
സിനിമയിൽ അവസരം ചോദിച്ച് സംവിധായകരെ നിരന്തരം ശല്യപ്പെടുത്താൻ താൽപര്യമില്ലെന്ന് നടി അനുശ്രീ. ഇൻഡസ്ട്രിയിൽ എത്തി 14 വർഷത്തോളമായതിനാൽ താൻ ഇവിടെയുണ്ടെന്ന കാര്യം സിനിമാ പ്രവർത്തകർക്ക് വ്യക്തമായി അറിയാമെന്നും, തനിക്കനുയോജ്യമായ വേഷങ്ങളുണ്ടെങ്കിൽ തേടിയെത്തുമെന്നാണ് ഉറച്ചു വിശ്വസിക്കുന്നതെന്നും താരം വ്യക്തമാക്കി. ‘പ്രേംപാറ്റ’ എന്ന പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
തുടർച്ചയായി അവസരങ്ങൾക്കായി സ്വയം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന രീതിയോട് തനിക്ക് യോജിപ്പില്ല. ഇതുവരെ ചെയ്തുവെച്ചിട്ടുള്ള കഥാപാത്രങ്ങളെ മുൻനിർത്തി തനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന കൃത്യമായ ധാരണ പുതിയകാല മേക്കേഴ്സിനുമുണ്ട്. തനിക്ക് അർഹമായ വേഷങ്ങൾ തീർച്ചയായും തേടിയെത്തുമെന്നും താരം കൂട്ടിച്ചേർത്തു.
താൻ സിനിമാരംഗത്ത് സജീവമായ കാലഘട്ടത്തെ അപേക്ഷിച്ച് ഇന്നത്തെ സിനിമാ നിർമിതിയിലും അവതരണത്തിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. പുതിയ തലമുറയിലെ സംവിധായകരുടെ ചിന്താഗതിയിലും കഥാപാത്ര നിർമിതിയിലും ഈ മാറ്റം വ്യക്തമാണ്. ‘പ്രേംപാറ്റ’ എന്ന ചിത്രത്തിലും അത്തരം പുതുമകൾ പ്രേക്ഷകർക്ക് അനുഭവിക്കാനാകുമെന്നും അനുശ്രീ പറഞ്ഞു.
അനുശ്രീയുടെ വാക്കുകൾ:
നമ്മളിപ്പോള്‍ ഇൻഡസ്ട്രിയിൽ എത്തിയിട്ട് പത്തുപതിനാലു വര്‍ഷമായില്ലേ. ആര്‍ക്കൊക്കെയോ അറിയാം ഞാനിവിടെ ഉണ്ടെന്ന്. ഞാനിവിടെ ഉണ്ട്. ആവശ്യമുള്ളവര്‍ക്ക് ഇതിനകം ചെയ്തുവെച്ചിട്ടുള്ള കുറച്ച് കാര്യങ്ങളുണ്ടല്ലോ. അതിലേതെങ്കിലും അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണെങ്കില്‍ ഉറപ്പായും എനിക്കുള്ള അരിമണി എനിക്കുതന്നെ വരും. അല്ലാതെ ഞാനിവിടെ ഉണ്ട്, ഞാനിവിടെ ഉണ്ട് എന്ന് ഓര്മപ്പെടുത്തുന്നതിൽ ഭയങ്കര പ്രശ്നമുള്ളയാളാണ് ഞാൻ.
വരട്ടെ, എനിക്കെന്തു ചെയ്യാന്‍ കഴിയും എന്തു ചെയ്യാന്‍ കഴിയില്ല എന്ന് ഇവിടത്തെ മേക്കേഴ്സിന് അറിയാം. ചിലപ്പോള്‍ തോന്നാറുണ്ട്, പത്തുവര്‍ഷം മുന്‍പ് ഞങ്ങള്‍ ചെയ്തുതുടങ്ങിയ കാലത്തുള്ള സിനിമയില്‍നിന്നും ഇപ്പോഴത്തെ സിനിമകള്‍ ഒരുപാട് മാറിയിട്ടുണ്ടെന്ന്. പ്രേംപാറ്റയടക്കം. ഈ സിനിമയിലൊരു ടീച്ചറുണ്ടായതുകൊണ്ട് ഞാന്‍ വന്നു. അത്തരം മാറ്റങ്ങളുണ്ട്. എന്നാല്‍പോലും ഇപ്പോഴത്തെ മേക്കേഴ്സിന് അറിയാം. ഇത് അനുവിന് പറ്റുന്ന കഥാപാത്രമാണെങ്കില്‍ എന്തായാലും ഞാന്‍ ആക്സസിബിളാണ്.