“വണ്ണം കൂടിയപ്പോള്‍ തടിച്ചി, കുറഞ്ഞപ്പോള്‍ എല്ലും തോലും; ബോഡി ഷെയ്മിങ് കടുത്ത മാനസിക പ്രയാസം സൃഷ്ടിച്ചു”; രാധിക മദൻ

','

' ); } ?>

സിനിമയില്‍ നായികമാരുടെ ശരീരപ്രകൃതിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ബോഡി ഷെയ്മിങ്ങും കരിയറില്‍ തനിക്ക് കടുത്ത മാനസിക പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി രാധിക മദന്‍. ടെലിവിഷന്‍ രംഗത്തുനിന്നും സിനിമയിലെത്തിയ താരം, കരിയറിന്റെ തുടക്കത്തില്‍ കഥാപാത്രത്തിനായി ഭാരം കൂട്ടിയതും പിന്നീട് അതെല്ലാം കുറച്ചതും കാരണം നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

ആദ്യ ചിത്രമായ ‘പടാക്ക’യിലെ കഥാപാത്രത്തിനായി 15 കിലോഗ്രാമോളമാണ് താരം ഭാരം വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ കടുത്ത ബോഡി ഷെയ്മിങ്ങാണ് നേരിടേണ്ടി വന്നതെന്നും, വണ്ണം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി തന്നെ നായികാ വേഷങ്ങളിലേക്ക് പരിഗണിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടിരുന്നുവെന്നും രാധിക വ്യക്തമാക്കി. ഈ വിമര്‍ശനങ്ങളില്‍ മനംനൊന്ത് പിന്നീട് ‘ശിദ്ധത്ത്’, ‘അഗ്രേസി മീഡിയം’ എന്നീ ചിത്രങ്ങള്‍ക്കായി അതിവേഗം വണ്ണം കുറച്ചപ്പോള്‍ ശരീരം മെലിഞ്ഞ് എല്ലും തോലുമായി മാറി. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചതിനെ തുടര്‍ന്നാണ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേളയെടുക്കാന്‍ താരം നിര്‍ബന്ധിതയായത്.

വണ്ണം കൂടിയപ്പോള്‍ തടികൂടിയെന്നും കുറഞ്ഞപ്പോള്‍ വല്ലാതെ മെലിഞ്ഞെന്നുമുള്ള ഇരട്ടത്താപ്പ് വിമര്‍ശനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് രാധിക കൂട്ടിച്ചേര്‍ത്തു. ഒരിക്കലും സന്തോഷിക്കാത്ത ഒരു സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് നിരര്‍ത്ഥകമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തന്നെ ബാധിക്കാതായത്. വിമര്‍ശിക്കുന്നവരുടെ അപകര്‍ഷതാബോധത്തിന്റെ ഉറവിടം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ മറ്റുള്ളവരുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പകരം സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയെന്നും നടി വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ എപ്പോഴും ‘പെര്‍ഫെക്ട് സൈസ്’ ആയിരിക്കണമെന്നത് സമൂഹത്തിന്റെ കല്‍പ്പിത ബാധ്യതയാണ്. മാസികകളുടെ കവറുകളിലും മാധ്യമങ്ങളിലും കാണുന്ന രൂപങ്ങളിലൂടെ കുട്ടിക്കാലം മുതലേ പെര്‍ഫെക്ട് സ്ത്രീ എന്നൊരു മിഥ്യാധാരണയാണ് സമൂഹത്തില്‍ കുത്തിവെക്കുന്നത്. ഈ അളവുകോലുകളില്‍ ഒതുങ്ങിയില്ലെങ്കില്‍ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തിരുത്തപ്പെടേണ്ടതാണെന്നും രാധിക ഓര്‍മ്മിപ്പിച്ചു.

രാധിക മദന്റെ വാക്കുകൾ;

”പഠാക്കയ്ക്ക് വേണ്ടി ഞാന്‍ 15 കിലോ കൂട്ടി. ശിദ്ധഥും അംഗ്രേസി മീഡിയവും ചെയ്യുന്നതിനിടെ ഞാന്‍ വണ്ണം കുറയ്ക്കുകയായിരുന്നു. വണ്ണം കൂടുതലാണ്, ഇവളെ എങ്ങനെ നായികയാക്കുമെന്നാണ് എന്നോട് ചോദിച്ചിരുന്നത്. അതിനാല്‍ ഞാന്‍ വണ്ണം കുറച്ചു കൊണ്ടേയിരുന്നു. ഷൂട്ടിങും തിരക്കും കൂടെ ആയപ്പോള്‍ ഞാന്‍ എല്ല് മാത്രമായി. അതെന്റെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങി. അതിനാല്‍ ഞാനൊരു ഇടവേളയെടുത്തു.

നേരത്തെ വണ്ണം കൂടുതാണെങ്കില്‍ ഇപ്പോള്‍ ഞാന്‍ വല്ലാതെ മെലിഞ്ഞെന്നായി. അവിടേയുമില്ല ഇവിടേയുമില്ല. ഒരിക്കലും സന്തോഷിക്കാത്തവരെ സന്തോഷിപ്പിക്കാന്‍ എന്തിനാണ് ഞാന്‍ ശ്രമിക്കുന്നത് എന്ന് ഞാന്‍ സ്വയം ചോദിച്ചു. അതിനാല്‍ ഏതെങ്കിലും ബോഡി സൈസിലേക്ക് എത്താന്‍ ശ്രമിക്കുന്നതിന് പകരം ആരോഗ്യത്തോടെയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. അതോടെ മറ്റുള്ളവരുടെ അഭിപ്രായം എന്നെ ബാധിക്കാതായി. അവരുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ അപകര്‍ഷത ബോധത്തിന്റെ ഉറവിടം എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. ഇപ്പോള്‍ ഞാന്‍ ആരോഗ്യത്തോടെയിരിക്കാനാണ് ശ്രമിക്കുന്നത്.

പെണ്‍കുട്ടികള്‍ പെര്‍ഫെക്ട് സൈസിലായിരിക്കണമെന്നതൊരു ബാധ്യതയായിരുന്നു. അതില്‍ ഫിറ്റാകുന്നില്ലെങ്കില്‍ നിങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്നാകും. കുട്ടിക്കാലം മുതലുള്ള കണ്ടീഷനിങ് ആണ്. മാസികകളുടെ കവറില് കാണുന്ന സ്ത്രീകളിലൂടെയടക്കം അത് മനസില്‍ പതിയും. പെര്‍ഫെക്ട് വുമണ്‍ എന്നൊരു ചിന്ത നമ്മളില്‍ കുത്തിവെക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *