
സിനിമയിൽ നിലനിൽക്കണമെങ്കിൽ വിമർശനങ്ങൾ മറക്കാനും ക്ഷമിക്കാനും കഴിയണമെന്നും, അല്ലാത്തപക്ഷം മനുഷ്യർ മാനസികരോഗികളായി മാറുമെന്നും തുറന്നുപറഞ്ഞ് നടൻ വിജയ് സേതുപതി. തുടക്കകാലത്ത് തനിക്കെതിരെ ഉയർന്ന കടുത്ത പരിഹാസങ്ങളെയും കുറ്റപ്പെടുത്തലുകളെയും അതിജീവിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇവനെയൊക്കെക്കൊണ്ട് എന്തിന് കൊള്ളാം’,’ആദ്യ സിനിമകൾ ഭാഗ്യം കൊണ്ട് മാത്രം വിജയിച്ചതാണ്’ എന്നിങ്ങനെ ഏറ്റവും അടുത്ത ആളുകളിൽ നിന്ന് പോലും കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവയൊക്കെ മനസ്സിൽ വെച്ചുകൊണ്ടിരിക്കാതെ അവഗണിക്കുകയാണ് വേണ്ടതെന്നും, നമ്മുടെ അതിജീവനശേഷി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിത്തരാൻ ഇത്തരം വിമർശനങ്ങൾ സഹായിക്കുമെന്നും താരം വ്യക്തമാക്കുന്നു.
വിമർശനം ഉന്നയിക്കുന്നവരുടെ മുന്നിൽ പോയി വിശദീകരണം നൽകാൻ നിൽക്കരുത്. നമ്മൾ ചെയ്യുന്ന ജോലിയിലൂടെ വേണം അവർക്ക് മറുപടി നൽകാൻ. കുറ്റപ്പെടുത്തലുകൾ ഒരു മനുഷ്യന് കരുത്താണ് പകരുന്നത്. മറ്റാരും വെട്ടിത്തെളിച്ച വഴിയിലൂടെ എളുപ്പത്തിൽ നടന്നു കയറിയ ആളല്ല താനെന്നും ജൂനിയർ ആർട്ടിസ്റ്റായി വന്ന് നിരന്തരമായ പരിശ്രമങ്ങളിലൂടെയാണ് ‘മക്കൾ സെൽവൻ’ എന്ന പദവിയിലേക്ക് ജനങ്ങൾ തന്നെ ഉയർത്തിയതെന്നും വിജയ് സേതുപതി ഓർമ്മിപ്പിച്ചു.
സിനിമയിലേക്ക് വരുമ്പോൾ അഞ്ച് വർഷത്തെ സമയം മാത്രമാണ് തന്റെ മുന്നിലുണ്ടായിരുന്നത്. ഭാര്യ ഗർഭിണിയായി പ്രസവിക്കുന്നതിനിടയിൽ സിനിമ എന്താണെന്ന് മനസ്സിലാക്കുക മാത്രമായിരുന്നു ലക്ഷ്യം. സിനിമയെക്കുറിച്ച് വലിയ ധാരണകളോ പ്രതീക്ഷകളോ ഒന്നുമില്ലായിരുന്നു. ഈ മേഖലയിൽ രക്ഷപെട്ടില്ലെങ്കിൽ തിരികെപ്പോയി താൻ പഠിച്ച ജോലി ചെയ്യാം എന്ന ചിന്തയിലാണ് വന്നത്. ആദ്യ അഞ്ച് വർഷം വലിയ അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും സിനിമ എന്താണെന്നും ഇവിടെ എങ്ങനെ നിലനിൽക്കണമെന്നും പഠിക്കാൻ ആ കാലയളവ് സഹായിച്ചുവെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.