‘അമ്മ’ പിരിച്ചുവിടണമെന്ന ചർച്ചകൾ വേദനയുണ്ടാക്കുന്നു, കോടതിയുടെ തീരുമാനങ്ങൾ വരട്ടെ”; രവീന്ദ്രൻ

','

' ); } ?>

മുപ്പത്തിരണ്ട് വർഷമായി സംഘടനയുടെ തുടക്കം മുതൽ കൂടെയുള്ള ആളെന്ന നിലയിൽ, ‘അമ്മ’ പിരിച്ചുവിടണമെന്ന തരത്തിലുള്ള ചർച്ചകൾ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടൻ രവീന്ദ്രൻ. സംഘടനയിലുള്ള അഞ്ഞൂറോളം വരുന്ന അംഗങ്ങളിൽ ഭൂരിഭാഗവും സിനിമയില്ലാതെ കാരുണ്യപ്രവർത്തനങ്ങളെയും കൈനീട്ടത്തെയും ആശ്രയിച്ചു ജീവിക്കുന്നവരാണെന്നും, തെറ്റുകൾ ചൂണ്ടിക്കാട്ടി വിമർശിക്കാമെങ്കിലും സംഘടനയെ ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രവീന്ദ്രൻ വാക്കുകൾ:

“ഞാൻ ഇന്ന് നിങ്ങളെ കാണാമെന്ന് വിചാരിച്ചതിൻ്റെ പ്രധാന കാരണം എന്ന് പറഞ്ഞാൽ, ഇന്നലത്തെ സംഭവവികാസങ്ങളെല്ലാം മാധ്യമങ്ങളിൽ കാണുമ്പോൾ ഒരുപാട് വിഷമമുണ്ട്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന, പരിണിതപ്രജ്‌ഞനായ സുധാകരൻ സർ വരെ വന്ന് ‘അമ്മ സംഘടന പിരിച്ചുവിടേണ്ട സമയമായി’ എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ വളരെ ദുഃഖം തോന്നി. കാരണം, ആ ഒരു അവസ്‌ഥയിലേക്ക് അദ്ദേഹത്തിനെ എത്തിച്ചതും നമ്മുടെ ഭാഗത്തുനിന്നുണ്ടായ ഒരു തെറ്റാണെന്ന് ഞാൻ അംഗീകരിക്കുന്നു. ഇത് നമ്മൾ ഒരു 32 വർഷം മുൻപ് തുടങ്ങിയപ്പോൾ അഭിനേതാക്കളുടെ അവകാശങ്ങളെല്ലാം സംരക്ഷിക്കാൻ വേണ്ടിയാണ് രൂപീകരിച്ചത്. ഇതിൻ്റെ തുടക്കം മുതൽ ഒരു ലൈഫ് മെമ്പറാണ് ഞാൻ. പിന്നീട് നമ്മൾ ഇത് കാരുണ്യപ്രവർത്തനങ്ങൾക്കും കൂടി വേണ്ടി പ്രവർത്തിക്കണം എന്നുള്ള ഒരു ധാരണ ഉണ്ടാവുകയും അങ്ങനെ തന്നെയാണ് മുന്നോട്ട് പോയതും. ഇന്ന് ‘അമ്മ’യിലെ മെമ്പേഴ്‌സിന് വേണ്ടിയുള്ള കാരുണ്യപ്രവർത്തനങ്ങൾ, അവരെ സഹായിക്കാനുള്ള കാര്യങ്ങൾ… ഇതൊക്കെ ഇത്രത്തോളം ചെയ്യുന്ന മറ്റൊരു സംഘടനയും ലോകത്ത് എവിടെയും ഉണ്ടാകില്ല. എല്ലാ മാസവും അവർക്ക് കൈനീട്ടമെത്തുന്നു, മരുന്ന് എത്തുന്നു, ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഒരു കുടുംബമായിട്ടാണ് ഞങ്ങൾ പോകുന്നത്.

