നായകനാവാനെത്തി നടനായ മോഹന്‍ ജോസ്

എണ്‍പതുകളില്‍ അഭിനയം ആരംഭിച്ച് ഇന്നും മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരമാണ് മോഹന്‍ ജോസ്. വാറ്റുകാരന്‍ കീരി വാസവന്‍, രാജക്കാട് കണ്ണയ്യ, അമ്പത്തൂര്‍ സിംഹം തുടങ്ങി മോഹന്‍ ജോസ് അഭിനയിച്ച കഥാപാത്രങ്ങള്‍ മലയാളിക്ക് സുപരിചിതമാണ്. വില്ലനായും കൊമേഡിയനായും ചെറുതാണെങ്കിലും മോഹന്‍ ജോസ് അവതരിപ്പിച്ചിരുന്നത് മനസ്സില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെയാണ്. നാല്‍പ്പത് വര്‍ഷത്തോളം നീളുന്ന തന്റെ സിനിമ ജീവിതത്തെക്കുറിച്ച് സെല്ലുലോയ്ഡുമായി മനസ്സ് തുറക്കുകയാണ് മോഹന്‍ ജോസ്.

  • 40 വര്‍ഷത്തോളമായി സിനിമാ രംഗത്തെത്തിയിട്ട്. ഇപ്പോഴും ആക്ടിംഗ് പ്രൊഫഷനില്‍ തുടരാന്‍ പിടിച്ചുനിര്‍ത്തുന്ന ഘടകം എന്താണ്…?

കാലമാണ് എല്ലാം നിയന്ത്രിക്കുന്നത്. ഭാഗ്യം എന്നത് സിനിമയില്‍ ഒരു പ്രധാന ഘടകമാണ്. കഴിവുകളേക്കാള്‍ ഉപരി നമ്മളെ പിടിച്ചുനിര്‍ത്തുന്ന ഒരു ഘടകമാണ് ഭാഗ്യം. എന്നെ അങ്ങനെ വലുതായിട്ട് അനുഗ്രഹിച്ചിട്ടില്ലെങ്കിലും ഭാഗ്യത്തിന്റെ ഒരു അംശം ഉള്ളത്‌കൊണ്ടാണ് ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത്.

  • സിനിമയുമായി ബന്ധമുള്ള കുടുംബത്തിലാണ് ചേട്ടന്‍. അച്ഛന്‍ പപ്പുക്കുട്ടി ഭാഗവതര്‍ അഭിനേതാവും ഗായകനുമായിരുന്നു. കുടുംബത്തിലെ മിക്കവരും സിനിമയുമായി ബന്ധമുള്ളവരാണ്. അതിനെക്കുറിച്ച് പറയാമോ…?

എന്റെ സഹോദരി കുറേക്കാലം പിന്നണി ഗായികയായിരുന്നു. സഹോദരിയെ വിവാഹം ചെയ്തത് സംവിധായകന്‍ കെ.ജി ജോര്‍ജ്ജാണ്.. പിന്നെ അച്ഛന്‍ അഭിനേതാവും ഗായകനുമായിരുന്നു.

  • കെ.ജി ജോര്‍ജ്ജിന്റെ സിനിമകളിലും അഭിനയിച്ചിരുന്നില്ലേ…?

യവനിക, ഇരകള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം എന്നിങ്ങനെ കെ.ജി ജോര്‍ജ്ജ് ഒരുക്കിയ അഞ്ച് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.

  • ഈ ചിത്രങ്ങളൊക്കെ ചേട്ടന്‍ അഭിനയം തുടങ്ങിയ സമയത്ത് ചെയ്ത സിനിമകളായിരുന്നോ..?

