
ഇന്ത്യൻ സിനിമയിലെ നായകന്മാർ പണ്ടുമുതലേ അമാനുഷിക ശക്തിയുള്ളവരായതിനാൽ അവിടെ വേറിട്ടൊരു സൂപ്പർഹീറോ ലോകം സൃഷ്ടിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. നിർമിതബുദ്ധി (എ.ഐ.) പഴയ കാര്യങ്ങളെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, സാങ്കേതികവിദ്യയിലൂടെ എല്ലാം എളുപ്പത്തിൽ പകർത്താൻ കഴിയുന്ന ഇക്കാലത്ത് മനുഷ്യന്റെ സ്വന്തം ഭാവനയ്ക്കും ഒറിജിനൽ ചിന്തകൾക്കും ഇനി കൂടുതൽ മൂല്യമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ (IFFI) ‘ഇൻ-കോൺവർസേഷൻ’ വേദിയിൽ സംസാരിക്കുകയായിരുന്നു ബേസിൽ.
‘ദി എപ്പിക് ജോണേഴ്സ്-മിത്തോളജീസ്, സൂപ്പർഹീറോസ് & ന്യൂ വേൾഡ്സ്’ എന്ന വിഷയത്തിൽ ബോളിവുഡ് സംവിധായകൻ അയാൻ മുഖർജിക്കൊപ്പം പങ്കെടുത്ത സംവാദത്തിലാണ് ബേസിൽ തന്റെ സിനിമാ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. പൂജ തൽവാറായിരുന്നു മോഡറേറ്റർ.
ബജറ്റ് പരിമിതികളും പ്രതിസന്ധികളും സർഗാത്മകതയെ ഉണർത്തുമെന്നതിന് ഉദാഹരണമായാണ് ബേസിൽ ‘മിന്നൽമുരളി’യുടെ പിറവിയെക്കുറിച്ച് വിശദീകരിച്ചത്. മുഖം മറയ്ക്കാൻ ലുങ്കി കെട്ടി, സാധാരണ ചെരുപ്പുമിട്ട് ഓടുന്ന സൂപ്പർഹീറോയെ സൃഷ്ടിച്ചത് അത്തരം പരിമിതികളിൽനിന്ന് ഉടലെടുത്ത ആശയമാണ്. സിനിമയെ വെറുതെ ‘കൂൾ’ ആക്കി കാണിക്കാൻ കൃത്രിമത്വം കാണിച്ചാൽ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുമെന്നും, ലാളിത്യവും സത്യസന്ധതയുമാണ് സിനിമയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കുട്ടിക്കാലം മുതൽ കേട്ടുവളർന്ന പുരാണങ്ങളും നാടോടിക്കഥകളുമാണ് പുതിയ സിനിമാ യൂണിവേഴ്സുകൾ സൃഷ്ടിക്കാൻ പ്രചോദനമാകുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ വരവ് ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതാക്കിയതോടെ പ്രാദേശിക സിനിമകൾക്കും ചെറിയ ആശയങ്ങൾക്കും രാജ്യവ്യാപകമായി വലിയ വിപണി തുറന്നുകിട്ടിയതായും ബേസിൽ ചൂണ്ടിക്കാട്ടി.
സാധാരണക്കാർക്ക് അസാധാരണ കഴിവുകൾ ലഭിക്കുന്നു എന്ന ആശയമാണ് തന്നെ സൂപ്പർഹീറോ സിനിമകളിലേക്ക് ആകർഷിച്ചതെന്ന് സംവാദത്തിൽ പങ്കെടുത്ത അയാൻ മുഖർജി പറഞ്ഞു. ‘ബ്രഹ്മാസ്ത്ര’ എഴുതിത്തുടങ്ങിയപ്പോൾ വിദേശസിനിമകളുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും, ഇന്ത്യൻ സംസ്കാരവും മിത്തോളജിയും ചേർത്തപ്പോഴാണ് സിനിമയ്ക്ക് തനതായ സ്വഭാവം ലഭിച്ചത്. പഴയ പുരാണകഥകളെ പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ നൂതന സാങ്കേതികവിദ്യകൾ വലിയ സഹായമാണെന്നും അയാൻ മുഖർജി വ്യക്തമാക്കി.
