അഞ്ജലിയുടെ സിനിമ യാത്ര

പരസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി വെള്ളിത്തിരയിലെ നിറസാന്നിധ്യമായ നടിയാണ് അഞ്ജലി നായര്‍. ചെറുതും വലുതുമായ 100ാളം വേഷങ്ങളില്‍ അഞ്ജലി അഭിനയിച്ച് കഴിഞ്ഞു. ഷോര്‍ട്ട് ഫിലിമുകള്‍, നിര്‍മ്മാണം, നൃത്തം തുടങ്ങി അഞ്ജലി കടന്നുപോകാത്ത മേഖലകളില്ല. ‘ബെന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും അഞ്ജലി നേടിയിരുന്നു. പുലിമുരുകനിലെ അഞ്ജലിയുടെ വേഷവും പ്രേക്ഷകര്‍ ഏറെ സ്വീകരിച്ചിട്ടുണ്ട്. മിലി, പുലിമുരുകന്‍, രക്ഷാധികാരി ബൈജു, മിഖായേല്‍ എന്നീ ചിത്രങ്ങളിലെ അഞ്ജലിയുടെ പ്രകടനങ്ങളും പ്രേക്ഷകമനസ്സുകളില്‍ ഇടം നേടി.

1994 മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ടാണ് അഞ്ജലി ആദ്യമായി വെള്ളത്തിരയില്‍ മുഖം കാണിക്കുന്നത്. പിന്നീട് മാംഗല്യസൂത്രം, ലാളനം എന്നീ ചിത്രങ്ങളിലും അഞ്ജലി ബാലതാരമായെത്തി. പിന്നീട് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം 2010ല്‍ നെല്ല് എന്ന ചിത്രത്തിലൂടെ യുവത്വത്തിന്റെ പ്രസരിപ്പോടെ അഞ്ജലി മലയാളത്തിലേയ്ക്ക് തിരിച്ചെത്തി. ആ പ്രസരിപ്പ് ഇന്ന് 100ലധികം ചിത്രങ്ങളായി തുടരുമ്പോഴും അഞ്ജലിയുടെ മുഖത്ത് പ്രകടമാണ്. തന്റെ ഇരട്ട സഹോദരന്‍ അജയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്വപ്‌ന സാക്ഷാത്കാരമെന്നോണം അഞ്ജലി ആരംഭിച്ച നിര്‍മ്മാണക്കമ്പനിയാണ് ‘റിയലൈസ് പ്രൊഡക്ഷന്‍ ഹൗസ്’. തമിഴ് ചിത്രങ്ങളിലും അഞ്ജലി സജീവമാണ്. തന്റെ സ്വപ്‌നങ്ങള്‍ ഓരോന്നോരോന്നായി തേടിപ്പിടിച്ചുകൊണ്ട് അഞ്ജലി മുന്നോട്ട് പോകുമ്പോള്‍ സെല്ലുലോയ്ഡിനോടൊപ്പം അല്‍പ്പനേരം ചേരുകയാണ്…

  • നൂറ് ചിത്രങ്ങളിലധികം ചെയ്തു. ഒരു ദശകം എന്ന രീതിയില്‍ എടുത്തിട്ടുണ്ടെങ്കില്‍ നൂറിലധികം സിനിമകള്‍ ഒരു പെണ്‍കുട്ടി പൂര്‍ത്തിയാക്കുക എന്നത് അപൂര്‍വ്വമാണ്. ആ നേട്ടത്തെക്കുറിച്ച്…?

അതിന് പിന്നിലെ ഹിസ്റ്ററി അല്ലെങ്കില്‍ ബാക്ഗ്രൗണ്ട് ഞാന്‍ നോക്കിയിട്ടില്ല. പോകുന്ന ഓരോ ലൊക്കേഷന്‍സില്‍ നിന്നും നമ്മള്‍ ആദരിക്കുന്ന നടീ നടന്‍മാര്‍ പറയുമ്പോഴാണ് അതിന്റെ സീരിയസ്സ്‌നെസ് മനസ്സിലാവുന്നത്. മകളുണ്ടായതിന് ശേഷം 2012 മുതലാണ് കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. സ്‌റ്റേറ്റ് അവാര്‍ഡും കിട്ടിയതിന് ശേഷമാണ് ചെറുതാണൊ വലുതാണൊ എന്നുപോലും നോക്കാതെ സെലക്ടീവാകാതെ അത്രയധികം ചിത്രങ്ങള്‍ ചെയ്തത്.

  • പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഓര്‍ത്തുവെയ്ക്കുന്ന അഞ്ജലിയുടെ ചിത്രങ്ങള്‍…?

മിലി കണ്ടിട്ട് ഒരുപാട്‌പേര്‍ കരഞ്ഞിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. കൂടാതെ അവാര്‍ഡ് കിട്ടിയ ബെന്‍ എന്ന സിനിമ, രക്ഷാധികാരി ബൈജു, മിഖായേല്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം കണ്ടിട്ട് പ്രേക്ഷകര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒപ്പത്തില്‍ ലാലേട്ടന്റെ അനിയത്തിയായിട്ട് അഭിനയിച്ചപ്പോഴും ഒരുപാട്‌പേര്‍ വിളിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. മിലി കണ്ടപ്പോള്‍ ജോണി ആന്റണി സാര്‍ വിളിച്ചിട്ട് പറഞ്ഞു എന്റെ കഥാപാത്രം കരയിപ്പിച്ചു എന്ന്.

  • താരങ്ങള്‍ക്ക് സിനിമ കുറഞ്ഞ്‌പോയാല്‍ പൊതുവേ പറയുന്നതാണ് സെലക്ടീവായത്‌കൊണ്ടാണ് സിനിമ ഇല്ലാത്തതെന്ന്. അഞ്ജലിയുടെ ഫോര്‍മുലയില്‍ സെലക്ടീവ് ആകുക എന്നത് വളരെ ചെറിയ അളവിലെ ഉണ്ടാവുകയുള്ളു. അതിനേക്കുറിച്ച്…?

എനിക്ക് വരുന്നതില്‍ 99 ശതമാനം സിനിമകളും ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു ശതമാനം പോയിട്ടുള്ളത് ഡേറ്റിന്റെ പ്രശ്‌നംകൊണ്ടോ അല്ലെങ്കില്‍ നമുക്ക് ചെയ്യാന്‍ പറ്റാത്ത അനാവശ്യ സീനുകള്‍ ഉണ്ടാവുന്നത് കൊണ്ടോ ആണ്. ബാക്കിയുള്ള 99 ശതമാനവും ഞാന്‍ യെസ് പറഞ്ഞിട്ടുള്ള സിനിമകളാണ്.

  • വളരെയധികം സൗഹൃദങ്ങള്‍ സിനിമയില്‍ ഉള്ള നടിയാണ് അഞ്ജലി. അത്തരത്തിലുള്ള സൗഹൃദങ്ങള്‍ ഈ ചലച്ചിത്ര പ്രയാണത്തില്‍ എത്രത്തോളം സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്…?

എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്ലാതെ ഇത്രയും ചിത്രങ്ങള്‍ എനിക്ക് ഓടിപ്പോയി ചെയ്യാന്‍ സാധിക്കില്ല ഓര്‍ത്ത് വിളിച്ച് ഇതിന്റെ ഭാഗമാകുമോ എന്ന് ചോദിക്കുമ്പോള്‍ അവര്‍ എന്നെ ഓര്‍ത്തെടുക്കുന്ന സാഹചര്യത്തെയാണ് ഞാന്‍ ബഹുമാനിക്കുന്നത്. ഇത്രയും നടികളുണ്ടായ സാഹചര്യത്തില്‍ ഈ ഒരു വിഷയം ചെയ്യാന്‍ എന്നെ ഓര്‍ത്ത് വിളിക്കുന്നത് ദൈവാനുഗ്രഹമായി കാണുന്നു.

  • തമിഴിലും മലയാളത്തിലും സജീവമാകുന്നതിന് മുന്‍പുള്ള കാലത്ത് അഞ്ജലിയുടെ കലാപ്രവര്‍ത്തനങ്ങള്‍ ഏത് വിധത്തിലാണ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്…?

