“മക്കളെ വിറ്റ് പ്രശസ്തി നേടേണ്ട, അവർ സ്വന്തമായി അധ്വാനിച്ച് പ്രശസ്തി നേടിയെടുക്കട്ടെ”; അജു വർഗീസ്

','

' ); } ?>

സിനിമ വിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ടെങ്കിലും, തന്റെ മക്കളുടെ ചിത്രങ്ങൾ അതിനായി ഉപയോഗിക്കില്ലെന്ന് നടൻ അജു വർഗീസ്. സോഷ്യൽ മീഡിയ തനിക്ക് സിനിമകൾ മാർക്കറ്റ് ചെയ്യാനുള്ള ഒരു വിൽപന കേന്ദ്രം മാത്രമാണെന്നും, മക്കളെ വിറ്റ് തനിക്ക് പ്രശസ്തി നേടേണ്ടതില്ലെന്നും അജു വ്യക്തമാക്കി. മക്കളെ സോഷ്യൽ മീഡിയയിൽ അധികം കാണിക്കാത്തതിനെക്കുറിച്ച് അവതാരക ഫറ ഷിബ്ലയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ കാരണം മക്കളോ, മക്കൾ കാരണം ഞാനോ പ്രശസ്തരാകേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് അജു വർഗീസ് പറഞ്ഞു. അവർ സ്വന്തമായി അധ്വാനിച്ച് പ്രശസ്തി നേടിയെടുക്കട്ടെ. മക്കളെ വിറ്റ് കാശുണ്ടാക്കി എന്നൊരു തോന്നൽ ഭാവിയിൽ അവർക്ക് ഉണ്ടാകരുതെന്ന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് അവരോടൊപ്പമുള്ള രസകരമായ വിഡിയോകൾ പങ്കുവെക്കുമ്പോൾ പോലും കുട്ടികളുടെ മുഖം വ്യക്തമാകാതിരിക്കാൻ ശ്രദ്ധിക്കുന്നത്. മക്കളോട് കളിക്കുകയും ചിരിക്കുകയും ചെയ്യാറുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ അവർക്കൊപ്പം ഒരു പരിധി വിട്ടുള്ള കാര്യങ്ങളൊന്നും പങ്കുവെക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു.

കൂടാതെ താൻ മാനസികമായി തളർന്ന ഒരേയൊരു സാഹചര്യം മാത്രമേ മക്കൾ കണ്ടിട്ടുള്ളൂവെന്നും അത് നടി കെ.പി.എ.സി ലളിതയുടെ മരണസമയത്തായിരുന്നുവെന്നും അജു അഭിമുഖത്തിൽ ഓർത്തെടുത്തു. 2014-ൽ വിവാഹിതരായ അജു വർഗീസിനും ഭാര്യ അഗസ്റ്റീനയ്ക്കും രണ്ട് തവണയായി ഉണ്ടായ ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് മക്കളാണുള്ളത്.