കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു ….

കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. കൊവിഡ് ബാധയെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രി 12.15 നാണ്് മരണപ്പെട്ടത്. സംസ്‌കാരം ഇന്നു പൂവച്ചല്‍ ജുമാ മസ്ജിദില്‍.ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ചലച്ചിത്രഗാനങ്ങളിലൂടെയും ലളിതഗാനങ്ങളുടെയും ശ്രദ്ധേയനായ പൂവച്ചല്‍ ഖാദര്‍ 1200 ലേറെ സിനിമാഗാനങ്ങളെഴുതിയിട്ടുണ്ട്. ചിത്തിര തോണിയില്‍, നാഥാ നീവരും കാലൊച്ച(ചാമരം), ശരറാന്തല്‍ തിരിതാണു(കായലും കയറും), ആദ്യസമാഗമ ലജ്ജയില്‍( ഉത്സവം) അനുരാഗിണി (ഒരു കുടക്കീഴില്‍), ഏതൊ ജന്മകല്‍പ്പനയില്‍(പാളങ്ങള്‍), നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ( കാറ്റുവിതച്ചവന്‍) മൗനമേ നിറയും.തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങളും പൂവച്ചലിന്റെ തൂലികയില്‍ നിന്നും പിറന്നതാണ്.

1972ല്‍ കവിത എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതിയാണ് ചലച്ചിത്ര ഗാനരചനയിലേക്ക് കാലെടുത്തുവെച്ചത്. 1973 ല്‍ പുറത്തിറങ്ങിയ കാറ്റ് വിതച്ചവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ പൂവച്ചല്‍ ഖാദര്‍ ശ്രദ്ധേയനായി. പ്രശസ്ത സംവിധായകരായ കെ ജി ജോര്‍ജ്, പി എന്‍ മേനോന്‍, ഐ വി ശശി, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവര്‍ക്കൊപ്പവും പുവച്ചര്‍ ഖാദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരനായി എഞ്ചിനീയറായി കോഴിക്കോട് എത്തിയതിന് പിന്നാലെയാണ് പൂവച്ചല്‍ ഖാദര്‍ മലയാളി ഇന്നുകാണുന്ന നിലയിലേക്കുള്ള വളര്‍ച്ച ആരംഭിക്കുന്നത്. സ്‌കൂള്‍ പഠന കാലത്ത് കയ്യെഴുത്ത് മാസികയില്‍ കവിതയെഴുതിയായിരുന്നു തുടക്കം.

പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു. ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടേയും ലളിതഗാനങ്ങളുടേയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു.ശരറാന്തല്‍ തിരിതാണു, ചിത്തിര തോണിയില്‍, നാഥാ നീവരും കാലൊച്ച,ഏതോ ജന്മകല്‍പ്പനയില്‍, അനുരാഗിണി തുടങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന നിരവധി മനോഹര ഗാനങ്ങളുടെ രചയിതാവിന്റെ നിര്യാണം മലയാള സിനിമാ ഗാന രംഗത്തിനും കവിതയ്ക്കും തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
.