ഡബ്ബിങ് ആർട്ടിസ്റ്റുകളെ അവഗണിക്കുന്നു: ഉർവശിക്കെതിരെ വിമർശനവുമായി ഭാഗ്യലക്ഷ്മി; വിസ്മയയ്ക്ക് പ്രശംസ

','

' ); } ?>

ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് അർഹമായ അംഗീകാരം നൽകാൻ അഭിനേതാക്കൾ മടിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത ഡബ്ബിങ് കലാകാരിയും നടിയുമായ ഭാഗ്യലക്ഷ്മി. പുതിയ ചിത്രമായ ‘ആശ’യുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ ഡബ്ബിങ് കലാകാരന്മാരെക്കുറിച്ച് സംസാരിക്കാൻ നടി ഉർവശി വിസമ്മതിച്ചതാണ് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചത്. അവതാരക ഉന്നയിച്ച ചോദ്യത്തിൽ നിന്ന് വിഷയം വഴിതിരിച്ചുവിട്ട് ഡബ്ബിങ് ആർട്ടിസ്റ്റുകളെ മനഃപൂർവം അവഗണിക്കുന്ന നിലപാടാണ് ഉർവശി സ്വീകരിച്ചതെന്ന് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ, ആദ്യ ചിത്രത്തിന്റെ പ്രൊമോഷനിടെ തനിക്ക് ശബ്ദം നൽകിയ ആർട്ടിസ്റ്റിന് പരസ്യമായി ക്രെഡിറ്റ് നൽകിയ വിസ്മയ മോഹൻലാലിന്റെ നിലപാടിനെ അവർ പ്രശംസിക്കുകയും ചെയ്തു.

അഭിമുഖങ്ങളിൽ ഡബ്ബിങ് കലാകാരന്മാരുടെ പേര് പരാമർശിക്കാതിരിക്കാൻ മനഃപൂർവം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. തങ്ങൾക്ക് ശബ്ദം നൽകിയത് ആരാണെന്ന് പോലുമറിയാത്ത രീതിയിലാണ് പല താരങ്ങളുടെയും പെരുമാറ്റം. ഇത് മുഴുവൻ ഡബ്ബിങ് കലാകാരന്മാരെയും ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് താൻ പരസ്യമായി പ്രതികരിക്കുന്നത്. മറ്റുള്ളവർ നിശബ്ദത പാലിച്ചാലും ഈ അവഗണനയ്‌ക്കെതിരെ താൻ ഉറക്കെ സംസാരിച്ചുകൊണ്ടേയിരിക്കുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

അതേസമയം, വിസ്മയ മോഹൻലാലിന്റെ നിലപാട് ഏറെ മാതൃകാപരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ‘തുടക്കം’ എന്ന തന്റെ കന്നി ചിത്രത്തിന്റെ പ്രചാരണ വേളയിൽ ആരും ചോദിക്കാതെ തന്നെ, തനിക്ക് ശബ്ദം നൽകിയ ആദിത്യ ലക്ഷ്മിയുടെ പേര് വിസ്മയ വെളിപ്പെടുത്തിയിരുന്നു. ഒരു കഥാപാത്രത്തിന്റെ പകുതി വിജയം ഡബ്ബിങ് ആർട്ടിസ്റ്റിന്റേതാണെന്ന് തുറന്നുപറയാൻ കാണിച്ച മനസ്സ് ബഹുമാനമർഹിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി ഓർമ്മിപ്പിച്ചു. മലയാള സിനിമയിൽ നൂറുകണക്കിന് അഭിനേത്രികൾക്കായി മൂവായിരത്തിലധികം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.