ബ്രാഹ്മണ സമുദായത്തിനെതിരായ അധിക്ഷേപം: അനുരാഗ് കശ്യപിനെതിരെ ബെയ്‌ലബിൾ വാറന്റ്

','

' ); } ?>

ബ്രാഹ്മണ സമുദായത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി ബെയ്‌ലബിൾ വാറന്റ് പുറപ്പെടുവിച്ചു. പത്രപരസ്യം ഉൾപ്പെടെ നൽകി പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് സൂറത്ത് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജെ.വി. ചൗഹാന്റെ നടപടി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഡിസംബർ 24-ലേക്ക് മാറ്റിയിട്ടുണ്ട്.

സാമൂഹിക പരിഷ്‌കർത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവരുടെ ജീവിത പ്രമേയമാക്കി ആനന്ദ് മഹാദേവൻ സംവിധാനം ചെയ്യുന്ന ‘ഫൂലെ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കേസിനാസ്പദമായ സംഭവം. 2025 ഏപ്രിലിൽ ചിത്രത്തെക്കുറിച്ചുള്ള അനുരാഗ് കശ്യപിന്റെ എക്‌സ് (ട്വിറ്റർ) പോസ്റ്റിന് താഴെ നടന്ന വാദപ്രതിവാദത്തിനിടയിൽ, ബ്രാഹ്മണ സമുദായത്തെ ക്രൂരമായി അധിക്ഷേപിക്കുന്ന തരത്തിൽ അദ്ദേഹം പ്രതികരിക്കുകയായിരുന്നു.

തുടർന്ന് ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ ലീഗൽ അഡ്വൈസറായ അഭിഭാഷകൻ കമലേഷ് റാവൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ 192, 352, 352(2) എന്നീ വകുപ്പുകൾ പ്രകാരം കശ്യപിനെതിരെ കേസെടുക്കാൻ കഴിഞ്ഞ മേയിൽ കോടതി ഉത്തരവിടുകയായിരുന്നു.

സംഭവം വിവാദമായതോടെ കശ്യപ് വിവാദ പോസ്റ്റ് പിൻവലിക്കുകയും ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി മാപ്പുപറയുകയും ചെയ്തിരുന്നു. ദേഷ്യത്തിൽ സംസാരിച്ചപ്പോൾ അതിരു കടന്നുപോയതാണെന്നും ബ്രാഹ്മണ സമുദായത്തോടും തന്റെ സുഹൃത്തുക്കളോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.