“അമ്മയിലെ പ്രശ്നങ്ങളിൽ മുതിർന്ന താരങ്ങൾ ഇടപെടേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണ്, പരാതി ലഭിച്ചില്ലെങ്കിലും ഇടപെടും”; മന്ത്രി പി.സി. വിഷ്ണുനാഥ്

','

' ); } ?>

താര സംഘടനയായ അമ്മയിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. എല്ലാവർക്കും പറയാനുള്ളത് കേൾക്കുമെന്നും, ഹേമാ കമ്മിറ്റി റിപ്പോർട്ട് താനിതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ സിനിമാ വ്യവസായത്തിലല്ല, താരസംഘടനയിലാണ് പ്രശ്ന‌ങ്ങളെന്നും, പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.സി. വിഷ്ണുനാഥിന്റെ വാക്കുകൾ

“സർക്കാർ സാധാരണ സിനിമയിൽ ഇടപെടുന്നത് സിനിമയെ ഒരു വ്യവസായം എന്ന നിലയിൽ അല്ലെങ്കിൽ ആ മേഖലയ്ക്ക് സർക്കാർ നൽകേണ്ട പിന്തുണയുടെ അടിസ്ഥാനത്തിലാണ്. അവർക്ക് ചില ആവശ്യങ്ങളൊക്കെ ഉണ്ട്. ന്യായമായ നിരന്തരമായി ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ഇവിടെ ചലച്ചിത്രങ്ങൾക്ക് അവരുടെ നിർമ്മാണത്തിന്, അവയുടെ മാർക്കറ്റിങ്ങിന് ഒക്കെ ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്ന് ചില സഹായങ്ങൾ വേണം. കൊടുക്കാൻ തയ്യാറുമാണ്. അത്തരം കാര്യങ്ങളിലാണ് നമുക്ക് സിനിമയെ സഹായിക്കാൻ കഴിയുക. താര സംഘടനക്കകത്തുള്ള കുറേയധികം പ്രശ്‌നങ്ങൾ മാധ്യമങ്ങളിലൂടെ നമ്മൾ ദിവസവും അറിയുന്നുണ്ട്. അതൊന്നും ആശാസ്യകരമായ രീതിയിലല്ല പോകുന്നത്.

ഇതുസംബന്ധിച്ച് സർക്കാരിനുമുന്നിൽ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഇല്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യും. ചൊവ്വാഴ്‌ച വൈകുന്നേരം കേരളത്തിലെ സിനിമാ മേഖലയിലെ എല്ലാ സംഘടനകളുടെയും ഒരു യോഗം വിളിച്ചിട്ടുണ്ട്. അതിൽ താരങ്ങളുടെ സംഘടനയുണ്ട്, ടെക്നീഷ്യൻസിൻ്റെയും നിർമാതാക്കളുടേയും ഫിലിം എക്സിബിറ്റേഴ്സസിൻ്റെയും സംഘടനകളുണ്ട്. എല്ലാവരെയും ഒരുമിച്ചൊന്ന് വിളിച്ച് ആ മേഖലയിൽ അവർക്ക് പറയാനുള്ളത് കേൾക്കാൻവേണ്ടിയാണ് നിയമസഭാ സമ്മേളനത്തിനു ശേഷം ആ യോഗം വിളിച്ചിട്ടുള്ളത്. അവിടെ അവർ പറയുന്നതെല്ലാം കേൾക്കും.

താരസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സിനിമാ മേഖലയിൽ തന്നെയുള്ള മുതിർന്ന വ്യക്തിത്വങ്ങൾ ഒന്നും മാറി നിൽക്കാതെ ഇടപെട്ട് പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ആര് ആർക്കെതിരെ പറഞ്ഞു എന്നുള്ളതിലേക്കൊന്നും ഗവൺമെൻ്റ് പോകേണ്ട കാര്യമില്ല. താരസംഘടനയുടെ അകത്തുള്ള ആഭ്യന്തര പ്രശ്‌നമാണെങ്കിൽ അതിൽ സീനിയഴ്സ് ആയിട്ടുള്ളവര എത്രയും വേഗം ഇടപെട്ട് ഇതിനെ ഒരു തലത്തിൽ അപ്പുറത്തേക്ക് പോകുന്നതിനകത്ത് ഒരു നിയന്ത്രണം കൊണ്ടുവരേണ്ടതാണെന്നൊരു മലയാളി എന്ന നിലയിൽ പറയുന്നു. അവരത് ചെയ്യുമെന്നാണ് കരുതുന്നത്.

സിനിമയ്ക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വർഷങ്ങളായി അവർ ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. അത് ധനകാര്യമന്ത്രികൂടിയായ മുഖ്യമന്ത്രിയായി ചൊവ്വാഴ്‌ചത്തെ മീറ്റിങ്ങിനു ശേഷം ആലോചിച്ച് ആ കാര്യങ്ങളിൽ എന്തൊക്കെ രീതിയിലാണ് സർക്കാരിന് അവരെ സഹായിക്കാൻ കഴിയുക എന്നുള്ളത് നോക്കും. ആദ്യത്തെ ബഡ്‌ജറ്റിൽ പറ്റിയില്ലെങ്കിലും തുടർന്നുള്ള വർഷങ്ങളിലും ആ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകും. സിനിമ വ്യവസായത്തെ പിന്തുണക്കുന്ന സമീപനം ഉണ്ടാകും.” മന്ത്രിയുടെ വാക്കുകൾ.

മുൻ ഗവൺമെൻ്റ് ഒരു സിനിമ പോളിസി ഉണ്ടാക്കിയിട്ടുണ്ട്. അതിനുശേഷം സിനിമ നയം രൂപീകരിച്ചിട്ടുണ്ട്. സിനിമാ നയം ഗവൺമെന്റ് അംഗീകരിച്ചിട്ടുമുണ്ട്. ആ നയം അടക്കം പരിശോധിക്കാനിരിക്കുകയാണ്. ശേഷം ഹേമാ കമ്മിറ്റി റിപ്പോർട്ടും നയവുമെല്ലാം സംബന്ധിച്ച് സർക്കാർ കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. ഇതുവരെ താൻ ആ റിപ്പോർട്ട് കണ്ടിട്ടില്ല. നിലവിലുള്ള സിനിമാനയംതന്നെ പര്യാപ്‌തമാണോ ഇല്ലയോ എന്നുള്ളത് പരിശോധിക്കും.” പി സി വിഷ്ണു നാഥ് പറഞ്ഞു.