
മലയാളത്തിൽ തിയേറ്ററുകൾ കീഴടക്കിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അയൽസംസ്ഥാനങ്ങളിലും ബോക്സ് ഓഫീസ് തരംഗമാകുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് അന്യഭാഷാ പ്രേക്ഷകർക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ, ചിത്രം കണ്ട് ഏറെ ഇഷ്ടപ്പെട്ട കമൽഹാസൻ അണിയറപ്രവർത്തകരെ നേരിട്ട് വിളിച്ച് വരുത്തി അഭിനന്ദനം അറിയിച്ചു.
ചിത്രത്തിന്റെ സംവിധായകൻ, നിർമ്മാതാക്കൾ, അഭിനേതാക്കൾ എന്നിവരുമായി ഏറെ നേരം സംസാരിച്ച അദ്ദേഹം, സിനിമയുടെ പ്രമേയത്തെയും അവതരണത്തെയും വാനോളം പുകഴ്ത്തി. മികച്ചൊരു കുടുംബചിത്രം തമിഴിലും തെലുങ്കിലും എത്തിക്കാൻ കാണിച്ച ശ്രമത്തെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിലൊരുങ്ങിയ ഈ ചിത്രം വിതരണക്കാരായ ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ് തമിഴ്‌നാട്ടിലും തെലങ്കാനയിലും തിയേറ്ററുകളിലെത്തിച്ചത്. തെലുങ്കിൽ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സുമായി സഹകരിച്ചാണ് റിലീസ്. ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസിന്റെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കമൽഹാസനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്.
വൻ സ്വീകാര്യതയെ തുടർന്ന് വരും ദിവസങ്ങളിൽ കേരളത്തിന് പുറത്ത് കൂടുതൽ തിയേറ്ററുകളിലേക്ക് ചിത്രം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. അയൽസംസ്ഥാനങ്ങളിൽ ലഭിക്കുന്ന ഈ വൻ വിജയം മലയാള സിനിമയുടെ വിപണി സാധ്യതകൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.