‘സംസാരിക്കാൻ പോലും ഭയം, വസ്ത്രധാരണത്തിൽ വരെ നിയന്ത്രണം’; രണ്ടു വർഷം അനുഭവിച്ചത് കടുത്ത നാർസിസ്റ്റിക് അബ്യൂസെന്ന് അനുപമ

','

' ); } ?>

കഴിഞ്ഞ രണ്ടു വർഷമായി താൻ കടുത്ത ‘നാർസിസ്റ്റിക് അബ്യൂസിന്’ ഇരയാവുകയായിരുന്നു എന്ന വെളിപ്പെടുത്തലുമായി നടി അനുപമ പരമേശ്വരൻ. മാധ്യമപ്രവർത്തക ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രണയബന്ധത്തിലുണ്ടായ ശാരീരികവും വൈകാരികവുമായ യാതനകളെക്കുറിച്ച് നടി ആദ്യമായി തുറന്നുപറഞ്ഞത്. പങ്കാളിയുടെ ഭാഗത്തുനിന്നുണ്ടായ അതിരുകടന്ന നിയന്ത്രണങ്ങളും പെരുമാറ്റദൂഷ്യങ്ങളും സഹിക്കവയ്യാതായതോടെ താൻതന്നെയാണ് ബന്ധം ഉപേക്ഷിച്ചതെന്ന് അനുപമ വ്യക്തമാക്കി.

വിക്രം ചിത്രമായ ‘അന്യനി’ലെ കേന്ദ്രകഥാപാത്രത്തിന്റെ പെരുമാറ്റത്തോടാണ് തന്റെ മുൻ പങ്കാളിയുടെ രീതികളെ നടി ഉപമിച്ചത്. ചില ദിവസങ്ങളിൽ അതിരറ്റ സ്നേഹം പ്രകടിപ്പിക്കുന്ന ‘റെമോ’യെപ്പോലെയും മറ്റു ദിവസങ്ങളിൽ അങ്ങേയറ്റം ക്രൂരമായി പെരുമാറുന്ന ‘അന്യനെ’പ്പോലെയുമായിരുന്നു അയാൾ. ആദ്യഘട്ടത്തിൽ കടുത്ത സ്നേഹം നടിച്ച് (‘ലൗ ബോംബിങ്’) വിശ്വാസം നേടിയെടുത്ത ശേഷം, പിന്നീട് മാനസികമായി തളർത്തുന്നതാണ് ഇത്തരം വ്യക്തികളുടെ രീതി. പുറത്തുനിന്നു കാണുമ്പോൾ ദയയുള്ളവരും ആകർഷകമായ വ്യക്തിത്വമുള്ളവരുമായി നടിക്കുന്ന ഇത്തരക്കാർ, അടിസ്ഥാനപരമായി വലിയ അരക്ഷിതാവസ്ഥ പേറുന്നവരാണെന്നും നടി നിരീക്ഷിക്കുന്നു.

വസ്ത്രധാരണത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ വരെ പങ്കാളി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ധരിക്കേണ്ട വസ്ത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കേണ്ട ചിത്രങ്ങളും അയാളെ കാണിച്ചു അനുവാദം വാങ്ങേണ്ട അവസ്ഥയിലെത്തി. സ്വന്തം സ്വാതന്ത്ര്യത്തിന്റെ ചില്ലകൾ ഓരോന്നായി വെട്ടിമാറ്റപ്പെടുകയായിരുന്നുവെന്നും, പങ്കാളിയോട് ഒരു കാര്യം സംസാരിക്കുന്നതിന് മുൻപ് പോലും ഭയത്തോടെ മനസ്സിൽ പലതവണ റിഹേഴ്സൽ ചെയ്യേണ്ടി വന്നിരുന്നുവെന്നും അനുപമ ഓർത്തെടുക്കുന്നു.

ബന്ധം തുടങ്ങി മൂന്നു മാസത്തിനുള്ളിൽതന്നെ വിവാഹനിശ്ചയം നടത്താൻ അയാളും കുടുംബവും സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് ആ നീക്കത്തിൽ നിന്ന് പിന്മാറിയത് സ്വന്തം തീരുമാനമായിരുന്നു. ഈ വിഷമം കരിയറിനെയും സാരമായി ബാധിച്ചു. കരിയറിലെ വലിയ വിജയമായ ‘ഡ്രാഗൺ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതും, നിരവധി നല്ല അവസരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതും ഈ മാനസിക സമ്മർദം മൂലമായിരുന്നു.

നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിനെ തുടർന്നുണ്ടായ അഭ്യൂഹങ്ങൾക്കും അനുപമ മറുപടി നൽകി. ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമല്ല പ്രണയ തകർച്ചയെന്നും, രണ്ടു വർഷത്തെ അനുഭവിച്ച യാതനകളുടെ ഒടുവിലാണ് ഇതിൽനിന്ന് പുറത്തുകടന്നതെന്നും അവർ വ്യക്തമാക്കി. വലിയൊരു മാനസികാഘാതത്തിൽ നിന്ന് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് താൻ തിരികെ ജീവിതത്തിലേക്ക് എത്തിയത്.