
‘ജയിലർ 2’ എന്ന ചിത്രത്തിൽ നടൻ മോഹൻലാലിന്റെ ഡ്യൂപ്പായി അഭിനയിച്ചത് താനാണെന്ന് സിനിമ റിലീസ് ചെയ്ത ദിവസം തന്നെ വെളിപ്പെടുത്തിയ മിമിക്രി താരം ജോബി കൊടകരയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളറും നടനുമായ ആസാദ് കണ്ണാടിക്കൽ. സിനിമ പുറത്തിറങ്ങിയ ഉടൻ തന്നെ ഇത്തരം കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തുന്നവരെ സിനിമാപ്രവർത്തകർ ഇനിമുതൽ അടുപ്പിക്കരുതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
മോഹൻലാൽ അഭിനയിച്ച ഭാഗങ്ങളെല്ലാം ഡ്യൂപ്പാണ് ചെയ്തതെന്ന തരത്തിലുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ കാരണം ജോബിയുടെ ഇത്തരം പ്രവൃത്തിയാണെന്ന് ആസാദ് ആരോപിക്കുന്നു. സൂപ്പർ താരങ്ങൾക്ക് ലോങ് ഷോട്ടുകളിൽ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് സിനിമയിൽ സർവ്വസാധാരണമായ കാര്യമാണ്. ഇത്തരം ഷോട്ടുകൾക്ക് തക്കതായ വേതനം ഇവർക്ക് നൽകാറുമുണ്ടെന്നും, അതിനുശേഷവും സിനിമയെ മോശമായി ചിത്രീകരിക്കും വിധം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ തുക മുടക്കി നിർമ്മിച്ച ഒരു സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ഇത്തരം ഫോട്ടോകളും വിവരങ്ങളും പങ്കുവെക്കുന്നത് അങ്ങേയറ്റം തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ നായകനായ രജനീകാന്തിനും ഡ്യൂപ്പ് ഉണ്ടായിരുന്നുവെന്നും, എന്നാൽ അദ്ദേഹത്തിന്റെ ഡ്യൂപ്പ് ഇത്തരം ഉത്തരവാദിത്തമില്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും ആസാദ് ചൂണ്ടിക്കാട്ടി. സിനിമയിൽ ചെയ്യുന്ന ജോലിക്ക് കൃത്യമായ വേതനം വാങ്ങിയ ശേഷം നിർമ്മാതാക്കൾക്കും അണിയറപ്രവർത്തകർക്കും ദോഷകരമാകുന്ന രീതിയിൽ പ്രവർത്തിക്കുന്നത് തൊഴിലിനോട് കാണിക്കുന്ന അനാദരവാണെന്നും അദ്ദേഹം കുറിച്ചു.
സിനിമയിൽ ഒരു കഥാപാത്രം അഭിനയിച്ചു കഴിഞ്ഞാൽ അതിലെ ഏതൊക്കെ സീനുകൾ നിലനിർത്തണം ഒഴിവാക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനും എഡിറ്ററുമാണ്. സീനുകൾ വെട്ടിമാറ്റിയതിന്റെ പേരിൽ നടനെയോ സംവിധായകനെയോ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ലോങ് ഷോട്ടുകളിൽ താരങ്ങൾക്ക് പകരം നിൽക്കുന്നത് വലിയ സംഭവമല്ലെന്നും, മുൻപ് താനും ഇത്തരം ഷോട്ടുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് ആസാദ് കണ്ണാടിക്കൽ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
ചിത്രം റിലീസ് ചെയ്ത ദിവസം മോഹൻലാലിന്റെ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ജയിലർ 2’വിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജോബി കൊടകര സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയായതിനെ തുടർന്നാണ് ഇപ്പോൾ ആസാദ് കണ്ണാടിക്കലിന്റെ വിമർശനം പുറത്തുവന്നിരിക്കുന്നത്.
ആസാദ് കണ്ണാടിക്കലിന്റെ കുറിപ്പ് ഇങ്ങനെ:
ലോകത്തെ ആദ്യത്തെ സംഭവമാണ് ഒരു താരത്തിന് ഡ്യൂപ്പ് ഇടുന്നത് എന്ന് കരുതി, സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇട്ട ഇതുപോലെ ഉള്ള ആൾക്കാരെ ഒന്നും സിനിമാക്കാർ ഇനി മുതൽ അടുപ്പിക്കരുത്. ഓരോ സിനിമയിലും സൂപ്പർ താരങ്ങൾക്ക് ലോങ് ഷോട്ടിൽ മുഖം മനസ്സിലാകാതെ വരുന്ന ഷോട്ടുകളിൽ അവരുടെ അതേ രൂപത്തിൽ ഉള്ളവരെ വിളിച്ച് ചെയ്യിക്കുന്നതാണ്. അതിന് വേണ്ടി ഒരേ പോലെയുള്ള രണ്ട് ഡ്രസ്സ് സ്ഥിരമായി ഉണ്ടാവുന്നതാണ് അതിൽ ഒന്ന് ഡ്യൂപ്പിന് കൊടുക്കാറുമുണ്ട് അത് ചെയ്യുന്നവർക്ക് 2000 രൂപ മുതൽ 10000 രൂപ വരെ ശമ്പളവും കൊടുക്കാറുണ്ട്.
