“ബോറടി പോലും ഇപ്പോൾ ഒരു ആഡംബരമാണ്”; മാതൃത്വവും ദാമ്പത്യവും; മനസ്സ് തുറന്ന് അമലാ പോൾ

','

' ); } ?>

മുൻകാല അനുഭവങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് താൻ ഇപ്പോൾ ജീവിതത്തിൽ മുന്നോട്ടു പോകുന്നതെന്ന് നടി അമലാ പോൾ. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് ദാമ്പത്യം, മാതൃത്വം, മുൻകാല റിലേഷൻഷിപ്പ് പാറ്റേണുകൾ എന്നിവയെക്കുറിച്ച് താരം മനസ്സുതുറന്നത്. ഭർത്താവ് ജഗത് ദേശായിയുമായുള്ള കണ്ടുമുട്ടലും കുഞ്ഞിന്റെ വരവുമെല്ലാം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും, പങ്കാളിയെ ഒരു ബെസ്റ്റ് ഫ്രണ്ടായി കാണുമ്പോഴാണ് ബന്ധങ്ങൾ കൂടുതൽ ലളിതമാകുന്നതെന്നും അമല വ്യക്തമാക്കി.

വിവാഹവും കുഞ്ഞുണ്ടാകുന്നതുമെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യങ്ങളായിരുന്നില്ലെന്ന് അമലാ പോൾ പറയുന്നു. ഒരു വെക്കേഷന് ഗോവയിൽ പോയപ്പോഴാണ് ജഗത്തിനെ കാണുന്നത്. ബന്ധം ദൃഢമാകുന്നതിനു മുൻപ് തന്നെ ഗർഭിണിയാണെന്ന് അറിഞ്ഞു. ഡേറ്റിങും പ്രഗ്നൻസിയുമെല്ലാം ഒന്നിച്ച് നടന്നതുപോലെയായിരുന്നു ആ ഘട്ടമെന്നും, ജീവിതത്തിലെ ആ അപ്രതീക്ഷിത വഴിത്തിരിവുകളോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

മോൻ വന്നതിന് ശേഷം ജീവിതം പൂർണമായും മാറിപ്പോയെന്നും അമല പറഞ്ഞു. ഉറക്കമില്ലാത്ത രാത്രികളും കൊഞ്ചലുകളും കെട്ടിപ്പിടുത്തങ്ങളുമൊക്കെയായി മാതൃത്വം ജീവിതത്തിന്റെ തന്നെ ഒരു സ്കൂളാണെന്ന് താരം വിശേഷിപ്പിച്ചു. ബോറടി പോലും ഒരു ആഡംബരമായി തോന്നുന്ന തിരക്കിലാണെന്നും, സിംഗിളായി ഇരിക്കുന്നവരെല്ലാം എന്നും ഒരു വെക്കേഷനിലാണെന്നാണ് തോന്നുന്നതെന്നും അവർ തമാശരൂപേണ പങ്കുവെച്ചു.

പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും കാര്യങ്ങളിൽത്തന്നെ തങ്ങിനിന്ന് സ്വയം കുറ്റപ്പെടുത്തുന്ന സ്വഭാവം മാറ്റാനും താൻ ശ്രമിക്കുകയാണെന്ന് അമല വ്യക്തമാക്കി. മുൻപ് ജീവിതത്തിൽ അരാജകത്വം സാധാരണമായിരുന്നുവെന്നും ഇപ്പോൾ തന്റെ ശീലങ്ങളും റിലേഷൻഷിപ്പ് പാറ്റേണുകളും ഏതൊക്കെയാണ് വർക്ക് ആകുന്നതെന്ന് തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു.