അതിൽ പലപ്പോഴും ഞങ്ങൾക്ക് ഇങ്ങനെ ഒരു സ്‌ഥിതി ഉണ്ടായി എന്നത് യഥാർഥത്തിൽ സങ്കടകരമാണ്. പക്ഷേ, അതുകൊണ്ട് ‘സംഘടന പിരിച്ചുവിട്ടേക്ക്’ എന്നൊന്നും പറഞ്ഞ് നിങ്ങൾ ബഹളം കൂട്ടരുത്. കാരണം ഇതിനെ പ്രതീക്ഷിച്ചു നിൽക്കുന്ന ഒരുപാട് മെമ്പേഴ്‌സ് ഇതിനകത്തുണ്ട്. ഈ അഞ്ഞൂറോളം മെമ്പേഴ്‌സിൽ എല്ലാവർക്കും സിനിമയിൽ ജോലിയൊന്നുമില്ല. ഇതിൽ ആകെ ഒരു അൻപതോ എഴുപതോ പേർക്ക് മാത്രമേ എപ്പോഴും തൊഴിൽ ലഭിക്കുന്നുള്ളൂ. മൂന്നോ നാലോ വർഷമായിട്ട് സിനിമ ചെയ്യാൻ പറ്റാതെ നിൽക്കുന്ന ഒരുപാട് മെമ്പേഴ്‌സ് ഞങ്ങൾക്കുണ്ട്. ഞങ്ങൾ, നിങ്ങൾ ഈ പറയുന്നതുപോലെ അഭിനേതാക്കളാണ്; അതുകൊണ്ട് പൊതുവേ പറയുന്നതുപോലെ ഞങ്ങൾ കുറച്ച് ഇമോഷനൽ ആയിട്ട് സംസാരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങൾ ഞങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചുപോയിട്ടുണ്ട്. അതിന്റെ പേരിൽ നമ്മുടെ സംഘടന തന്നെ ഇല്ലാതാക്കണം എന്നുള്ള രീതിയിലേക്ക് നിങ്ങളും പോകരുത്, അങ്ങനെയുള്ള അഭിപ്രായങ്ങൾ വരരുത്. അത് ഞങ്ങൾക്ക് ഒരുപാട് വേദനയുണ്ടാക്കുന്നതാണ്. കാരണം, ഇതിനകത്ത് ഒരുപാട് പേരുടെ ജീവിതമുണ്ട്.

അതുകൊണ്ട് എനിക്ക് വളരെയധികം വിഷമം ഉണ്ടായപ്പോഴാണ് ഞാൻ ഇങ്ങനെ ഒരു അപേക്ഷയുമായി വന്നത്. ഈ സംഘടന നിലനിൽക്കണം. ഒരു കാര്യത്തിൽ എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും എല്ലാ മെമ്പേഴ്‌സും ഒരേ സ്വരത്തിൽ നിൽക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ‘ഈ സംഘടന നിലനിൽക്കണം’ എന്ന കാര്യത്തിൽ മാത്രമാണ്. ബാക്കി പല കാര്യത്തിലും ഞങ്ങൾക്ക് വിഭിന്നസ്വരങ്ങൾ ഉണ്ടാകാം. നമ്മൾ മലയാളികളാണ്, കേരളീയരാണ്. നമ്മൾ നമ്മുടെ അഭിപ്രായസ്വാതന്ത്യം പ്രകടിപ്പിക്കും, വിയോജിപ്പുകൾ അറിയിക്കും. ചിലപ്പോൾ അത് ഇമോഷനൽ ആയി വരും, കാരണം ഞങ്ങൾ അഭിനേതാക്കളല്ലേ; പലപ്പോഴും വന്ന് ഞങ്ങളുടെ ഇമോഷൻസ് കൺട്രോൾ ഇല്ലാതെ സംസാരിച്ചുപോയെന്ന് വരാം.

