ബിനീഷ് ബാസ്റ്റിന്‍ – അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രശ്‌നത്തില്‍ സമവായമായി…ജാതീയ വിവേചനമെന്നത് ദുര്‍വായന

','

' ); } ?>

ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പ്രശ്‌നത്തില്‍ കൊച്ചിയില്‍ സമവായ ചര്‍ച്ച നടന്നു. ഫെഫ്കയുടെ നേതൃത്വിലാണ് ചര്‍ച്ചകള്‍ നടന്നത്. ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണ മേനോനും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടതായി അറിയിച്ചത്. അനില്‍ രാധാകൃഷ്ണ മേനോനും, ബിനീഷ് ബാസ്റ്റിനും പരസ്പരം കൈ കൊടുത്ത് ആലിംഗനം ചെയ്തു. അതേ സമയം പ്രശ്‌നം അവസാനിച്ചെന്ന് പറഞ്ഞ ബിനീഷ് അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമയില്‍ താന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. പ്രശ്‌നം അവസാനിച്ചെന്ന് പറഞ്ഞ അനില്‍, ബിനീഷ് അഭിനയിക്കില്ലെന്ന് പറഞ്ഞതിനാല്‍ വേറെ താരത്തെ നോക്കുമെന്നും അറിയിച്ചു. സിബി മലയിലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ബി ഉണ്ണികൃഷ്ണന്റെ വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം.
അനില്‍ രാധാകൃഷ്ണ മേനോനോട് ഫെഫ്ക വിശദീകരണം ചോദിച്ചിരുന്നു. ഡയരക്ടേഴ്‌സ് യൂണിയന്‍ അംഗം കൂടെയായ അനില്‍ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യം തന്നെയാണ് ഫെഫ്കക്ക് വിശദീകരണമായി നല്‍കിയിട്ടുള്ളത്. ഈ വിഷയത്തില്‍ ജാതീയമായ ദുര്‍വായന അല്ലെങ്കില്‍ അതിവായനയുണ്ടായി. അനിലും ബിനീഷും ഈ കാര്യത്തില്‍ നേരിട്ട് ആശയവിനിമയം ഉണ്ടായിട്ടില്ല. അനിലിന്റെ പെരുമാറ്റത്തില്‍ ജാതീയമായ വിഷയമുള്ളതായി ബിനീഷിനോ, കോളേജ് യൂണിയന്‍ പ്രതിനിധികള്‍ക്കോ തോന്നിയിട്ടില്ല. മതനിരപേക്ഷമായി നില്‍ക്കുന്ന ഇടമാണ് സിനിമ. ജാതീയമായ പരാമര്‍ശമല്ലാതെ തന്റെ സിനിമയില്‍ അഭിനയിച്ച ഒരാള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞതായുള്ള ആരോപണവും ഫെഫ്ക പരിശോധിച്ചു. ഈ കാര്യത്തില്‍ അനിലിന്റെ ഭാഗത്ത് നിന്നും ചെറിയ ജാഗ്രത കുറവുണ്ടായിട്ടുണ്ടെന്ന് യൂണിയന് ബോധ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ആ കാര്യത്തില്‍ അദ്ദേഹം നേരത്തെ തന്നെ ബിനീഷിനോട് തുറന്ന ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇരുവരും സൗഹാര്‍ദ്ദപരമായി വിഷയം സംസാരിച്ച് അവസാനിപ്പിച്ചു. ബിനീഷ് ബാസ്റ്റിന്‍ അനില്‍ രാധാകൃഷ്ണമേനോനും മുന്‍പത്തേക്കാള്‍ സൗഹാര്‍ദ്ദപരമായി മുന്നോട്ട് പോകും. സിനിമയില്‍ അഭിനയിക്കണോ, അഭിനയിപ്പിക്കണോ എന്നതൊക്കെ മറ്റ് വിഷയങ്ങളാണെന്നും ഈ പ്രശ്‌നം ഇവിടെ അവസാനിച്ചെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടി ചേര്‍ത്തു.

ഇവിടെ വര്‍ഗ്ഗ വിഷയവുമായി ബന്ധപ്പെട്ട് കാര്യം ജാതീയമായ വിഷയത്തിലേക്ക് മാറ്റിയ സംഭവമാണുണ്ടായതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേ സമയം ആശങ്ക ഭാവിയെ കുറിച്ചാണ്. മാറി വരുന്ന കാലത്തെ കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കാന്‍ ഫെഫ്കക്ക് തിരിച്ചറിവ് നല്‍കുന്ന സംഭവമാണ് നടന്നത്. തൊഴില്‍ ഉടമ, ജാതി, ലിംഗ ഭേദ സമവാക്യങ്ങള്‍ മാറുന്നുണ്ട്. ഇതെല്ലാം തൊഴിലിടത്തിലെ വ്യക്തികള്‍ തമ്മിലുള്ള വിഷയത്തിനപ്പുറം പോകുന്ന കാര്യങ്ങളാണ്. ചലച്ചിത്ര മേഖലയും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകുന്നുണ്ട്. വിമര്‍ശനത്തെ പ്രതിരോധിക്കുകയല്ല, ആത്മ വിമര്‍ശനത്തിനുള്ള അവസരമായാണ് ഫെഫ്ക കാണുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.