
‘മിന്നാമിന്നിക്കൂട്ടം’ തന്റെ മറ്റ് സിനിമകളെപ്പോലെ വിജയിച്ചില്ലെന്ന് സംവിധായകൻ കമൽ. 2008-ൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടാൻ കാരണം മീര ജാസ്മിന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തോട് പ്രേക്ഷകർക്ക് അന്ന് പൊരുത്തപ്പെടാൻ കഴിയാതിരുന്നതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഷോസ്ക്കേപ്പ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് കമൽ മനസ്സ് തുറന്നത്.
അന്ന് അധികം ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമായിരുന്നു ‘മിന്നാമിന്നിക്കൂട്ടം’ എന്ന് കമൽ പറയുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങുകയും വളരെ പെട്ടെന്ന് പ്രതികരിക്കുകയും ചെയ്യുന്ന കഥാപാത്രത്തെയാണ് മീര ജാസ്മിൻ അവതരിപ്പിച്ചത്. അക്കാലത്ത് അത്തരത്തിൽ പെരുമാറുന്ന പെൺകുട്ടികളെ ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് പ്രയാസമുണ്ടായിരുന്നു. എന്നാൽ ഇന്ന് സമൂഹത്തിൽ അത്തരം പെൺകുട്ടികളെ ധാരാളമായി കാണാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഥാപാത്രത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് കമൽ വിശദീകരിച്ചത് ഇങ്ങനെയാണ്: കൂടെ ജോലി ചെയ്യുന്ന യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ വിവാഹനിശ്ചയത്തിനിടെ സുഹൃത്തിന്റെ പിതാവ് പറയുന്ന ചില വാക്കുകൾ അവൾക്ക് ഇഷ്ടപ്പെടുന്നില്ല. തുടർന്ന് എല്ലാവരുടെയും മുന്നിൽവെച്ച് അയാളോട് ഇറങ്ങിപ്പോകാൻ അവൾ ആവശ്യപ്പെടുന്നുണ്ട്. എല്ലാവരുടെയും മുന്നിൽവെച്ച് ഒരു പെൺകുട്ടി അങ്ങനെ പറയുമോ എന്ന ചിന്തയായിരിക്കാം അന്ന് പ്രേക്ഷകരെ കഥാപാത്രത്തിൽ നിന്ന് അകറ്റിയതെന്ന് കമൽ കൂട്ടിച്ചേർത്തു.
നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ, അനൂപ് ചന്ദ്രൻ, സായി കുമാർ, മാമുക്കോയ, ടി.ജി. രവി, റോമ, സംവൃത സുനിൽ, രാധിക തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ‘മിന്നാമിന്നിക്കൂട്ടം’.
കമലിന്റെ വാക്കുകൾ
‘മിന്നാമിന്നിക്കൂട്ടം അന്ന് അധികം ശ്രദ്ധിക്കാതെ പോയ ഒരു സിനിമയായിരുന്നു. ഞാൻ ചെയ്ത മറ്റ് സിനിമകളെപ്പോലെ അതൊന്നും ഓടിയിട്ടില്ല. അതിന്റെ കാരണം മീര ജാസ്മിന്റെ കഥാപാത്രത്തെ പെട്ടെന്ന് ആളുകൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല എന്നതാണ്. വളരെ പെട്ടെന്ന് പ്രതികരിക്കുന്ന, ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങുന്ന ഒരു കഥാപാത്രമായിട്ടാണ് അവൾ വന്നത്. അന്ന് അങ്ങനെയായിരുന്നു, പക്ഷേ ഇന്ന് അങ്ങനെയുള്ള ഒരുപാട് പെൺകുട്ടികളെ നമുക്ക് സമൂഹത്തിൽ കാണാൻ സാധിക്കും.
അവൾ സ്നേഹിക്കുന്ന പയ്യൻ അവളുടെ കൂടെ വർക്ക് ചെയ്യുന്ന ആളാണ്. അവരുടെ ഫ്രണ്ട്സെല്ലാം കൂടി കല്യാണനിശ്ചയത്തിന് വന്നപ്പോൾ കൂട്ടുകാരന്റെ അച്ഛൻ ചില ഡയലോഗുകൾ പറയുന്നുണ്ട്. അത് അവൾക്ക് ഇഷ്ടപ്പെട്ടില്ല. അപ്പോൾ എല്ലാവരുടെയും മുന്നിൽവെച്ച് അയാളോട് ഇറങ്ങിപ്പോകാൻ പറയുകയാണ്. അന്ന് എല്ലാവരുടെയും മുന്നിൽവെച്ച് അവൾ അങ്ങനെ പറയുമോ എന്നായിരിക്കും ആളുകൾ ചിന്തിച്ചിട്ടുണ്ടാവുക. അതുകൊണ്ടായിരിക്കാം ആ കഥാപാത്രത്തോട് ആളുകൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ പോയത്.