ഞങ്ങൾക്ക് പൂർണമായിട്ടും അറിയാം, ഈ ജനങ്ങൾ തരുന്ന സ്നേഹാദരവുകളാണ് ഞങ്ങളുടെ ശക്തി. നിങ്ങൾ തരുന്ന കയ്യടികളാണ് ഞങ്ങളുടെ ഊർജ്ജം. അതുകൊണ്ട് ഞങ്ങളെ വിമർശിക്കാനുള്ള എല്ലാ അവകാശങ്ങളും മീഡിയയ്ക്കും ജനത്തിനുമുണ്ടെന്ന് ഉത്തമബോധ്യമുള്ള ഒരുത്തനാണ് ഞാൻ. കാരണം നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്, അതാണ് ഞങ്ങളുടെ ജീവിതമാർഗ്ഗം. നിങ്ങൾക്ക് ഞങ്ങളെ വിമർശിക്കാം, ഞങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാം. പക്ഷേ, ഞങ്ങൾ ഇല്ലാതാവണമെന്നോ ഞങ്ങളുടെ സംഘടന ഇല്ലാതാവണമെന്നോ ഒരിക്കലും നിങ്ങൾ പറയരുത്. കാരണം ഇതിനെ പ്രതീക്ഷിച്ച് ജീവിക്കുന്ന ഒരുപാട് മെമ്പേഴ്സ് ഉണ്ട്, എനിക്കത് വ്യക്‌തമായിട്ട് അറിയാവുന്നതാണ്. ഇതിനകത്ത് ഇപ്പോൾ രണ്ടു പക്ഷമുണ്ടായിട്ടുണ്ട്, ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്, നമ്മൾ എല്ലാവരും അഭിപ്രായങ്ങൾ കൂടുതലുള്ളവരാണല്ലോ.

പക്ഷേ, ഈ സമയം എന്ന് പറഞ്ഞാൽ എല്ലാവരും ഇമോഷനൽ ആയി ചാർജ് ആയിരിക്കുന്ന സമയമാണ്. ഈ സമയത്ത് ഒരു സമാധാനം കൊണ്ടുവരാൻ പറ്റി എന്ന് വരില്ല. ഇതിനൊരു സമയമുണ്ട്. ഈ വെള്ളം ഒഴുക്കിൽ പോകും സർ… ഒരുപാട് വെള്ളം ഇതിന്റെ അടിയിലൂടെ ഒഴുകിപ്പോയിട്ടുണ്ട്, ഒരുപാട് പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ഈ സംഘടന തരണം ചെയ്തിട്ടുമുണ്ട്. എന്നാലും ഒരു കാര്യത്തിൽ ഞങ്ങൾ എന്നും ഉറച്ചുനിന്നിട്ടുണ്ട്. ഈ സംഘടനയുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമ്പോൾ അന്നേരം ഞങ്ങളെല്ലാം ഒരു കെട്ടായിട്ട് തന്നെ നിൽക്കും. നമ്മൾ ആരും നിങ്ങളെ കുറ്റം പറയുന്നില്ലല്ലോ, നിങ്ങൾക്ക് വിമർശിക്കാനുള്ള അധികാരം ഉണ്ടെന്ന് തന്നെയല്ലേ ഞാൻ പറഞ്ഞത്. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെ പേരിൽ കുറ്റമല്ല പറയുന്നത്, നമ്മൾ നമ്മുടേതായ കാര്യങ്ങൾ പറയുന്നു എന്ന് മാത്രം. അഭിപ്രായവ്യത്യാസങ്ങൾ ഞങ്ങളിൽ ഉണ്ടായിട്ടുണ്ട് സർ, അത് എല്ലാ സംഘടനകളിലും ഉണ്ടാകാറുള്ളതല്ലേ? അഭിപ്രായവ്യത്യാസമുള്ള ഒരേയൊരു സംഘടന ഇതല്ലല്ലോ. അതൊക്കെ ഉണ്ടാകും, അത് മലയാളി ആയതുകൊണ്ടാണ്. എന്റെ വ്യക്‌തമായ അഭിപ്രായം ഈ സംഘടന നിലനിൽക്കണം എന്ന് തന്നെയാണ്, അതാണ് എന്റെ ഉദ്ദേശം.

