
റെഡ് കാർപ്പറ്റിൽ വെച്ച് ആരാധികയിൽനിന്ന് അപ്രതീക്ഷിത അനുഭവം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി നടി നികിത റാവൽ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എപ്പോഴും സത്യത്തിനൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കിയ നടി, തനിക്ക് പിന്തുണയുമായെത്തിയ എല്ലാവർക്കും സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.
മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടയിലാണ് ഒരു വനിതാ ആരാധിക സെൽഫിയെടുക്കാനായി നടിയുടെ അടുത്തേക്ക് എത്തിയത്. നടി സന്തോഷത്തോടെ സെൽഫിക്ക് സമ്മതിച്ചെങ്കിലും, ഫോട്ടോയെടുക്കുന്നതിനിടെ ആരാധിക ആദ്യം കവിളിലും തുടർന്ന് അപ്രതീക്ഷിതമായി ചുണ്ടിലും ചുംബിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയും വൻ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു.
സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ആരാധകൻ ഇൻസ്റ്റഗ്രാമിൽ അയച്ച സന്ദേശത്തിന് മറുപടിയായാണ് നടി തന്റെ നിലപാട് പരസ്യമാക്കിയത്. ചുംബിച്ചത് ഒരു സ്ത്രീയായതുകൊണ്ടു മാത്രം ഈ അതിക്രമത്തെ നിസ്സാരവത്കരിക്കാൻ കഴിയില്ലെന്നായിരുന്നു ആരാധകന്റെ സന്ദേശം. ഇതിനോട് പ്രതികരിച്ച നികിത, തനിക്ക് ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും ഇത്തരം അനുഭവങ്ങളിൽ സത്യത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും കുറിച്ചു.