
‘കിങ് ഓഫ് കൊത്ത’ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് പരാജയവും അതിനെത്തുടർന്നുള്ള സൈബർ ആക്രമണങ്ങളും തന്റെ സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്നും, തുടർന്ന് മലയാള സിനിമയിൽ തനിക്ക് അവസരങ്ങൾ നൽകാൻ അണിയറപ്രവർത്തകർ ഭയപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ തിരിച്ചടിയെ തുടർന്ന് നേരിടേണ്ടി വന്ന ട്രോളുകൾ വ്യക്തിപരമായി വലിയ ആഘാതമുണ്ടാക്കിയതായി രഞ്ജിനി ഹരിദാസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം വ്യക്തമാക്കി.
2023-ൽ വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തിലെ തന്റെ അഭിനയവും സംഭാഷണ ശൈലിയും കടുത്ത രീതിയിൽ പരിഹസിക്കപ്പെട്ടിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. ‘ഹലോ മമ്മി’ എന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വെച്ച് അസിസ്റ്റന്റ് ഡയറക്ടറിൽ നിന്ന് നേരിട്ട പരിഹാസങ്ങൾ ഉൾപ്പെടെയുള്ള അനുഭവങ്ങൾ തനിക്ക് വലിയ വേദനയുണ്ടാക്കി. പ്രേക്ഷകരുടെ പല വിമർശനങ്ങളും ശരിയാണെന്ന് പിന്നീട് ബോധ്യപ്പെട്ടതായും താരം തുറന്നുപറഞ്ഞു.
ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ തനിക്കൊപ്പം നായകൻ ദുൽഖർ സൽമാനും അണിയറപ്രവർത്തകർക്കും വലിയ രീതിയിൽ ട്രോളുകൾ നേരിടേണ്ടി വന്നു. കടുത്ത സൈബർ ആക്രമണങ്ങൾ ഭയന്ന് ദുൽഖറിനൊപ്പം ചെയ്യാനിരുന്ന ഓണക്കാലത്തെ പരസ്യചിത്രത്തിൽ നിന്ന് താൻ സ്വയം പിന്മാറുകയായിരുന്നു. അത്തരം പ്രതികൂല സാഹചര്യങ്ങൾ കാരണം ഇനി ദുൽഖറിനൊപ്പം വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് സംശയമാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
ഐശ്വര്യയുടെ വാക്കുകൾ
‘‘2023-ൽ വലിയ ഹൈപ്പോടെ വന്ന സിനിമയായിരുന്നു ‘കിങ് ഓഫ് കൊത്ത’. എന്നാൽ അതിന് ശേഷം മലയാള ഇൻഡസ്ട്രിയിൽ എന്നെ കാസ്റ്റ് ചെയ്യാൻ പേടിയായതുപോലെ തോന്നി. എനിക്ക് മാത്രമല്ല, ദുൽഖറിനും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ട്രോളുകൾ നേരിടേണ്ടി വന്നു. ‘കിങ് ഓഫ് കൊത്ത’യുടെ പരാജയത്തിന് ശേഷം ഒരുപാട് ട്രോളുകളൊക്കെ വന്നിരുന്നു. എനിക്ക് മാത്രമല്ല, ദുല്‍ഖറിനും ടീമിന്റെ മൊത്തം ക്രൂവിനും അത്തരം ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. എന്റെ അഭിനയത്തെയും ഡയലോഗ് ഡെലിവറിയെയും എല്ലാം ട്രോള്‍ ചെയ്തു. പക്ഷേ പലപ്പോഴും അവര്‍ പറയുന്നത് ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.
ചിത്രത്തില്‍ ഞാന്‍ ദുല്‍ഖറിനെ, ‘രാജുവേട്ടാ’ എന്ന് വിളിക്കുന്നത് പറഞ്ഞുകൊണ്ടാണ് പലരും കളിയാക്കിയത്. ‘ഹലോ മമ്മി’യുടെ ഷൂട്ടിങ് സമയത്ത് ഒരു എഡി എന്നെ അത് വിളിച്ച് കളിയാക്കിയത് എനിക്ക് വലിയ വേദനയുണ്ടാക്കി. അതുപോലെ പലതും. അതിന് ശേഷം ദുല്‍ഖറിനൊപ്പം എനിക്കൊരു ആഡ് ഷൂട്ട് വന്നിരുന്നു, പക്ഷേ അവരോട് ഞാന്‍ പറഞ്ഞു- പ്രത്യാഘാതം അതിഭീകരമാണ്, നിങ്ങള്‍ക്കത് പണിയാവും എന്ന്. എനിക്ക് തോന്നുന്നില്ല, ഇനി എനിക്ക് ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന്. അത്തരം ട്രോളുകള്‍ എന്നെ അത്രയധികം ബാധിച്ചിട്ടുണ്ട്. ’’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.