2009ല്‍ തമിഴ് സിനിമകള്‍ വരുന്നതിന് മുന്‍പ് ഞാന്‍ ആല്‍ബം, പരസ്യം, മോഡലിംഗ് മാത്രമായിരുന്നു ഫോക്കസ്സ് ചെയ്തിരുന്നത്. ഹരി ചേട്ടന്‍, പിഷാരടി ചേട്ടന്‍, ധര്‍മ്മജന്‍ ചേട്ടന്‍ എന്നിവരൊക്കെയാണ് മുട്ടിലിഴഞ്ഞ്‌കൊണ്ടിരുന്ന എന്നെ നടക്കാന്‍ പഠിപ്പിച്ചുതന്നത്.

  • ശേഷം തമിഴില്‍ ചെയ്തിരിക്കുന്ന സിനിമകള്‍ ഏതൊക്കെയാണ് ?

നെല്ല്, കോട്ടി, ഉന്നയ് കാതലിപ്പേന്‍, ഇതുവും കടന്തുപോകും, അഗത് എന്ന ചിത്രവും ചെയ്തു. തമിഴില്‍ ക്യാരക്ടര്‍ റോള്‍സ് ചെയ്തിട്ടില്ല. എല്ലാത്തിലും നായികയായിട്ട് തന്നെയാണ് അഭിനയിച്ചത്.

  • ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. അതിനേക്കുറിച്ച്..?

ഈ ചിത്രത്തിന് ആ വര്‍ഷത്തെ ഒരുപാട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെന്നിലെ അമ്മയുടെ കഥാപാത്രത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

  • ആ ഒരു പുരസ്‌ക്കാരം ലഭിച്ചതിന്റെ പേരില്‍ തെരഞ്ഞെടുക്കപ്പെട്ട ക്യാരക്ടേര്‍സ് മാത്രം ചെയ്യാന്‍ വേണ്ടി നില്‍ക്കാതെ വീണ്ടും പഴയപോലെ അഭിനയിച്ചു. അതേക്കുറിച്ച്..?

നമുക്കൊക്കെ ഒരു ഷോര്‍ട്ട് സ്പാനെ ഉള്ളൂ..നമുക്ക് ആയുസ്സും ആരോഗ്യവും ഉള്ളപ്പോള്‍ മാത്രമേ വര്‍ക്ക് ചെയ്യാന്‍ സാധിക്കൂ. ആ ആയുസ്സും ആരോഗ്യവുമുള്ള സമയത്ത് നമ്മളെ ഓര്‍ത്ത് വിളിക്കുമ്പോള്‍ അവിടെ സെലക്ഷനാവുന്ന സമയത്ത് നമ്മള്‍ എത്ര കാലം എത്ര ചെയ്യും എന്നതാണ്. കുറഞ്ഞ വേഷമായാലും കൂടിയ വേഷമായാലും നമ്മള്‍ അഭിനയിക്കണം. ഒരേ ഹാര്‍ഡ്‌വര്‍ക്ക് തന്നെയാണ് ചെയ്യേണ്ടത്. ആ ഹാര്‍ഡ്‌വര്‍ക്ക് നമ്മളെ വിളിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ചെയ്ത്‌കൊടുക്കാന്‍ പറ്റിയാല്‍ അത്രയുംപേരുടെ പ്രാര്‍ത്ഥന നമുക്ക് ലഭിക്കും.

  • ഒട്ടുമിക്ക പ്രമുഖരുടെ കൂടെയും അഞ്ജലി അഭിനയിച്ചു. അഞ്ജലിയുടെ പഴയകാലത്ത് നിന്ന് ചിന്തിച്ച് നോക്കിയാല്‍ എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് തോന്നാറുണ്ടോ..?

സ്ഥിരമായിട്ട് ഞാന്‍ ഇതിനേപറ്റി ആലോചിക്കാറുണ്ട്. വണ്ടിയോടിച്ച് പോകുമ്പോള്‍ സിനിമയുടെ പോസ്റ്റര്‍ കാണുമ്പോള്‍ ഇന്നലെ ഞാന്‍ ഇവരുടെ കൂടെ അഭിനയിച്ചതല്ലെ. എന്നെല്ലാം ചിന്തിക്കും .

  • മലയാളത്തിലെ പ്രമുഖ സംവിധായകരുടെ കൂടെയെല്ലാം വര്‍ക്ക് ചെയ്‌തോ..?

