“കുട്ടികളെ സംരക്ഷിക്കേണ്ട രീതിയിൽ ഈ ലോകം എപ്പോഴും അവരെ കാത്തുരക്ഷിക്കണമെന്നില്ല”; കെനീഷയ്ക്കും രവി മോഹനുമെതിരെ ആർതി രവി

','

' ); } ?>

തമിഴ് നടൻ ജയം രവിയും ഗായിക കെനിഷ ഫ്രാൻസിസും പാലക്കാട് മീങ്കുളത്തി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തതിനു പിന്നാലെ, മക്കൾക്കായി ആർതി രവി പങ്കുവെച്ച വൈകാരികമായ കുറിപ്പ് ശ്രദ്ധേയമാകുന്നു. ജയം രവിയുമായുള്ള വിവാഹമോചന നടപടികൾ കോടതിയിൽ തുടരുന്നതിനിടെ, മക്കളായ ആരവിനും അയാനും തണലായി താനുണ്ടാകുമെന്ന ശക്തമായ ഉറപ്പാണ് ആർതി തന്റെ കുറിപ്പിലൂടെ നൽകുന്നത്. ലോകം എല്ലായ്പ്പോഴും കുട്ടികളെ അർഹിക്കുന്ന രീതിയിൽ സംരക്ഷിക്കണമെന്നില്ല എന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടിയാണ് ആർതിയുടെ വരികൾ ആരംഭിക്കുന്നത്.

മാതാപിതാക്കളുടെ വേർപിരിയലും അതിനെത്തുടർന്നുണ്ടാകുന്ന വിവാദങ്ങളും മക്കളെ എത്രത്തോളം വേദനിപ്പിക്കുന്നു എന്ന ആശങ്കയും അതിജീവനത്തിനുള്ള കരുത്തും ആർതി ഇതിൽ പങ്കുവെക്കുന്നു. നിലവിലെ സാഹചര്യത്തിൽ കുട്ടികൾ കേൾക്കേണ്ടി വരുന്ന അടക്കംപറച്ചിലുകളെക്കുറിച്ചും അവർ അനുഭവിക്കുന്ന മാനസിക വിഷമങ്ങളെക്കുറിച്ചും ആർതി തുറന്നെഴുതി.

“നിങ്ങളുടെ പുഞ്ചിരിയാണ് എന്റെ കരുത്ത്. ലോകം എന്തുതന്നെ പറഞ്ഞാലും നിങ്ങൾക്ക് ചുറ്റും ഒരു കവചമായി ഞാനുണ്ടാകും,” എന്ന വാക്കുകൾ ഒരു അമ്മയുടെ നിശ്ചയദാർഢ്യമായാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജയം രവി മറ്റൊരു സുഹൃത്തിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരുന്നു. ഇതിനിടയിൽ മക്കളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ആർതിയുടെ ഈ പ്രതികരണം ആരാധകർക്കിടയിൽ വലിയ വികാരം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി പേരാണ് ആർതിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.

“ആരവ്, അയാൻ, ജീവിതത്തിലെ ഈ കാലഘട്ടം അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം. കുട്ടികളെ സംരക്ഷിക്കേണ്ട രീതിയിൽ ഈ ലോകം എപ്പോഴും അവരെ കാത്തുരക്ഷിക്കണമെന്നില്ല. ഒറ്റിക്കൊടുക്കലുകൾ ഒളിപ്പിച്ചുവച്ച, സംഗീതം അകമ്പടി സേവിക്കുന്ന സഹതാപമില്ലാത്ത സോഷ്യൽ മീഡിയ വിഡിയോകൾ. മറ്റു കുട്ടികൾ അച്‌ഛനമ്മമാരോടൊപ്പം സുരക്ഷിതരായിരിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന നിശബ്ദമായ ഹൃദയവേദന. നാട്ടുകാരുടെ അടക്കംപറച്ചിലുകൾ, ഒളിക്കണ്ണാലുള്ള നോട്ടങ്ങൾ, ഒരു കുട്ടിയും കേട്ടുവളരാൻ പാടില്ലാത്ത സംസാരങ്ങൾ… കഴിയുമെങ്കിൽ ഇതിൽ നിന്നെല്ലാം നിങ്ങളെ എനിക്ക് മറച്ചുപിടിക്കണമെന്നുണ്ടായിരുന്നു.