എന്നാൽ 350 കോടി രൂപ മുടക്കി ഇറങ്ങിയ ഒരു സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ആ സിനിമയിൽ വേഷം ചെയ്ത മോഹൻലാലിന്റെ ഡ്യൂപ്പ് ഡ്രസ്സ് ഇട്ട ഈ വ്യക്തി ആ സിനിമയിൽ ഇല്ലാത്തതും ഉള്ളതുമായ വേഷത്തിൽ മോഹൻലാൽ ചെയ്ത വേഷത്തിന്റെ ഡ്യൂപ്പ് ചെയ്തത് ഞാൻ ആണെന്ന് അറിയിക്കാൻ വേണ്ടി ചെയ്തത് തെണ്ടിത്തരമാണ്.
ഒരു സിനിമയിൽ ഒരാളെ അഭിനയിക്കാൻ വിളിക്കുമ്പോൾ ആ താരം പറയുന്ന പണം എത്രയാണോ അത് വാങ്ങിയിട്ടാണ് അവർ അഭിനയിക്കുന്നത്. ആ സിനിമയിൽ അഭിനയിച്ച് അവർ ഡബ്ബ് ചെയ്ത് പോയി കഴിഞ്ഞാൽ ആ സിനിമയിൽ ഏതൊക്കെ സീൻ വേണം ഏതൊക്കെ സീൻ വേണ്ട എന്ന് തീരുമാനിക്കുന്നത് ആ സിനിമയുടെ സംവിധായകനും എഡിറ്ററുമാണ്. അവർക്ക് ആ സിനിമയിൽ ആവശ്യമില്ല എന്ന് തോന്നുന്ന ഏത് സീനും കട്ട് ചെയ്ത് ഒഴിവാക്കാൻ ഉള്ള പൂർണ്ണ സ്വാതന്ത്രം അവർക്കുണ്ട്. അങ്ങനെ കട്ട് ചെയ്ത് പോയതിൽ മോഹൻലാലിനെയും സംവിധായകനെയും കുറ്റം പറയാൻ പാടില്ല. അതൊക്കെ സർവ്വ സാധാരണമാണ്.
എന്നാൽ ജയിലർ 2 സിനിമയിൽ മോഹൻലാൽ അഭിനയിച്ച ഭാഗങ്ങൾ എല്ലാം ഡ്യൂപ്പ് ആണ് ഉള്ളത് എന്ന് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യാൻ കാരണം ഈ വ്യക്തിയാണ്. ഇയാൾക്ക് ചെയ്ത ജോലിക്ക് ശമ്പളം കൊടുത്തിട്ടുമുണ്ടാകും. അതും വാങ്ങി ഇതുപോലെയുള്ള മോശം കാര്യങ്ങൾ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. രജനി കാന്തിന്റെ മുഖം കാണുന്ന ഷോട്ടിൽ മാത്രമേ അദ്ദേഹം നിൽക്കാറൊള്ളൂ. ബാക്കി എല്ലാം ഡ്യൂപ്പിനെ വെച്ചാണ് ഷൂട്ട് ചെയ്തത്. എന്തുകൊണ്ടാണ് രജനികാന്തിന്റെ ഡ്യൂപ്പ് ഇതേപോലെയുള്ള തെണ്ടിത്തരം ചെയ്യാത്തത്, എന്തുകൊണ്ടാണ്, അതാണ് ഉണ്ട ചോറിന് കാണിക്കേണ്ട മര്യാദ.
ഒരു സിനിമയിൽ ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട്. അത് വലിയ സംഭവം ഒന്നുമല്ല എല്ലാ ലൊക്കേഷനിലും ഉള്ള കാര്യമാണ്. അതിന്റെ ഒരു ഫോട്ടോ കൂടെ വെക്കുന്നുണ്ട്.
ജയിലർ 2 ഇറങ്ങിയ ദിവസം ജോബി കൊടകര പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ ചർച്ചയായിരുന്നു. ചിത്രത്തിന്റെ വളരെ ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ചിത്രങ്ങൾക്കൊപ്പം ജോബി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.