“ചില ആത്മബന്ധങ്ങൾ സംഭവിക്കേണ്ടതാണ്”; മോഹൻലാലിനെക്കുറിച്ച് വികാരഭരിതനായി തരുൺ മൂർത്തി

','

' ); } ?>

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ പാക്ക്അപ്പിന് പിന്നാലെ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംവിധായകൻ തരുൺ മൂർത്തി കുറിച്ച വൈകാരികമായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലാൽ സാറിനൊപ്പമുള്ള സിനിമകൾ വിധി എഴുതിച്ചേർത്തതുപോലെയാണെന്നും ചില ആത്മബന്ധങ്ങൾ സംഭവിക്കേണ്ടത് തന്നെയാണെന്നും തരുൺ കുറിച്ചു.

ചില യാത്രകൾ നമ്മൾ സ്വയം ഉണ്ടാക്കുന്നതാണെന്നും മറ്റു ചിലത് പ്രപഞ്ചം നമുക്കായി ഒരുക്കിവെക്കുന്നതാണെന്നും വ്യക്തമാക്കിയ തരുൺ, വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ആത്മബന്ധമാണ് മോഹൻലാലുമായുള്ളതെന്നും കൂട്ടിച്ചേർത്തു.

ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ ആരാധകന്റെ സംശയത്തിന് തരുൺ നൽകിയ മറുപടിയും തരംഗമായിട്ടുണ്ട്. ക്ലീൻ ഷേവ് ലുക്കിലുള്ള ചിത്രം പാട്ടിലെ കാമിയോ റോളിന്റേതാണോ എന്ന ചോദ്യത്തിന്, ഇത് ചിത്രീകരണത്തിന്റെ അവസാന ദിനത്തിലെ ഫോട്ടോയാണെന്ന് തരുൺ വ്യക്തമാക്കുകയായിരുന്നു. മോഹൻലാൽ താടി വടിച്ചുള്ള ഈ പുതിയ ലുക്ക് നേരത്തെ തന്നെ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രമാണ് ‘അതിമനോഹരം’. മീര ജാസ്മിൻ നായികയായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാറും സംഗീത സംവിധാനം ജേക്സ് ബിജോയിയുമാണ് നിർവഹിക്കുന്നത്.

“ചില യാത്രകൾ നമ്മൾ സ്വയം ഉണ്ടാക്കുന്നതാണ്, മറ്റു ചിലത് പ്രപഞ്ചം നമുക്കായി ഒരുക്കി വയ്ക്കുന്നതും. ലാൽ സാറിനൊപ്പമുള്ള എന്റെ രണ്ട് സിനിമകളും വിധി എഴുതി ചേർത്തതു പോലെ തോന്നുന്നു. പ്രതീക്ഷിക്കാതെ ഉണ്ടായൊരു ബന്ധം. മനോഹരമായ വികാരങ്ങൾ, വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ആ കെമിസ്ട്രി, ചില ആത്മബന്ധങ്ങൾ അങ്ങനെയാണ്…അത് സംഭവിക്കേണ്ടത് തന്നെയായിരിക്കും”.- തരുൺ മൂർത്തി കുറിച്ചു.