ജഗത്തിനൊപ്പം മുന്നോട്ട് പോകുമ്പോൾ മുമ്പുണ്ടായിരുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് ഉണ്ടാകാറുള്ളതെങ്കിലും പരിഹാരം കണ്ടെത്തി മുന്നോട്ടു പോകാൻ കഴിയുന്നുണ്ട്. വഴക്കുകൾ ഉണ്ടാകുമ്പോൾ ജഗത്ത് ഒരുപാട് വിട്ടുവീഴ്ച ചെയ്യാറുണ്ടെന്നും, അടുത്തിടെ താനും നിസ്സാര കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തുടങ്ങിയെന്നും അമല പറഞ്ഞു. ബെസ്റ്റ് ഫ്രണ്ട്സ് എന്തെങ്കിലും ചെയ്താൽ സാരമില്ലെന്ന് വിട്ടുകളയുന്നതുപോലെ പങ്കാളിയെയും ഒരു ബെസ്റ്റ് ഫ്രണ്ടായി കാണുമ്പോഴാണ് ബന്ധം സമാധാനപരമായി മുന്നോട്ട് പോകുന്നതെന്നും താരം കൂട്ടിച്ചേർത്തു.

അമല പോളിന്റെ വാക്കുകൾ:

“പഴയ അനുഭവങ്ങളിൽ നിന്നും പാഠങ്ങളിൽ നിന്നും പഠിച്ചാണ് ഞാൻ ഇപ്പോൾ മുന്നോട്ടു പോകുന്നത്. മുൻപ് ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ എനിക്ക് ഒട്ടും ആഗ്രഹമില്ല. വേഗത്തിൽ മുന്നോട്ട് പോകാൻ കഴിയാതെ കാര്യങ്ങളിൽത്തന്നെ തങ്ങിനിന്ന് സ്വയം വല്ലാതെ കുറ്റപ്പെടുത്തുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. പെട്ടെന്ന് ഒരാളെ കാണുകയും, പിന്നെ കല്യാണം കഴിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇതൊക്കെ വീണ്ടും മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. മുൻപ് എവിടെയോ എന്റെ ജീവിതത്തിൽ അരാജകത്വം സാധാരണമായിരുന്നു; അതൊരു ‘റിബൽ ഏജ്’ പോലെയായിരുന്നു. ഇപ്പോൾ പുതിയ കാര്യങ്ങൾ പരീക്ഷിച്ചും ഓരോ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുമാണ് ഞാൻ മുന്നോട്ട് പോകുന്നത്. നമ്മുടെ ശീലങ്ങളും റിലേഷൻഷിപ്പ് പാറ്റേണുകളും ഏതൊക്കെയാണ് വർക്ക് ആകുന്നത്, ഏതൊക്കെയാണ് വർക്ക് ആകാത്തത് എന്ന് ഇപ്പോൾ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്.

വിവാഹവും കുഞ്ഞുണ്ടാകുന്നതുമെല്ലാം ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യങ്ങളായിരുന്നില്ല. ഈ സമയത്ത് കല്യാണമോ, ഈ സമയത്ത് കുട്ടിയോ എന്നൊക്കെ ചിന്തിച്ചിരുന്ന സമയത്ത് എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഒരു വെക്കേഷന് ഗോവയിൽ പോയപ്പോഴാണ് ഞാൻ ജഗത്തിനെ കാണുന്നത്. ബന്ധം ദൃഢമാകുന്നതിനു മുൻപ് തന്നെ കുഞ്ഞ് ആയിക്കഴിഞ്ഞു എന്ന് അറിഞ്ഞു. ശരിക്കും ഡേറ്റിങും പ്രഗ്നൻസിയുമെല്ലാം ഒന്നിച്ച് നടന്നതുപോലെയായിരുന്നു ആ ഘട്ടം. എങ്ങനെയാണ് ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്യാനാവുക? ആരോ ചരടുകൾ വലിക്കുന്ന ഒരു പാവയെപ്പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്. അതൊരു ഭയങ്കര ക്രേസി അവസ്ഥയായിരുന്നു; ജീവിതം അങ്ങനെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ അതിനൊപ്പം എത്താനും പുതിയ സാഹചര്യങ്ങളെ ഉൾക്കൊള്ളാനുമാണ് ഞാൻ ശ്രമിച്ചത്.

