വിവാഹം കഴിഞ്ഞ് ഒരു മാസം, ആദ്യ സീരീസ് ഹിറ്റിലേക്ക് മുന്നേറവേ വിയോഗം; വേദനയായി യുവ സംവിധായകൻ ബൽരാജ്

','

' ); } ?>

യുവസംവിധായകനും ‘കാപ്പി സ്ക്വാഡ്’ വെബ് സീരീസ് സംവിധായകനുമായ ബൽരാജ് കളരിക്കൽ മരണപ്പെട്ടു. 28 വയസ്സായിരുന്നു. എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കോട്ടയം മണിമല സ്വദേശിയാണ് ബൽരാജ്.

ജിയോ ഹോട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിങ് ആരംഭിച്ച ‘കാപ്പി സ്ക്വാഡ്’ എന്ന കോമഡി-ഡ്രാമ വെബ് സീരീസിന്റെ സംവിധായകനാണ്. സീരീസ് സംപ്രേക്ഷണം ആരംഭിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത വിയോഗം. എറണാകുളത്തെ ഹോട്ടൽ മുറിയിൽ ഷോ ഡയറക്ടർ ശ്രീകാന്തിനൊപ്പമായിരുന്നു താമസം. മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

റിനോഷ് ജോർജ് കേന്ദ്രകഥാപാത്രമാകുന്ന ‘കാപ്പി സ്ക്വാഡ്’ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് നിർമിച്ചത്. ശ്രീകാന്ത് മോഹൻ ക്രിയേറ്റ് ചെയ്ത ഈ സീരീസിന്റെ സംവിധാനം ബൽരാജ് കളരിക്കലായിരുന്നു നിർവഹിച്ചത്. യുവതലമുറയുടെ സൗഹൃദവും ജീവിതാനുഭവങ്ങളും പ്രമേയമാക്കിയ സീരീസ് മികച്ച പ്രതികരണങ്ങൾ നേടുന്നതിനിടയിലാണ് ഈ ദുഃഖവാർത്ത പുറത്തുവരുന്നത്.

‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങി നിരവധി സിനിമകളിൽ അസിസ്റ്റന്റ്, അസോഷ്യേറ്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ബൽരാജിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഈ വെബ് സീരീസ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ആതിരയാണ് ഭാര്യ. മണിമല കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ്. സോജയാണ് സഹോദരി.

Leave a Reply

Your email address will not be published. Required fields are marked *