
തുടർച്ചയായി സൈബർ ആക്രമണം നടത്തുന്നുവെന്നാരോപിച്ച് നടൻ ടിനി ടോമിനെതിരെ പോലീസിൽ പരാതി നൽകി നടി അൻസിബ. തനിക്കെതിരെ വർഗീയ പരാമർശം നടത്തുകയും കുടുംബത്തെ ഉൾപ്പെടെ വേട്ടയാടുകയാണെന്നും അൻസിബ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചി ഇൻഫോ പാർക്ക് പോലീസിലാണ് അൻസിബ പരാതി നൽകിയിരിക്കുന്നത്.
തൻ്റെ ഡ്രൈവറെ മതം മാറ്റാൻ അൻസിബ ശ്രമിച്ചുവെന്നായിരുന്നു ടിനി ടോം, അൻസിബയ്ക്കെതിരെ ഉയർത്തിയ ആരോപണം. സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ താൻ ഉന്നയിച്ച അഭിപ്രായം ടിനി ടോമിന് അംഗീകരിക്കാൻ സാധിച്ചിരുന്നില്ലെന്നും ഇതിനുപിന്നാലെ തന്നെ വ്യക്തിപരമായി വേട്ടയാടുന്ന സമീപനമാണ് നടൻ ടിനി ടോം സ്വീകരിച്ചതെന്നുമായിരുന്നു പിന്നാലെ അൻസിബ ആദ്യഘട്ടം മുതൽ ഉന്നയിച്ചിരുന്ന ആരോപണം.
ടിനി ടോമിന് പുറമെ, ലക്ഷ്മി പ്രിയയ്ക്കെതിരേയും അൻസിബ മുമ്പ് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കാണ് അൻസിബ ഈ പരാതി നൽകിയത്. നടൻ ടിനി ടോം സാമൂഹികവിപത്താണെന്നും ടിനി ടോം തെറ്റ് ചെയ്തത് തന്നോട് മാത്രമല്ല, കേരളം പോലെ മതനിരപേക്ഷമായ ഒരു സമൂഹത്തിനോടും കൂടിയാണെന്നും ഇത്തരക്കാരുടെ കപടമുഖം അഴിഞ്ഞുവീഴണമെന്നും അൻസിബ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നടിയും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണത്തുറ വനിതാ എസ്ഐ വി.ആർ. രേഷ്മയ്ക്കുമെതിരെയും അൻസിബ പരാതി നൽകിയിട്ടുണ്ട്.
നടി ലക്ഷ്മിപ്രിയയുടെ പരാതിയിന്മേൽ തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നാണ് വനിതാ എസ്ഐക്കെതിരായ അൻസിബയുടെ പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർനടപടി സ്വീകരിക്കാൻ അദ്ദേഹം ഡിജിപിക്ക് കൈമാറിയിരുന്നു.
ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചുവെന്ന് ആരോപിച്ച് അൻസിബ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുണ്ടായത്. മതപരിവർത്തനം, അവിഹിതം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ടിനി ടോം തനിക്കെതിരേ ‘അമ്മ’യിലും പുറത്തും പ്രചരിപ്പിച്ചെന്ന് നടി ആരോപിച്ചു. ടിനി ടോം പ്രധാനവേഷത്തിലെത്തിയ അൻസിബയും അഭിനയിച്ച ഒരു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു രാജീവ് കുടപ്പനക്കുന്ന്. ഇയാളുടെ മകനെ അൻസിബ മതമാറ്റാൻ ശ്രമിച്ചുവെന്ന് ടിനി ടോം പ്രചരിപ്പിച്ചതായി നടി ആരോപിച്ചിരുന്നു. എന്നാൽ, പ്രചാരണം വ്യാജമാണെന്ന് വെളിപ്പെടുത്തി രാജീവും മകനും രംഗത്തെത്തിയിരുന്നു.