
ലോകേഷ് കനകരാജ് നായകനായ ‘ഡി.സി’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് നടി വാമിഖ ഗബ്ബി തനിക്ക് വിലകൂടിയ ഐഫോൺ 17 പ്രൊ-മാക്സ് സമ്മാനിച്ചെന്ന വെളിപ്പെടുത്തലുമായി നടൻ ജവഹർ ശക്തി. ചിത്രത്തിൽ ‘കറുപ്പ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജവഹർ, അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് വാമിഖയുടെ ഉദാരമനസ്കതയെയും ഊഷ്മളമായ പെരുമാറ്റത്തെയും കുറിച്ച് മനസ്സുതുറന്നത്.
അഭിമുഖത്തിനിടെ വാമിഖ സമ്മാനിച്ച ഐഫോൺ പ്രേക്ഷകർക്ക് മുന്നിൽ ഉയർത്തിക്കാട്ടിയ ജവഹർ, ഫോണിന്റെ വാൾപേപ്പറും കാണിച്ചു കൊടുക്കുകയുണ്ടായി. വാമിഖയുടെ കയ്യിൽ പനിനീർപ്പൂക്കളുമായി ജവഹറും ഒന്നിച്ചുനിൽക്കുന്ന ചിത്രമാണ് സ്‌ക്രീനിൽ വാൾപേപ്പറായി നൽകിയിരിക്കുന്നത്. വലിയ താരമെന്ന വലിപ്പച്ചെറുപ്പമില്ലാതെ സെറ്റിൽ എല്ലാവരോടും സൗഹൃദത്തോടെയാണ് വാമിഖ പെരുമാറിയതെന്ന് ജവഹർ ഓർത്തെടുത്തു. ചില സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചാൽ പോലും പലരും ചിരിച്ചാൽ തിരിച്ചുചിരിക്കാൻ തയ്യാറാകാറില്ലെന്നും എന്നാൽ വാമിഖ അടുത്ത് വന്ന് ആലിംഗനം ചെയ്ത് കുശലാന്വേഷണം നടത്തുന്ന രീതിയിലുള്ള വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ‘ചന്ദ്ര’ എന്ന കഥാപാത്രത്തെപ്പോലെ തന്നെ ജീവിതത്തിലും ബോൾഡും, കരുണയുള്ളവളും, ക്യൂട്ടും തന്നെയാണ് വാമിഖയെന്നും ജവഹർ കൂട്ടിച്ചേർത്തു.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ഡി.സി’യിലൂടെ പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. വാമിഖ ഗബ്ബി നായികയാകുന്ന ചിത്രത്തിൽ സഞ്ജന കൃഷ്ണമൂർത്തിയും പ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.