പകര്‍പ്പാവകാശമില്ലാത്ത സിനിമകള്‍: ആറ് കമ്പനികള്‍ക്ക് നോട്ടീസ്

പകര്‍പ്പാവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കാനും, സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി വെയ്ക്കാനും കോഴിക്കോട്‌ ജില്ലാ പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. എറണാകുളത്തെ മൂവി വേള്‍ഡ്, സെയ്‌ന വീഡിയോ വിഷന്‍, മ്യൂസിക് സോണ്‍. ഹൊറൈസണ്‍ ഓഡിയോ ആന്റ് വീഡിയോ,കൊല്ലത്തെ ശ്രീ മൂവീസ്, മൂംബൈയിലെ ബിസ്‌കൂട്ട്‌ റീജനല്‍ എക്‌സ്പ്രസ്സ് സോണ്‍ എന്നീ കമ്പനികള്‍ക്ക്‌നോട്ടീസ് അയയ്ക്കാനാണ് ജില്ലയിലെ ഏക കൊമേഴ്‌സ്യല്‍ കോടതിയുടെ ചുമതലയുള്ള ജില്ലാ പ്രിന്‍സിപ്പല്‍ സബ്‌കോടതി ജഡ്ജി എസ്.രശ്മി ഉത്തരവിട്ടത്. കോഴിക്കോട്ടെ മില്ലേനിയം ഓഡിയോസ് ഉടമ സജിത് പച്ചാട്ടിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.

സജിക്ക് പകര്‍പ്പവകാശമുള്ള ദാദാസാഹിബ്, ഗ്രാമഫോണ്‍, ഇങ്ങനെ ഒരു നിലാപക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസ രാജാവ് എന്നീ സിനമകള്‍ തന്റെ അനുമതിയില്ലാതെ യൂട്യൂബ്, ഇന്റര്‍നെറ്റ് എന്നിവവഴി സംപ്രേക്ഷണം ചെയ്‌തെന്നാണ് അഡ്വ: ഷരണ്‍ഷഹീര്‍ മുഖേന നല്‍കിയ പരാതി. ഈ അഞ്ച് സിനിമകളുടേയും ഇന്റര്‍നെറ്റ് പകര്‍പ്പവകാശം 2010 മുതല്‍ തന്റെ കൈവശമാണെന്നാണ് സജി പച്ചാട്ടിന്റെ വാദം. ഈ സിനിമയുടെ നിര്‍മ്മാതാക്കളായ സര്‍ഗം കബീറില്‍ നിന്നാണ് സജി പച്ചാട്ട് ഇവയുടെ 99 വര്‍ഷത്തെ ഇന്റര്‍നെറ്റ് അവകാശം 2010ല്‍ വാങ്ങിയത്. ഈ കാര്യം ചൂണ്ടിക്കാട്ടി ജില്ലാകോടതി മുന്‍പാകെ നല്‍കിയ ഹരജി ജില്ലാ ജഡ്ജി പി.രാഗിണിയാണ് കൊമേഴ്‌സ്യല്‍ കോടതിയായ ജില്ലാ പ്രിന്‍സിപ്പല്‍ സബ് കോടതിയിലേക്ക് മാറ്റിയത്. ജില്ലാ കൊമഴ്‌സ്യല്‍ കോടതിയില്‍ വരുന്ന ആദ്യത്തെ പകര്‍പ്പാവകാശ ലംഘന കേസാണിത്.