അസുരന്‍ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം.. പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബില്‍..!

ധനുഷ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങിയ തമിഴ് ചിത്രം അസുരന്‍ നൂറ് കോടി ക്ലബിലേക്ക്. ഇതോടെ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തികവിജയം നേടിയ ചിത്രമായ് മാറിയിരിക്കുകയാണ് ‘അസുരന്‍’. ‘വട ചെന്നൈ’ക്ക് ശേഷം വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ ചിത്രം ആകെ വരുമാനത്തില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ്. തിയറ്റര്‍ കളക്ഷന് പുറമെ വിദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് അസുരന്‍ 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്.

ഒക്ടോബര്‍ നാലിന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ പത്ത് ദിവസം (13 വരെ) നേടിയ തിയറ്റര്‍ കളക്ഷന്‍ 50 കോടി വരും. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും രണ്ടാംവാരത്തിലും പ്രേക്ഷകപ്രീതി തുടരുമ്പോള്‍ ചെന്നൈ ബോക്സ്ഓഫീസില്‍ ചിത്രം ഒന്നാം സ്ഥാനത്താണ്. മറ്റ് തമിഴ്, ഹിന്ദി ചിത്രങ്ങളെ പിന്നിലാക്കി ഹോളിവുഡ് ചിത്രം ‘ജോക്കര്‍’ ആണ് അവിടെ രണ്ടാം സ്ഥാനത്ത്. മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധ നേടിയിരുന്നു ചിത്രം. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് ചിത്രം. അഭിരാമി, കെന്‍ കരുണാസ്, ടീജേ അരുണാചലം, പ്രകാശ് രാജ്, പശുപതി, നരേന്‍, ബാലാജി ശക്തിവേല്‍, സുബ്രഹ്മണ്യ ശിവ, പവന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചത്.