അതിന് മുന്‍പേ ഞാന്‍ അഭിനയിച്ചിരുന്നു. 1980ല്‍ ചാമരത്തിലാണ് ഞാന്‍ ആദ്യമായിട്ട് അഭിനയിക്കുന്നത്. അന്ന് ഞാന്‍ ബോംബൈയില്‍ ഉദ്യോഗസ്ഥനായിരുന്നു.. എന്റെ ഫോട്ടോ ഒരിക്കല്‍ യാദൃശ്ചികമായിട്ട് സംവിധായകന്‍ ഭരതന്‍ കണ്ടപ്പോള്‍ ഒന്ന് നേരിട്ട് കാണണമെന്ന് വിളിച്ചു പറഞ്ഞതനുസരിച്ച് ഞാന്‍ ബോംബൈയില്‍ നിന്ന് വന്നു കണ്ടു. സാറിന്റെ ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യാനാണ് എന്നെ വിളിച്ചത്.. എന്നെ കണ്ടു, അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ ഒരു പത്തുദിവസം മുന്നേ പുള്ളി എന്നോട് പറഞ്ഞു, ചെറിയൊരു പ്രശ്‌നമുണ്ട്.. നിര്‍മ്മാതാവിന് അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രമായതിനാല്‍ എന്നെ അഭിനയിപ്പിക്കാന്‍ ഭയം.. പ്രധാന കഥാപാത്രത്തെ പുതുമുഖത്തിനേല്‍പ്പിച്ച് പടത്തിന് എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാല്‍ പുള്ളീടെ കാര്യം പോക്കാവും. അത്‌കൊണ്ട് വേറെയെന്തെങ്കിലും റോള്‍ കൊടുത്തോളൂ എന്നും പ്രധാന കഥാപാത്രം അറിയപ്പെടുന്ന ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കാമെന്നും നിര്‍മ്മാതാവ് പറഞ്ഞു. ചാമരത്തില്‍ ഞാന്‍ ചെയ്യേണ്ടിയിരുന്ന റോളാണ് പിന്നീട് രതീഷ് ചെയ്തത്. ചാമരത്തില്‍ മൂന്ന് സീനില്‍ വരുന്ന ഒരു കഥാപാത്രം ചെയ്ത് ഞാന്‍ അന്ന് തിരിച്ചുപോയി.

ഇതുപോലെ തന്നെ എന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഉദയ സ്റ്റുഡിയോയിലെ ബോബച്ചന്‍ നേരില്‍ കാണണമെന്ന് പറഞ്ഞത്. ഞാന്‍ അവിടെയും ചെന്നു. അന്ന് ജയന്‍ മരിച്ച സമയമായിരുന്നു. കൊടുമലയില്‍ കുങ്കി എന്നൊരു സിനിമയെടുക്കാന്‍ അവര്‍ പ്ലാന്‍ ചെയ്തിരുന്നു. നസീര്‍ സാറും ജയനുമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അപ്പോള്‍ ജയന് പകരം എനിക്ക് ആ റോള്‍ തരാമെന്ന് പറഞ്ഞു. അത് കൂടാതെ അവര്‍ ജയനെവെച്ച് സഞ്ചാരി എന്നൊരു ചിത്രം ചെയ്തിരുന്നു. അതില്‍ ജയന് പൂര്‍ത്തിയാക്കാന്‍ പറ്റാതെപോയ കുറേ സീന്‍ എന്നെക്കൊണ്ട് പൂര്‍ത്തിയാക്കാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് അദ്ദേഹം പറഞ്ഞു അത് ശരിയാവില്ല, നിങ്ങള്‍ ഡ്യൂപ്പിന്റെ സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അത് വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കാം എന്ന്. ഞങ്ങള്‍ എടുക്കുന്ന ധന്യ എന്ന ചിത്രത്തില്‍ ഒരു സെമി വില്ലന്‍ ക്യാരക്ടറുണ്ട് അത് ചെയ്യാമോ എന്ന് ചോദിച്ചു. അങ്ങനെ അതില്‍ ആ കഥാപാത്രത്തെ അഭിനയിച്ചു. പക്ഷെ കൊടുമലയില്‍ കുങ്കി പിന്നീട് അവര്‍ എടുത്തിട്ടില്ല. ചില സാങ്കേതിക കാരണങ്ങളാല്‍ അത് മുടങ്ങിപ്പോയി. അത് കഴിഞ്ഞ് ജസ്റ്റിസ് രാജ ചെയ്തു. അങ്ങനെ നീളുന്നു സിനിമകള്‍.

  • മോഹന്‍ലാല്‍-മമ്മൂട്ടി എന്നിവര്‍ സൂപ്പര്‍താരങ്ങളായി മാറുന്നതിന്റെ ഒരു സാക്ഷിയാണ് താങ്കള്‍. അതിനേക്കുറിച്ച്..

തീര്‍ച്ചയായും.. ഞങ്ങള്‍ ഏകദേശം ഒരേ കാലഘട്ടത്തിലാണ് സിനിമയിലേക്ക് വരുന്നത്.. ധന്യയിലഭിനയിക്കുന്ന സമയത്ത് ഞാനും ലാലുമെല്ലാം ഒരേ കോട്ടേജിലായിരുന്നു താമസിച്ചിരുന്നത്. അന്ന് മുതല്‍ എനിക്ക് ലാലിനെ അറിയാം. അന്ന് ഞങ്ങള്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ ഞാന്‍ ലാലിനോട് ചോദിച്ചു എത്ര വയസ്സായെന്ന്. അപ്പോള്‍ ലാല്‍ എന്നോട് പറഞ്ഞു എനിക്ക് 26 വയസ്സായെന്ന്. അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞിട്ട് എന്നോട് പറഞ്ഞു ”ചേട്ടാ എനിക്ക് ശരിക്കും 22 വയസ്സായേ ഉള്ളു.. 22 എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല” എന്ന്. ശരിയാണ്, പുള്ളിയുടെ ആകാരം, പെരുമാറ്റത്തിലെ പക്വത എല്ലാംവെച്ച് നോക്കുമ്പോള്‍ അന്ന് അങ്ങനെ തോന്നുമായിരുന്നു. അന്ന് ലാല്‍ സിനിമയില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ ഞാന്‍ സ്വയം പറഞ്ഞിട്ടുണ്ട് ഈ ചെറുക്കന്‍ ഉറപ്പായിട്ടും സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകുമെന്ന്. കാരണം അന്നും ലാലിന് ലാലിന്റെതായ ഒരു അനായാസമായ ശൈലിയുണ്ടായിരുന്നു. പിന്നെയും നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  • മമ്മൂക്കയ്‌ക്കൊപ്പമുളള എക്‌സ്പീരിയന്‍സ്…

സിനിമയില്‍ വരുന്നതിന് മുന്നേ ഞാനും മമ്മൂട്ടിയും സുഹൃത്തുക്കളാണ്. മമ്മൂട്ടി അന്ന് ലോ കോളേജില്‍ പഠിക്കുന്ന സമയമായിരുന്നു. ഞാനന്ന് ബോംബൈയില്‍ നിന്ന് ലീവിന് വരുന്ന സമയത്ത് മമ്മൂട്ടിയെ യാദൃശ്ചികമായി പരിചയപ്പെട്ടു. പരിചയപ്പെട്ടതിന് ശേഷം ഞങ്ങള്‍ ഒരുമിച്ച് വൈപ്പിന്‍കരയില്‍ ഒരു മിമിക്രിയൊക്കെ ചെയ്തിരുന്നു. അന്ന് മുതലുള്ളൊരു ബന്ധമാണ്.. അന്ന് സിനിമാ താരങ്ങളെ അനുകരിക്കുന്നൊരു രീതിയിലേക്ക് മിമിക്രി വരുന്നൊരു സമയമായിരുന്നു.. അത് കഴിഞ്ഞിട്ടാണ് ഞങ്ങള്‍ രണ്ട്‌പേരും സിനിമയിലേക്ക് വരുന്നത്.. അന്ന് ഞാന്‍ മിമിക്രിയില്‍ ശബ്ദം അനുകരിക്കുന്നതിന് പകരം താരങ്ങളുടെ മുഖം എന്റെ മുഖംവെച്ച് അനുകരിക്കുമായിരുന്നു. സത്യന്‍മാസ്റ്റര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, ചാള്‍സ് ബ്രോണ്‍സണ്‍, ബോളിവുഡ് പഴയകാല നടി ടുണ്‍ ടുണ്‍ എന്നിവരെയെല്ലാം അനുകരിക്കുമായിരുന്നു..