മോൻ വന്നതിന് ശേഷം ജീവിതം പൂർണമായും മാറിപ്പോയി. ഡയപ്പറുകളുടെയും ഉറക്കമില്ലാത്ത രാത്രികളുടെയും ഒരു ലോകമാണ് ഇപ്പോൾ. ഒരുപാട് കൊഞ്ചലുകളും കെട്ടിപ്പിടുത്തങ്ങളും ഉയർച്ചതാഴ്ചകളും നിറഞ്ഞ, വളരെ ശുദ്ധവും പുതിയതുമായ അനുഭവങ്ങളാണിവ. പാരന്റ്ഹുഡ് ശരിക്കും ജീവിതത്തിന്റെ ഒരു സ്കൂൾ തന്നെയാണ്; അത് നമ്മളെ എപ്പോഴും ഉണർത്തിനിർത്തും, നമ്മൾ എപ്പോഴും ഓടിക്കൊണ്ടിരിക്കും. സിംഗിളായി ഇരിക്കുന്നവരെല്ലാം എന്നും ഒരു വെക്കേഷനിലാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്കിപ്പോൾ ബോറടി പോലും ഒരു ആഡംബരമായി തോന്നുന്നു; ബോറടിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയാണ്.

ജഗത്തിനൊപ്പം മുന്നോട്ട് പോകുമ്പോൾ മുമ്പുണ്ടായിരുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് ഇപ്പോഴും ഉണ്ടാകാറുള്ളത്. പക്ഷേ ജഗത്തിനൊപ്പം എങ്ങനെയോ ഞങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തി മുന്നോട്ട് പോകാൻ കഴിയുന്നുണ്ട്; അതൊരു ട്രയൽ ആൻഡ് എറർ പോലെയാണ്. വഴക്കുകൾ ഉണ്ടാകുമ്പോൾ ജഗത്താണ് ഒരുപാട് ഇറങ്ങിക്കൊടുത്ത്, ത്യാഗം ചെയ്ത്, സമാധാനത്തോടെ ജീവിതം കൊണ്ടുപോകുന്നത്. അടുത്തിടെ ഞാനും കുറച്ചുകൂടി വിട്ടുവീഴ്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പലപ്പോഴും തെറ്റ് എന്റെ ഭാഗത്തുതന്നെയായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു; വെറുതെ അത്രയും ശ്രദ്ധ കൊടുക്കേണ്ടാത്ത നിസ്സാര കാര്യങ്ങളായിരുന്നു അവ. വേഗം മുന്നോട്ട് പോകാൻ കഴിയാത്ത എന്റെ ആ സ്വഭാവം എനിക്ക് തന്നെ വെറുപ്പാണ്; കുറച്ചുകാലം അതിൽത്തന്നെ നിന്ന്, ഇപ്പോൾ കുറച്ചുകുറച്ചായി അതിൽ നിന്ന് വേഗത്തിൽ പുറത്തുകടക്കാൻ പഠിക്കുകയാണ്.

നിസ്സാര കാര്യങ്ങൾക്ക് പിണങ്ങി സമയം കളയുന്നതിലും എനർജി കളയുന്നതിലും യാതൊരു അർഥവുമില്ലെന്ന് എനിക്ക് മനസ്സിലായി. നമ്മുടെ ബെസ്റ്റ് ഫ്രണ്ട്സ് എന്തെങ്കിലും ചെയ്താൽ നമ്മൾ അത് സാരമില്ലെന്ന് വിട്ടുകളയുമല്ലോ, അതുപോലെ പങ്കാളിയെയും നമ്മുടെ ഒരു ബെസ്റ്റ് ഫ്രണ്ടിനെപ്പോലെ കാണുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ ലളിതമാകുന്നതും ബന്ധം സമാധാനപരമായി മുന്നോട്ട് പോകുന്നതും.”