എനിക്ക് സത്യന്‍ സാറിന്റെ കൂടെ ഇത്‌വരെ വര്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. കമല്‍ സാറിന്റെ കൂടെ ആമി ചെയ്തു,ജോഷി സാറിനൊപ്പം ചെയ്തു. അങ്ങനെ ഒട്ടുമിക്ക സംവിധായകരുടെ കൂടെയും വര്‍ക്ക് ചെയ്തിട്ടുണ്ട്.

  • ഫാമിലിയില്‍ സിനിമ ബന്ധമുള്ളവര്‍..?

എന്റെ ബ്രദര്‍ അജയ് ആട് 2, ആട് 1, പ്രേതമുണ്ട് സൂക്ഷിക്കുക എന്നീ ചിത്രങ്ങളിലൊക്കെയുണ്ട്. അതുപോലെ അവന്‍ ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി ഒരു സിനിമ ചെയ്യുന്നതിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കുകയാണ്. അവന്റെ വൈഫ് സമീറ സുന്ദരേശന്‍ ഒരുപാട് ഷോര്‍ട്ട് ഫിലിംസ് ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ദ്രന്‍സേട്ടന്റെ സ്‌റ്റേറ്റ് അവാര്‍ഡും, നാഷണല്‍ അവാര്‍ഡും കിട്ടിയ ആളൊരുക്കം എന്ന സിനിമയിലെ അഭിനേത്രിയാണ്. ബെന്നിന് ശേഷം സംവിധായകനായ വിപിന്‍ ആറ്റ്‌ലി രണ്ട് ചിത്രങ്ങള്‍കൂടി ഒരുക്കിയിരുന്നു. ആ രണ്ട് ചിത്രങ്ങളിലും എന്റെ അച്ഛന്‍ അഭിനയിച്ചിരുന്നു. ഗിരിധരന്‍ എന്നാണ് അച്ഛന്റെ പേര്. അതുപോലെ എന്റെ അമ്മയുടെ ചേച്ചിയുടെ മകള്‍ നന്ദനയും സിനിമയിലുണ്ട്. സേതുരാമയ്യര്‍ സിബിഐ, ചതിക്കാത്ത ചന്തു, പിന്നെ ചാക്കോച്ചനൊപ്പം ചേച്ചി രണ്ട് സിനിമകളില്‍ നായികയായിരുന്നു. പിന്നെ അച്ഛന്റെ അനിയത്തിയുടെ മകന്‍ അര്‍ജുന്‍ ശശി ഔട്ട് ഓഫ് സിലബസ്സ് എന്ന ചിത്രത്തില്‍ നായകനായിരുന്നു. എന്റെ അമ്മയുടെ ചേട്ടന്‍ ബാലു മേനോന്‍ സീരിയല്‍ താരമാണ്. അങ്ങനെ എല്ലാവരും ഒരുവിധം സിനിമയിലുണ്ട്. ബെന്‍ മലയാള സിനിമ

  • അഞ്ജലിയെപ്പോലെ മകളും ബാലതാരമായി സിനിമയിലേക്ക് വരുകയാണ്. മകളും അതേ പാതയിലാണോ..?

എന്റെ വല്ല്യച്ഛന്‍ അഡ്വര്‍ടൈസിംഗ് ഫീല്‍ഡിലായത്‌കൊണ്ട് മാനത്തെ വെള്ളിത്തേര്, മംഗല്ല്യസൂത്രം, ലാളനം എന്നീ സിനിമകളിലൊക്കെ ഞാന്‍ തലകാണിച്ചിട്ടുണ്ട്. കെ.ജി ജോര്‍ജ് സാറിന്റെ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ എന്ന ടെലിഫിലിമില്‍ നായകന്റെ മകളായിട്ട് അഭിനയിച്ചിരുന്നു. വല്യച്ഛന് വേണ്ടിയിട്ട് പരസ്യങ്ങളിലും ചെറുതായിട്ട് അഭിനയിച്ചിരുന്നു. മകള്‍ ആവണി അഞ്ചു സുന്ദരികളില്‍ എന്റെ മകളായിട്ടായിരുന്നു തുടക്കം. പിന്നീട് പോപ്‌കോണ്‍, ഹദിയ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.

  • നൃത്തം പഠിച്ചിരുന്നോ…?