  • മമ്മൂക്കയുടെ കരിയറില്‍ വഴിത്തിരിവായ രണ്ട് സിനിമകളാണ് ന്യൂഡല്‍ഹിയും, നായര്‍സാബും…

ന്യൂഡല്‍ഹിക്ക് മുന്‍പ് തന്നെ മലയാളത്തില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച അഭിനേതാവായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ 36 സിനിമകള്‍ ഒരു വര്‍ഷം റിലീസ് ചെയ്തിട്ടുണ്ട്.

  • ഇന്‍വെസ്റ്റിഗേഷന്‍ മൂഡിലുള്ള ചിത്രങ്ങളിലും ചേട്ടനെ കാണാന്‍ സാധിക്കും. എഫ്‌ഐആര്‍, ലേലം, ക്രൈംഫയല്‍, നേരറിയാന്‍ സിബിഐ എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു. നേരറിയാന്‍ സിബിഐയിലെ ക്യാരക്ടറാണ് പെര്‍ഫോമന്‍സിന്റെ ഒരു വലിയ സാധ്യത പ്രകടിപ്പിച്ചത്. അതിനെക്കുറിച്ച്…

ലേലത്തിലെ ക്യാരക്ടറെല്ലാം സംഭവിച്ചതാണ്. നമ്മള്‍ പ്ലാന്‍ ചെയ്തിട്ട് വരുന്നതൊന്നുമല്ല. ആ സിനിമ ചെയ്യുമ്പോള്‍ എന്നെ രണ്‍ജി പണിക്കരൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്താണ് ഈ ക്യാരക്ടര്‍ എന്നതിനേക്കുറിച്ച് ഒരു ബ്രീഫിംഗ് ഉണ്ടായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ആ ക്യാരക്ടര്‍ നമ്മുടെ മനസ്സില്‍ പതിയും. രൗദ്രത്തില്‍ രാജാക്കാട് ചെല്ലപ്പ എന്ന കഥാപാത്രത്തെക്കുറിച്ച് ഞാന്‍ ഉദ്ദേശിച്ചതിലും വിപുലമായിട്ടാണ് രണ്‍ജി പണിക്കര്‍ എനിക്ക് മനസ്സിലാക്കി തന്നത്.

  • ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്…?

ഗാനഗന്ധര്‍വ്വനാണ് അവസാനമായി ചെയ്തിരിക്കുന്നത്. വളരെ യാദൃശ്ചികമായാണ് അതിലും അഭിനയിക്കുന്നത്. പത്തു പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാന്‍ എന്റെ വീടിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഒരു പയ്യന്‍ എന്റെയടുത്തേക്ക് ഓടി വന്നിട്ട് പറഞ്ഞു ”ചേട്ടാ എന്റെ പേര് രമേഷ് പിഷാരടി എന്നാണ്.. ഞാന്‍ സ്‌കിറ്റൊക്കെ ചെയ്യുന്ന ആളാണ്. ഞാന്‍ ചേട്ടന്റെ പടങ്ങളൊക്കെ കാണാറുണ്ട്.. ഇവിടെ എല്ലാവരും പറയുന്നു, ചേട്ടന്‍ അധികം ചിരിക്കില്ല, ഭയങ്കര സീരിയസ്സാണെന്ന്..!”. അപ്പോള്‍ ഞാന്‍ പറഞ്ഞു വെറുതേ വഴിയിലൂടെ ചിരിച്ച് നടന്നാല്‍ വട്ടാണ് എനിക്കെന്ന് ആളുകള്‍ പറയില്ലേ, ചിരിക്കേണ്ട ആവശ്യം വന്നാലെ ചിരിക്കാറുള്ളൂ എന്ന്.. അന്ന് യാത്ര പറഞ്ഞ് പോയതാണ്. പിന്നെ പിഷാരടിയുമായി എനിക്ക് യാതൊരു കണക്ഷനുമില്ലായിരുന്നു. പിന്നെ പെട്ടെന്നൊരു ദിവസം പിഷാരടി എന്നെ ഫോണ്‍ ചെയ്ത് ഗാനഗന്ധര്‍വ്വനില്‍ ഒരു റോള്‍ ഉണ്ടെന്ന് പറയുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്നെ എങ്ങനെ ഓര്‍മ്മ വന്നുവെന്ന്. കാരണം ഞാന്‍ ആരോടും ഒരു റോള്‍ ചോദിച്ച് പോകാറില്ല. എല്ലാവര്‍ക്കും നമ്മളെ അറിയാവുന്നതാണ്, അപ്പോള്‍ നമ്മള്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ പറയാന്‍ പോവുന്നത് ഇതില്‍ നിങ്ങള്‍ക്ക് പറ്റിയ റോള്‍ ഇല്ല എന്നതാവും. അപ്പോള്‍ രണ്ടുപേര്‍ക്കും വിഷമമാവും. അത്‌കൊണ്ട് എല്ലാ റോളും അവര്‍ വിളിച്ചിട്ട് തന്നെയാണ് ചെയ്തിരിക്കുന്നത്.

