“തന്മാത്ര’യുടെ ക്ലൈമാക്സ് രംഗം എഴുതിത്തീർത്തത് കരഞ്ഞുകൊണ്ട്”; ബ്ലെസി

','

' ); } ?>

മോഹൻലാൽ-ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം ‘തന്മാത്ര’യുടെ ക്ലൈമാക്സ് രംഗം എഴുതിത്തീർത്തത് കരഞ്ഞുകൊണ്ടാണെന്ന് സംവിധായകൻ ബ്ലെസി. രാജഗിരി ആശുപത്രിയിൽ അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ രമേശന്റെ അവസ്ഥ സമൂഹത്തിന് ഇന്നും ഒരു നൊമ്പരമാണെന്ന് അദ്ദേഹം ഓർമിച്ചു.

തനിക്ക് ഐ.എ.എസ്. കിട്ടിയെന്ന് മകൻ സന്തോഷത്തോടെ അറിയിക്കുമ്പോൾ, സ്നേഹത്തോടെയും അത്ഭുതത്തോടെയും ‘ആരാ?’ എന്ന് മോഹൻലാലിന്റെ കഥാപാത്രം തിരിച്ചു ചോദിക്കുന്ന രംഗം ചിത്രീകരിക്കുമ്പോഴും എഴുതുമ്പോഴും അനുഭവിച്ച മാനസിക സംഘർഷങ്ങൾ ബ്ലെസി പങ്കുവെച്ചു. മനുഷ്യന്റെ ഓർമക്ഷയത്തെയും ഡിമെൻഷ്യയെയും അതീവ ആഴത്തിൽ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു തന്മാത്ര.

അതേസമയം, പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാനാകാതെ പൂർണമായും കിടപ്പിലാകുന്ന അവസ്ഥയിലേക്ക് രോഗികൾ എത്തുന്നതു തടയുക എന്നതാണ് രാജഗിരി ആശുപത്രിയിൽ ആരംഭിച്ച പുതിയ അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്കിന്റെ ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി വ്യക്തമാക്കി. സി.എസ്.എഫ്. ബയോമാർക്കർ പരിശോധന, അൽഷിമേഴ്സ് സ്ഥിരീകരിക്കുന്ന അഡ്വാൻസ്ഡ് പെറ്റ് സ്‌കാനിങ്, നൂതന ‘മോണോക്ലോണൽ ആന്റിബോഡി’ ചികിത്സ എന്നിവ ഇവിടെ ലഭ്യമാകും.

ഡിമെൻഷ്യക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുകയും എന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുകയും ചെയ്യുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ തുടക്കത്തിൽ തന്നെ കണ്ടെത്താൻ ഈ ക്ലിനിക് സഹായകരമാകുമെന്ന് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പ്രദീപ് കൊറ്റം പറഞ്ഞു. ന്യൂറോളജി, റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, റിഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളുടെ സംയോജിത സഹകരണത്തോടെയാണ് പുതിയ ക്ലിനിക്കിന്റെ പ്രവർത്തനം. ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *