
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് നടി മമിത ബൈജു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ടീം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും മമിത വ്യക്തമാക്കി. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സ്റ്റോറിയിലൂടെ മമിത തന്നെയാണ് ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
അതേ സമയം മമിത പ്രധാന വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’, നിവിൻ പോളി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് മമിതയുടേതായി ഇനി വരാനുള്ള ചിത്രങ്ങൾ. അതോടൊപ്പം പ്രദീപ് രംഗനാഥന്റെ പുതിയ ചിത്രത്തിലും മമിതയാണ് നായിക. ധനുഷ് നായകനായെത്തിയ കരയാണ് മമിതയുടേതായി ഒടുവിൽ എത്തിയ ചിത്രം.
ലക്കി ഭാസ്കറിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സൂര്യയും മമിതയും ഒന്നിച്ചുള്ള പട്ടാം പൂച്ചി എന്ന പ്രൊമോ സോങ് ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. ജി വി പ്രകാശ് കുമാറിൻ്റേതാണ് സംഗീതം.
വലിയ മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാമത്തെ ചിത്രം കൂടിയാണിത്. ബത്‌ലഹേം കുടുംബ യൂണിറ്റ് സംവിധാനം ചെയ്യുന്നത് ഗിരീഷ് എഡി ആണ്.