ഞാന്‍ ഒന്‍പതാം ക്ലാസ് വരെ നൃത്തം അഭ്യസിച്ചിട്ടുണ്ട്. അപ്പോള്‍ അതിന്റെ ഒരു ഔട്ട്പുട്ടായിരിക്കാം സിനിമയില്‍ ചെയ്യുന്നത്. അല്ലാതെ നമുക്ക് അഭിനയമറിഞ്ഞിട്ടല്ലല്ലൊ..

  • മോഡലിംഗില്‍ കാര്യമായിട്ട് ചെയ്തിട്ടുള്ളത് ഏതൊക്കെയാണ്. സ്റ്റില്‍ ഫോട്ടോ മോഡലിംഗ്, വീഡിയോ ആഡ്‌സ് എന്നിവയൊക്കെയാണൊ ?

സമയം കിട്ടുമ്പോള്‍ രണ്ടും ഇപ്പോഴും ചെയ്യാറുണ്ട്. കുട്ടികളൊക്കെ ഷോര്‍ട്ട് ഫിലിമുമായി വന്നാല്‍ അതും ചെയ്യാറുണ്ട്. എന്റെ ബ്രദര്‍ അജയ് യുടെ സുഹൃത്തുക്കള്‍ വിളിക്കുമ്പോഴെല്ലാം പോകാറുണ്ട്. എല്ലാവരും ചോദിക്കും എന്തിനാ ഇങ്ങനെ ഷോര്‍ട്ട് ഫിലിം ചെയ്യുന്നതെന്ന്. ഇരുപതിനടുത്തോളം ഷോര്‍ട്ട് ഫിലിം ഞാന്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെ ഷോര്‍ട്ട് ഫിലിം ചെയ്യുന്നവര്‍ക്ക് അടുത്ത പടവിലേക്ക് കയറാന്‍ എന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്നത് അതാണ്.

  • ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്തുന്നത് എങ്ങനെയാണ്?

സോഷ്യല്‍ മീഡിയയില്‍ അത്ര അപ്‌ഡേറ്റല്ലാത്ത ആളാണ് ഞാന്‍. വീട്ടിലെ തിരക്കുകളും മറ്റും കാരണം ആ രീതീയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രയോജനപ്പെടുത്താറില്ല. അങ്ങനെ ചെയ്യണമെന്ന് സുഹൃത്തുക്കളൊക്കെ പറയാറുണ്ട്.

  • മറ്റ് ഭാഷകളിലെ എക്‌സ്പീരിയന്‍സ്?

സത്യരാജ് സാറിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുപോലെ ശരത് കുമാര്‍ സാറിന്റെ വൈഫ് രാധിക ചേച്ചിയോടൊപ്പം ആശ ബ്ലാക് എന്ന ചിത്രത്തിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ തമിഴിലെ കുറേ താരങ്ങളുടെ കൂടെ എനിയ്ക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റി. വിജയ് സേതുപതിയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ലെങ്കിലും അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. സിനിമയിലൂടെ കുറേ സൗഹൃദങ്ങള്‍ ലഭിച്ചത് സന്തോഷമുള്ള കാര്യമാണ്.

  • അതിനിടയ്ക്ക് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിനെ കുറിച്ച്?

എന്താ എങ്ങനെ എന്ന് പറഞ്ഞ ആശയമാണ് ചെയ്തത്. കുറേ സിനിമ ചെയ്തപ്പോള്‍ ഞാന്‍ അതിലെല്ലാം സാങ്കേതിക കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കാറുണ്ട്. കളം എന്ന സിനിമയ്ക്കായി കാസ്റ്റിംഗ്, സാങ്കേതിക വിദഗ്ധരെ വെയ്ക്കുന്നതിലുള്‍പ്പെടെ എല്ലാകാര്യത്തിലും ഇടപ്പെട്ട ഒരു അനുഭവമുണ്ടായി. അതിന് ശേഷം എല്ലാവരും സിനിമ ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സമയമായിട്ടില്ലെന്ന് പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്ത് വെച്ചതാണ്. നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും കിട്ടിയത്.

  • പുതിയ ചിത്രങ്ങള്‍…?

സേഫ്, ദുല്‍ഖര്‍ നിര്‍മ്മിച്ച് ഗ്രിഗറി നായകാനാകുന്ന ചിത്രം, സോളമന്റെ മണവാട്ടി സോഫിയ, ലവ് എഫ്എംഎന്നിവയൊക്കെയാണ് പുതിയ ചിത്രങ്ങള്‍.