ഇങ്ങോട്ടുള്ള പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതാണ്. അത് തീർച്ചയായിട്ടും എല്ലാവരും സ്വയം മനസ്സിലാക്കിയാൽ തന്നെ ഇല്ലാതാകും. തീർച്ചയായും ഇടപെടേണ്ട സമയത്ത് അവർ ഇടപെടും. നിങ്ങൾക്ക് തോന്നുന്നുണ്ടോ മോഹൻലാലും മമ്മൂട്ടിയും സുരേഷേട്ടനുമെല്ലാം ഈ സംഘടന തകരാനായിട്ട് നോക്കിനിൽക്കുമെന്ന്? ഇല്ല, ഈ സംഘടന നിലനിർത്താൻ തന്നെയാണ് അവർ നിൽക്കുന്നത്. അത് സമയോചിതമായ സമയത്തല്ലേ അവർ പറയുകയുള്ളു. നിങ്ങൾ മാധ്യമങ്ങൾ ഇത്രയും ചൂട് ആയിരിക്കുന്ന സമയത്ത് ഞാൻ വന്ന് പറഞ്ഞാൽ അത് നടക്കുമോ? പലരും ഈ സമയത്ത് ഇടപെടാൻ ശ്രമിച്ചാൽ അത് പെട്ടെന്ന് ബാക്ക്ഫയർ ചെയ്തേക്കാം. കാരണം ഇമോഷണൽ ആയിട്ട് എല്ലാവരും ഭയങ്കര ‘ബോയിൽഡ്’ ആയി നിൽക്കുകയാണ്. എന്നാൽ ഇന്ന് എൻ്റെ ആവശ്യങ്ങളും നിലപാടുകളും പറയാൻ എനിക്ക് ഒരു മടിയും ഉണ്ടായിട്ടില്ല. എന്ത് പറയണമെന്ന് തോന്നി ഫ്രാങ്ക് ആയിട്ട്, അതൊക്കെ ഞാൻ വ്യക്തമാക്കുന്നുണ്ട്. നിങ്ങൾക്ക് ഭാവനാപരമായിട്ടുള്ള പല ചോദ്യങ്ങളും ചോദിക്കാം, പക്ഷേ എൻ്റെ കാര്യം ഞാനാണ് പറയേണ്ടത്. അത് പറയാനുള്ള ത്രാണി എനിക്കുണ്ട്, ഞാൻ പറയുകയും ചെയ്യും. അതുകൊണ്ടാണ് ഞാൻ നിങ്ങളെ ഇന്ന് ഇവിടെ വിളിച്ചുകൂട്ടിയത്.

തീർച്ചയായിട്ടും ഈ പ്രശ്‌നങ്ങളെല്ലാം അവരവർ തന്നെ തിരിച്ചറിയുന്ന ഒരു അവസ്ഥയുണ്ടാകും. കാരണം മുൻപും ഞങ്ങൾക്ക് പലപ്പോഴും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്, ഞങ്ങൾ ഒരുപാട് പ്രശ്‌നങ്ങൾ തരണം ചെയ്തിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് ഇന്നും ഉറപ്പുതരുന്നു, ഈ പ്രശ്ന‌ങ്ങൾ താനേ ഇല്ലാതാകും, അല്ലാതെ ഇത് തമ്മിത്തല്ലി പിരിയില്ല. ശ്വേതാ മേനോന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള ആരോപണങ്ങളിലേക്ക് കടക്കുകയാണെങ്കിൽ ഞാൻ അന്ന് ജനറൽ ബോഡിയിൽ പങ്കെടുത്തില്ല എന്നത് സത്യമാണ്. ആ സമയത്ത് ഞാൻ കാൻ ഫിലിം ഫെസ്‌റ്റിവലിൽ പങ്കെടുക്കുകയായിരുന്നു.