ബേസിലിന്റെ വാക്കുകൾ
“ഇന്ത്യൻ സിനിമയിൽ ഒരു സൂപ്പർഹീറോ കഥാപാത്രത്തെ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ സിനിമകളിലെ നായകന്മാർ പണ്ടുമുതലേ അമാനുഷിക ശക്തിയുള്ളവരെയും വലിയ വീരശൂരപരാക്രമികളെയും പോലെയാണ് സ്ക്രീനിൽ എത്തുന്നത്. അതിനിടയിൽ വേറിട്ടൊരു സൂപ്പർഹീറോ ലോകം ഉണ്ടാക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
‘മിന്നൽമുരളി’ ചെയ്തപ്പോഴുണ്ടായ അനുഭവങ്ങൾ പറയുകയാണെങ്കിൽ, സിനിമയിലെ ബജറ്റ് പരിമിതികളും പ്രതിസന്ധികളും പലപ്പോഴും പുതിയ ആശയങ്ങളിലേക്കാണ് നമ്മളെ എത്തിക്കുന്നത്. മുഖം മറയ്ക്കാൻ ലുങ്കി കെട്ടി, കാലിൽ സാധാരണ ചെരുപ്പുമിട്ട് ഓടുന്ന സൂപ്പർഹീറോയെ സൃഷ്ടിച്ചത് അത്തരം ചിന്തകളിൽ നിന്നാണ്. പരിമിതികൾ പലപ്പോഴും നമ്മുടെ സർഗാത്മകതയെ കൂടുതൽ ഉണർത്തുകയാണ് ചെയ്യുന്നത്.
സിനിമ എടുക്കുമ്പോൾ എപ്പോഴും നമ്മളോടുതന്നെ സത്യസന്ധത പുലർത്തണം. സിനിമയെ വെറുതെ ‘കൂൾ’ ആക്കി കാണിക്കാൻവേണ്ടി കൃത്രിമമായി ഒന്നും ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടും. ലാളിത്യവും സത്യസന്ധതയുമാണ് സിനിമയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്.
ഇന്ത്യൻ പ്രേക്ഷകർക്ക് പുരാണങ്ങളുമായും നാടോടിക്കഥകളുമായും വലിയ ആത്മബന്ധമുണ്ട്. വിദേശരാജ്യങ്ങളിലെ കഥകളിൽനിന്ന് വ്യത്യസ്തമായി ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും എത്തുന്ന അമാനുഷിക ശക്തികളുടെ ഒരുപാട് കഥകൾ കേട്ടാണ് നമ്മൾ വളർന്നത്. കുട്ടിക്കാലം മുതൽ മനസ്സിൽ പതിഞ്ഞ ഇത്തരം കഥകളും അനുഭവങ്ങളുമാണ് പുതിയ സിനിമാ യൂണിവേഴ്സുകൾ സൃഷ്ടിക്കുമ്പോൾ നമുക്ക് പ്രചോദനമാകുന്നത്.
നിർമിതബുദ്ധി (എ.ഐ.) സിനിമയെയും കലയെയും എങ്ങനെ ബാധിക്കുമെന്ന് ചോദിച്ചാൽ, എ.ഐ. പ്രധാനമായും ചെയ്യുന്നത് നേരത്തെയുള്ള കാര്യങ്ങളെ അനുകരിക്കുകയോ പുനർനിർമിക്കുകയോ മാത്രമാണ്. അതിന് പൂർണമായും പുതിയൊരാശയം സൃഷ്ടിക്കാൻ കഴിയില്ല. സാങ്കേതികവിദ്യയിലൂടെ എല്ലാം എളുപ്പത്തിൽ കോപ്പി ചെയ്യാൻ കഴിയുന്ന ഇക്കാലത്ത് മനുഷ്യന്റെ സ്വന്തം ഭാവനയ്ക്കും ഒറിജിനൽ ചിന്തകൾക്കും ഇനി വില കൂടും.
ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ വരവ് പ്രാദേശിക സിനിമകൾക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്. ഒരു ഭാഷയിൽ ഇറങ്ങുന്ന സിനിമകൾ ഇന്ന് രാജ്യത്തെ എല്ലാ ഭാഗത്തുമുള്ള ആളുകൾ കാണുന്നുണ്ട്. അവരവരുടെ ഭാഷകളിൽ തന്നെ സിനിമ കാണാൻ കഴിയുന്നതുകൊണ്ട് ഭാഷയുടെ അതിർവരമ്പുകൾ മാഞ്ഞുപോയി. ഇത് ചെറിയ സിനിമകൾക്കും പുതിയ ആശയങ്ങൾക്കും വലിയൊരു വിപണിയാണ് തുറന്നുകൊടുത്തത്.”