നിങ്ങൾ ഇപ്പോൾ നേരിടുന്ന കാര്യങ്ങൾ നിങ്ങളെ തകർക്കില്ല. മറിച്ച്, വിശ്വസ്‌തതയുടെയും സഹാനുഭൂതിയുടെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും വിലയറിയുന്ന നല്ല മനുഷ്യരായി ഇത് നിങ്ങളെ രൂപപ്പെടുത്തും. ഞാൻ ഒരു നല്ല അമ്മയാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ, ജീവിതം ഇപ്പോൾ എൻ്റെ ചുമലിൽ വലിയൊരു ഉത്തരവാദിത്തം വച്ചുതന്നിട്ടുണ്ടെന്ന് എനിക്കറിയാം. അച്‌ഛന്റെയും അമ്മയുടെയും സ്ഥാനത്തുനിന്ന് നിങ്ങളെ സ്നേഹിക്കാൻ പഠിക്കാൻ എനിക്ക് അല്പം സമയം കൂടി വേണം, അത്രമാത്രം. എല്ലാം മറന്നുകൊണ്ട് പറയട്ടെ, നിങ്ങൾ വളരുന്നത് കാണുന്നതാണ് ഇന്നും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്‌ച. എൻ്റെ കുഞ്ഞുങ്ങൾക്ക്, മാതൃദിനാശംസകൾ. നമ്മൾ എല്ലാം ശരിയാക്കും.” -ആരതി രവി കുറിച്ചു.

തമിഴ് താരം ജയം രവിയും ആർതിയും തമ്മിലുള്ള 15 വർഷത്തെ ദാമ്പത്യം വേർപിരിയലിലേക്ക് എത്തിയത് തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു. സെപ്റ്റംബറിൽ രവി വിവാഹമോചന വാർത്ത പരസ്യമാക്കിയെങ്കിലും, തൻ്റെ സമ്മതമില്ലാതെയാണ് ഈ തീരുമാനമെടുത്തതെന്ന ആർതിയുടെ വെളിപ്പെടുത്തൽ വിഷയത്തെ വലിയ വിവാദങ്ങളിലേക്ക് നയിച്ചു. ഇതിനിടയിലാണ് ഗായികയും ഹീലറുമായ കെനിഷ ഫ്രാൻസിസിൻ്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.

ആർതി പരസ്യമായി ‘മൂന്നാമതൊരു വ്യക്‌തിയുടെ’ സാന്നിധ്യത്തെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, കെനിഷ തൻ്റെ അടുത്ത സുഹൃത്തും ഹീലറും മാത്രമാണെന്നും ഇത്തരം ഗോസിപ്പുകളിലേക്ക് അവരെ വലിച്ചിഴയ്ക്കരുതെന്നുമാണ് ജയം രവി പ്രതികരിച്ചത്. സാമ്പത്തികമായ തർക്കങ്ങളും വ്യക്‌തിപരമായ വിയോജിപ്പുകളും കലഹത്തിന് കാരണമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ കുട്ടികളായ ആരവിൻ്റെയും അയാന്റെയും ഭാവിയെക്കരുതി വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഇരുവരും തമ്മിലുള്ള ഈ പരസ്യമായ പോരാട്ടം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ടിരിക്കുന്നതിനിടെ രവി മോഹനും കെനിഷയും പാലക്കാട് മീങ്കുളത്തി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ചിത്രങ്ങൾ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.