
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ കടുത്ത കൈമുട്ട് വേദനയായ ‘ടെന്നിസ് എൽബോ’ (Tennis Elbow) ബാധിച്ച് ചികിത്സയിൽ. താരം തന്നെയാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഡൽഹിയിൽ നടന്ന പുതിയ ചിത്രമായ ‘ദയ്റ’യുടെ പ്രസ് മീറ്റിൽ ഇടതുകയ്യിൽ റിസ്റ്റ് ബ്രേസ് അണിഞ്ഞെത്തിയ താരത്തോട് മാധ്യമപ്രവർത്തകർ ആരോഗ്യവിവരങ്ങൾ തിരക്കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കൈക്ക് കുറച്ചുകാലമായി ഈ ബുദ്ധിമുട്ടുണ്ടെന്നും ഡോക്ടറുടെ കർശന നിർദ്ദേശപ്രകാരമാണ് ബ്രേസ് ധരിക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഉറങ്ങുമ്പോൾ പോലും ഇത് മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദ്ദേശം.
കൈമുട്ടിലെ പേശികൾക്ക് അമിത സമ്മർദ്ദം വരുമ്പോൾ ഉണ്ടാകുന്ന ‘ലാറ്ററൽ എപികോണ്ടിലൈറ്റിസ്’ എന്ന അവസ്ഥയാണിത്. പേരിന് ടെന്നീസുമായി ബന്ധമുണ്ടെങ്കിലും, കൈകൾ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ചലനങ്ങൾ ആവർത്തിക്കുന്ന തൊഴിലുകളിലോ ശീലങ്ങളിലോ ഏർപ്പെടുന്നവർക്കും ഈ പ്രശ്നം സാധാരണയായി കണ്ടുവരാറുണ്ട്. കൈത്തണ്ടകളെ കൈമുട്ടുമായി ബന്ധിപ്പിക്കുന്ന ടെൻഡണുകൾക്ക് ഏൽക്കുന്ന ക്ഷതവും നീർക്കെട്ടുമാണ് കഠിനമായ ഈ വേദനയ്ക്ക് കാരണം.