അതുകൊണ്ട് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ ഇവിടെ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിൽ ഇടപെടരുത് എന്ന് ഞാൻ വിചാരിച്ചു. ഞാൻ ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്, ഞാൻ പഠിക്കട്ടെ, എന്നിട്ട് അഭിപ്രായം പറയാം. അവർ ഇപ്പോൾ കോടതിയിൽ നിൽക്കുന്ന ഒരു വിഷയമല്ലേ, കോടതിയുടെ ഒരു തീരുമാനം മുൻപിൽ നിൽക്കുമ്പോൾ അത് ആ വഴിക്ക് നിൽക്കട്ടെ. അതിൽ ഒരു മാറ്റം ഉണ്ടാകുമ്പോൾ നമ്മൾ അന്നേരം പറയാം. പഠിച്ചു വരുമ്പോഴേക്കും ഈ പ്രശ്‌നങ്ങൾ തീരുകയാണെങ്കിൽ അത് വളരെ സന്തോഷമുള്ള കാര്യമല്ലേ, അതിനകത്ത് എന്തിനാണ് നിങ്ങൾ ദുഃഖം കാണുന്നത്? ഇത് തീരരുത് എന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ അങ്ങനെയാവട്ടെ.

കോടതിക്ക് മുൻപിൽ ഞാൻ വലിയ ആളല്ലല്ലോ. കോടതിയെക്കാളും വലിയൊരാളാണോ ഞാൻ? അല്ലല്ലോ. കോടതി ഒരു തീരുമാനം എടുത്തതിനെതിരെ എനിക്ക് പറയാൻ അവകാശമുണ്ടോ? എനിക്കില്ല. അപ്പോൾ കോടതിയുടെ തീരുമാനങ്ങൾ വരട്ടെ. പിന്നെ കുക്കു പരമേശ്വരന്റെ മൗനത്തെക്കുറിച്ച് ചോദിച്ചാൽ, ഓരോരുത്തരും ഓരോ വ്യക്‌തിത്വമുള്ളവരാണ് ‘അമ്മ’യിൽ. കാരണം ഞങ്ങൾ അഭിനേതാക്കളാണ്, പലരുടെയും ഇമോഷനൽ കൺട്രോൾ പല രീതിയിലാണ്. ചിലർക്ക് അത് സ്വയം അടക്കാനുള്ള ശക്തിയുണ്ടാകാം, ബുദ്ധിപരമായി നീങ്ങാനുള്ള കഴിവുണ്ടാകാം. പലരും ഇമോഷനൽ ആയി പെട്ടെന്ന് ചെന്ന് പ്രതികരിച്ചേക്കാം. ഇപ്പോൾ ഞാൻ മനസ്സിലാക്കിയത്, പെട്ടെന്ന് ഒരു ആരോപണം വന്നപ്പോൾ ശ്വേത ഇറങ്ങി ഓടുകയാണ് ചെയ്‌തത്. അത് ഫേസ് ചെയ്യാൻ ചിലപ്പോൾ അവർക്ക് പറ്റി എന്ന് വരില്ല.

ഇതിന്റെ തുടക്കകാലം മുതൽ, അതായത് 80കൾ മുതൽ സിനിമയിലുള്ള ഒരു മുതിർന്ന സീനിയർ ആക്‌ടർ തന്നെയാണ് ഞാൻ. ഇതിലുള്ള എല്ലാ മെമ്പേഴ്സിനെയും എനിക്ക് വ്യക്‌തിപരമായി നന്നായിട്ടറിയാം. എന്നെക്കാളും ഇതിൻ്റെ മുകളിൽ അധികാരമുള്ളവരും പറഞ്ഞാൽ കേൾക്കുന്നവരുമായ ആളുകളുണ്ട്. മോഹൻലാലും മമ്മൂട്ടിയും ഇന്ന് ഞങ്ങൾക്ക് അങ്ങനെ രണ്ടുപേരുള്ളത് വലിയൊരു ആശ്വാസമാണ്. അവർ സമയോചിതമായ സമയത്ത് ഇതിനകത്ത് ഇടപെട്ട് ഇത് നിലനിർത്തും എന്നുള്ള കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല, ഇത് നൂറു ശതമാനം ഉറപ്പാണ്. ഇത് തകരാൻ ലാലേട്ടനും മമ്മൂക്കയും അനുവദിക്കില്ല.” രവീന്ദ്രൻ പറയുന്നു.