്യസ്ത ശബ്ദ‌ങ്ങൾ ഉയർന്നുവരും, വിഷയം കൂടുതൽ സങ്കീർണമാകാം. എന്നാൽ ശ്രദ്ധ എപ്പോഴും വിദ്യാർഥികളിലും, അവർ കെട്ടിപ്പടുക്കാൻ ആവശ്യപ്പെടുന്ന ഭാവിയിലും തന്നെ നിലനിൽക്കുമെന്നാണ് എൻ്റെ പ്രതീക്ഷ. സമാധാനപരമായ ആശയപ്രകടനത്തിനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അക്രമത്തെ ഞാൻ പിന്തുണയ്ക്കുന്നില്ല.

ഒരു ജനകീയ മുന്നേറ്റത്തെ ചരിത്രം ഓർമിക്കുന്നത് അത് എന്തുകൊണ്ട് തുടങ്ങി എന്നതുകൊണ്ടു മാത്രമല്ല, അത് എങ്ങനെ മുന്നോട്ടുപോയി എന്നതുകൊണ്ടു കൂടിയാണ്. വർഷങ്ങൾക്കുശേഷം നാം തിരിഞ്ഞുനോക്കുമ്പോൾ വേദനയോ ഭയമോ ഭിന്നതയോ അല്ല, മറിച്ച് ധൈര്യവും അനുകമ്പയും അർഥവത്തായ മാറ്റങ്ങളും കൂടുതൽ ശക്തമായ ഒരു ഇന്ത്യയെ വാർത്തെടുക്കാൻ സഹായിച്ച ഒരു തലമുറയെയുമാണ് നാം ഓർക്കേണ്ടത്.

ഒടുവിൽ… പലരും ഞാൻ എൻ്റെ അഭിപ്രായം പങ്കുവെക്കണമെന്ന് ആഗ്രഹിച്ചു. ചിലരെന്നെ പ്രോത്സാഹിപ്പിച്ചപ്പോൾ മറ്റുള്ളവർ എൻ്റെ മൗനത്തെ ചോദ്യം ചെയ്തു. രണ്ട കൂട്ടരെയും ഞാൻ മനസ്സിലാക്കുന്നു. എന്റെ വാക്കുകൾ ഒരുപാട് ആളുകളിലേക്ക് എത്തുന്ന ഒന്നായതുകൊണ്ട് തന്നെ, ഇങ്ങനെയുള്ള സമയങ്ങളിൽ വളരെ ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും എന്നോട് യോജിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇത് തികച്ചും എൻ്റെ വ്യക്‌തിപരമായ അഭിപ്രായമാണ് -സത്യസന്ധതയോടും ബഹുമാനത്തോടും പ്രതീക്ഷയോടും കൂടി പങ്കുവയ്ക്കുന്നത് മാത്രം. എല്ലാറ്റിനും ഉപരിയായി, ഞാൻ സമാധാനത്തിനായി പ്രാർഥിക്കുന്നു. ഓരോ വിദ്യാർഥിയുടെയും ഓരോ ഉദ്യോഗസ്‌ഥന്റെയും ഓരോ പൗരന്റെയും സുരക്ഷയ്ക്കായി ഞാൻ പ്രാർഥിക്കുന്നു.

വിവേകം നമ്മെ നയിക്കട്ടെ, അനുകമ്പ നമ്മെ ഒന്നാക്കട്ടെ. ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സമത്വവും സ്വപ്‌പ്നം കാണാനുള്ള സ്വാതന്ത്ര്യവുമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കട്ടെ. പിന്നെ ഒരവസാന കാര്യം കൂടി… ഇന്ന് എനിക്കറിയാവുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളാണിത്. നാളെ പുതിയ വസ്‌തുതകൾ പുറത്തുവരികയാണെങ്കിൽ, കാര്യങ്ങൾ പഠിക്കാനും സ്വയം ചിന്തിക്കാനും എൻ്റെ അഭിപ്രായം മാറ്റാനും ഞാൻ ഒരിക്കലും മടിക്കില്ല. അതിനെ ഞാൻ എൻ്റെ ബലഹീനതയായി കാണുന്നില്ല, മറിച്ച് വളർച്ചയായും ഉത്തരവാദിത്തമായുമാണ് കാണുന്നത്.

അതുകൊണ്ട് എൻ്റെ അഭിപ്രായം ഉൾപ്പെടെ ആരുടെയും അഭിപ്രായങ്ങളെ അന്തിമ സത്യമായി എടുക്കരുത്. വായിക്കുക. കേൾക്കുക. ചോദ്യങ്ങൾ ചോദിക്കുക. വിവരങ്ങൾ അറിഞ്ഞിരിക്കുക. വിമർശനാത്മകമായി ചിന്തിക്കുക. ഏറ്റവും പ്രധാനമായി, സ്വന്തമായി തീരുമാനങ്ങളെടുക്കുക. ‘നിങ്ങൾ’ മാത്രമായിരിക്കട്ടെ നിങ്ങളുടെ ഒരേയൊരു സ്വാധീന ശക്തി. വ്യക്തമായ അറിവുള്ളവരും അനുകമ്പയുള്ളവരും മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുൻപ് കേൾക്കാൻ തയാറുള്ളവരുമായ ആളുകളാണ് ഒരു ശക്ത‌മായ രാജ്യത്തെ കെട്ടിപ്പടുക്കുന്നത്. അങ്ങനെയൊരു ഇന്ത്യയ്ക്കായി ഞാൻ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കും. എല്ലാവർക്കും സമാധാനവും സ്നേഹവും സംഗീതവും നേരുന്നു.”

സൈബർ ആക്രമണത്തിന് പുറമെ മറ്റ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും പേളിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പോസ്‌റ്റ് പങ്കുവെച്ച് അധികം വൈകാതെ തന്നെ ഡിലീറ്റ് ചെയ്ത‌തിനെ ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ ഭാഷയിൽ വിമർശനം ഉയരുന്നുണ്ട്. താരം സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.