
വരുന്ന തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ രാഘവ ലോറൻസ്. ഷൂട്ടിങ് ലൊക്കേഷനുകളിൽ പോലും ആളുകൾ തന്നെ ‘തിരുച്ചി ഈസ്റ്റ് എം.എൽ.എ’ എന്ന് വിളിച്ച് സ്വാഗതം ചെയ്യാറുണ്ടെന്നും ജനങ്ങളുടെ ഈ സ്നേഹത്തിന് നന്ദിയുണ്ടെന്നും ലോറൻസ് പറഞ്ഞു. കൂടാതെ താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ ഒരു സാധാരണ പാർട്ടി അംഗമായി ചേർന്ന് കുറഞ്ഞത് മൂന്ന് നാല് വർഷമെങ്കിലും ജനങ്ങൾക്കായി അധ്വാനിക്കണമെന്നാണ് തന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച 16 മിനിറ്റ് നീണ്ട വിഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“വിജയ് ഒരു സിനിമാ നടനായിരുന്ന കാലം മുതൽ അദ്ദേഹത്തിന് വേണ്ടി പോസ്റ്ററുകൾ ഒട്ടിച്ചും, പാർട്ടി രൂപീകരിച്ചപ്പോൾ താഴെത്തട്ടിൽ കഠിനാധ്വാനം ചെയ്തും കൂടെനിന്ന ഒരുപാട് സാധാരണ പ്രവർത്തകരുണ്ട്. ആ മരത്തിന്റെ ഫലം അനുഭവിക്കേണ്ടത് വിത്ത് പാകി അതിനെ വളർത്തിയെടുത്തവരാണ്. അല്ലാതെ പെട്ടെന്നൊരു ദിവസം മറ്റൊരാൾ വന്ന് അത് തട്ടിയെടുക്കുന്നത് ശരിയല്ല. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ ഒരു സാധാരണ പാർട്ടി അംഗമായി ചേർന്ന് കുറഞ്ഞത് മൂന്ന് നാല് വർഷമെങ്കിലും ജനങ്ങൾക്കായി അധ്വാനിക്കണമെന്നാണ് എന്റെ നയം.” ലോറൻസ് വിഡിയോയിൽ പറഞ്ഞു.
തന്റെ ജീവകാരുണ്യ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്കായി മുൻപ് കരുണാനിധി, എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, അൻപുമണി രാമദോസ് എന്നിവർ നൽകിയ പിന്തുണയെ ലോറൻസ് വിഡിയോയിൽ അനുസ്മരിച്ചു. നടനായിരുന്ന കാലത്ത് സ്വന്തം പണം ചിലവഴിച്ച് ഒരു കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് വിജയ് സഹായിച്ചിട്ടുണ്ടെന്നും, ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായ സാഹചര്യത്തിൽ കൂടുതൽ ധൈര്യത്തോടെ കുട്ടികളുടെ ചികിത്സാ സഹായത്തിനായി വിജയയെ സമീപിക്കും.” ലോറൻസ് വീഡിയോയിൽ കൂട്ടിച്ചേർത്തു.
എന്നാൽ വീഡിയോ ഇറങ്ങിയതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനവും തരാം നേരിടുന്നുണ്ട്. താരം ‘നൈസായി മുങ്ങുകയായിരുന്നു’ എന്നാണ് സോഷ്യൽ മീഡിയയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ. ലൈവ് വീഡിയോയിൽ രാഷ്ട്രീയവുമായി നേരിട്ട് ബന്ധമില്ലാത്ത കുറെ കഥകളും തന്റെ കീഴിലുള്ള ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും സംസാരിച്ച് ലോറൻസ് വിഷയം മാറ്റാൻ ശ്രമിച്ചതായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന എതിരാളികളെ എല്ലാ തരത്തിലും കടന്നാക്രമിക്കുകയും വ്യക്തിപരമായി ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഡി.എം.കെയുടെ കടുത്ത രാഷ്ട്രീയ ശൈലിയെ ഭയന്നാണ് ലോറൻസ് ഈ പിന്മാറ്റം നടത്തിയതെന്നാണ് വിലയിരുത്തൽ.