യുക്തിയും വിശ്വാസവും തമ്മിലുളള യുദ്ധം തുടര്‍ന്ന് കൊണ്ടേ ഇരിക്കും….കോള്‍ഡ് കേസ് ടീസര്‍

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കോള്‍ഡ് കേസിന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.ത്രില്ലര്‍-ഹൊറര്‍ വിഭാഗത്തില്‍ പെട്ട സിനിമയാണ് കോള്‍ഡ് എന്നാണ് ടീസര്‍  പറഞ്ഞുവെകുന്നത്.

ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ജൂണ്‍ 30ന് ചിത്രം റിലീസ് ചെയ്യും. ജൂണ്‍ ചിത്രത്തിന്റെ ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ആണ് നിര്‍മ്മിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. ‘ഡ്രൈവിങ് ലൈസന്‍സിന്’ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അതേസമയം പൃഥ്വിരാജ് ചിത്രമായ ഭ്രമവും ഒടിടിയില്‍ റിലീസ് ചെയ്യാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഇതുവരെ വന്നിട്ടില്ല. ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.