
താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിക്ക് എതിരായുള്ള ശ്വേത മേനോന്‍റെ കേസില്‍ കക്ഷി ചേരാന്‍ എറണാകുളം മുൻസിഫ് കോടതിയിൽ അപേക്ഷ നൽകി നടി അന്‍സിബ ഹസന്‍. ശ്വേത മേനോന്‍റെ ഹര്‍ജിയില്‍ രമേഷ് പിഷാരടി അധ്യക്ഷനായ അമ്മ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി തത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേസ് ഈ മാസം 13 ന് കോടതി വീണ്ടും പരിഗണിക്കും. അമ്മയുടെ പ്രവർത്തനങ്ങൾ അഡ്ഹോക്ക് കമ്മിറ്റിക്ക് നടത്താൻ അധികാരം ഇല്ലെന്നാണ് ശ്വേതയുടെ വാദം. നിലവിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും കോടതിയുടെ ഉത്തരവില്‍ ഉണ്ടായിരുന്നു.
കോടതി ഉത്തരവ് വന്നതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്നും രമേഷ് പിഷാരടി രാജി വച്ചിരുന്നു. അമ്മ സംഘടനയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.
ശ്വേത മേനോന്‍ അടക്കം രാജി പ്രഖ്യാപിച്ചവര്‍ അമ്മയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗം കെ ബി ഗണേഷ് കുമാറും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശ്വേത മേനോന്‍ മറുപടിയുമായി എത്തിയിരുന്നു. അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കോടതിയെയും സമീപിച്ചത്.