ചതുര്‍മുഖവും നിര്‍ത്തി, തിയറ്ററുകള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക്

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിന് പിന്നാലെ തിയറ്ററുകള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. മഞ്ജു വാരിയര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചതുര്‍മുഖം താത്കാലികമായി തീയറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. രജിഷാ വിജയന്‍ നായികയായ ഖോ ഖോ എന്ന ചിത്രവും കഴിഞ്ഞ ദിവസം പ്രദര്‍ശനം നിര്‍ത്തിയിരുന്നു. നായാട്ട്, നിഴല്‍, വണ്‍, ദി പ്രീസ്റ്റ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളാണ് പ്രദര്‍ശനം തുടരുന്നത്.

തിയറ്ററുകളുടെ പ്രദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയതും കാണികളെത്താത്തതും പ്രദര്‍ശനം മുടങ്ങുന്നതിനും കാരണമായിട്ടുണ്ട്. സിനിമകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതിന് പിന്നാലെ വീണ്ടും തിയറ്ററുകള്‍ക്ക് താഴ് വീഴുകയാണ്. സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്നാണാ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ പറഞ്ഞത്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ തീയറ്ററുകള്‍ അടച്ചുപ്പൂട്ടലിന്റെ അവസ്ഥയിലേയ്ക്ക് നീങ്ങുമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പ്രതികരിച്ചിരുന്നു. ഖോ ഖോരോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം പ്രേക്ഷകരിലേക്ക് തിരിച്ച് വരുമെന്നും മഞ്ജു വാരിയര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മഞ്ജു വാര്യരുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം താഴെ.

പ്രിയപ്പെട്ടവരേ, ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക. സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം മഞ്ജുവാര്യര്‍.