
തന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ പോലീസിനോട് കോടതി നിർദേശിച്ചതിന് പിന്നാലെ കേരളാ ഹൈക്കോടതിയുടെ ചിത്രം പങ്കുവെച്ച് നടി അൻസിബ ഹസ്സൻ. സത്യമേവ ജയതേ’, എന്ന ഒറ്റവരിക്കുറിപ്പും ചിത്രത്തിനൊപ്പം അൻസിബ കുറിച്ചിട്ടുണ്ട്.
അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസ് റിപ്പോർട്ട്. പിന്നാലെ, അൻസിബ കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച എറണാകുളം സെഷൻസ് കോടതി അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ പോലീസിനോട് നിർദേശിച്ചിരുന്നു.
പിന്നാലെ കോടതി ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചാലുടൻ അൻസിബയുടെ പരാതിയിൽ കേസെടുക്കുമെന്ന് കൊച്ചി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. നേരത്തെ നടത്തിയ പരിശോധനയിൽ കേസെടുക്കാൻ പാകത്തിൽ തെളിവുകൾ ലഭിച്ചിരുന്നില്ല. ഇപ്പോൾ കോടതി നിർദേശം വന്നിരിക്കുകയാണെന്നും ഉത്തരവ് ലഭിച്ചാലുടൻ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.