
എസ്.ജെ. സൂര്യയുടെ അഭിനയപാടവത്തെയും അർപ്പണബോധത്തെയും വാനോളം പുകഴ്ത്തി സൂപ്പർസ്റ്റാർ രജനികാന്ത്. ‘ജയിലർ 2’ സൂപ്പർ ഷോയിൽ സംസാരിക്കവെയാണ് രജനികാന്ത് സൂര്യയുടെ പ്രകടനത്തെയും സെറ്റിലെ കഠിനാധ്വാനത്തെയും കുറിച്ച് വാചാലനായത്. ചിത്രത്തിൽ ‘ബോധി കൽപക്’ എന്ന കഥാപാത്രമായാണ് എസ്.ജെ. സൂര്യ എത്തുന്നത്.
സംവിധായകൻ ‘ഓക്കെ’ പറഞ്ഞാലും തൃപ്തനാകാതെ മികച്ച ഔട്ട്പുട്ടിനായി വീണ്ടും ടേക്കുകൾ പോകുന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്ന് രജനികാന്ത് പറഞ്ഞു. തനിക്ക് 75 വയസ്സായെന്ന പരിഗണന പോലും നൽകാതെ റിഹേഴ്സലുകളിലും ഷൂട്ടിംഗിലും ഒരേ ഊർജത്തോടെയാണ് എസ്.ജെ. സൂര്യ ഒപ്പമുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് എസ്.ജെ. സൂര്യ എത്തുന്നത്.
രജനികാന്തിന്റെ വാക്കുകൾ;
“എന്തൊരു അഭിനയമാണ് എസ് ജെ സൂര്യയുടേത്. മറ്റു സിനിമകളിൽ ഞാൻ അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ടുണ്ട്. പക്ഷേ ഒന്നിച്ചഭിനയിച്ചപ്പോഴാണ് ഞാൻ അതിശയിച്ച് പോയത്. എന്തൊരു അർപ്പണ മനോഭാവമാണ്. ഓരോ കാര്യങ്ങളും അത്രയും പെർഫെക്ഷനായാണ് അദ്ദേഹം ചെയ്യുന്നത്. സാധാരണ സംവിധായകർ അഭിനേതാക്കളോട് പെർഫോമൻസ് കൊള്ളാം ഓക്കെയാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ കസേരയിൽ പോയി ഇരിക്കും.
എന്നാൽ എസ് ജെ സൂര്യയോട് ഓക്കെ പറഞ്ഞാലും അദ്ദേഹം സംവിധായകനെ വെറുതെ വിടില്ല. ‘സാർ, വൺ മോർ സാർ…വൺ മോർ സാർ’ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും. അപ്പോൾ സംവിധായകൻ ‘ആ ഓക്കെ ചെയ്തോളൂ’ എന്ന് പറയും. അങ്ങനെ 8 ടേക്ക്, 10 ടേക്ക്, 12 ടേക്ക് ഒക്കെ പോകും.
അപ്പോഴും പറയും, ‘സാർ അവിടെ ഒരു കാര്യം മിസ്’ ആയെന്ന്. അടുത്ത് ഞാൻ നിൽക്കുന്നു, രമ്യ കൃഷ്ണൻ നിൽക്കുന്നു… എന്നാൽ എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ റിഹേഴ്സൽ ചെയ്യുമ്പോൾ. അതൊന്നും സൂര്യ പറയില്ല. എക്സലന്റ് പെർഫോമൻസ് ആണ് അദ്ദേഹത്തിന്റേത്”.- രജനികാന്ത് പറഞ്ഞു.