ഗാനഗന്ധര്‍വ്വനിലേക്ക് എന്നെ എങ്ങനെ ഓര്‍മ്മ വന്നു എന്നു ചോദിച്ചപ്പോള്‍ പിഷാരടി പറഞ്ഞത് ”ഓരോരുത്തര്‍ക്കും ഈ സിനിമയില്‍ ക്യാരക്ടേര്‍സ് സെലക്ട് ചെയ്തിരിക്കുന്നത് അവര്‍ ഇതിന് മുന്നേ ചെയ്യാത്ത ക്യാരക്ടേഴ്‌സാണ്. ചേട്ടനൊരു വില്ലന്‍ ഇമേജ് ഉണ്ട്, അപ്പോള്‍ അത് മാറ്റിയിട്ട് വേറൊരു ഇമേജ് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഞാന്‍ ചേട്ടനെ തന്നെ തെരഞ്ഞെടുത്തത്” എന്ന്. ഇതെല്ലാം ഒരു നിമിത്തമാണ്.

  • കള്ളത്തരം, ചതി, വില്ലനിസം തുടങ്ങിയവയൊക്കെ വളരെ കറക്ടായി പ്രകടിപ്പിക്കാന്‍ പറ്റുന്നൊരു ശരീര ഭാഷയാണ് ചേട്ടന്. അത് കുറേ സിനിമകളില്‍ ഉപകരിച്ചിട്ടുമുണ്ട്. വളരെ പാവമായിട്ട് നിന്ന് പെട്ടെന്ന് മാറുന്നൊരു ക്യാരക്ടറാണ് നേരറിയാന്‍ സിബിഐയിലും. അതേക്കുറിച്ച്…

ആ ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍ പറഞ്ഞത് നാല് ദിവസത്തെ വര്‍ക്കേ ഉള്ളുവെന്നായിരുന്നു. പക്ഷെ പതിനെട്ട് ദിവസം ഞാന്‍ വര്‍ക്ക് ചെയ്തു. ചിത്രത്തിന്റെ കഥ എഴുതി വന്നപ്പോള്‍ ആ ക്യാരക്ടര്‍ വലുതാവുകയായിരുന്നു. ചിത്രത്തില്‍ കുറേ കുങ്കുമം ദേഹത്താകെ ഇട്ട് നില്‍ക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഒരാഴ്ച്ചയോളം എണ്ണ ശരീരത്തില്‍ തേച്ചിട്ട് രണ്ട്‌പേര്‍ ചേര്‍ന്ന് കുങ്കുമം ഇടുകയായിരുന്നു. രാവിലെ തന്നെ തുടങ്ങി പതിനൊന്നു മണിവരെയായിരുന്നു ഷൂട്ട് ഉണ്ടായിരുന്നത്.. കുങ്കുമം ദേഹമാകെ ഉള്ളതിനാല്‍ ഇതിനിടയ്ക്ക് എനിക്ക് ഭക്ഷണമൊന്നും കഴിക്കാന്‍ പറ്റില്ലായിരുന്നു.. 11 മണിക്ക് പാക്കപ്പായി കഴിഞ്ഞാല്‍ ഞാന്‍ ബാത്ത് റൂമില്‍ കയറി ആറ് തവണയോളം സോപ്പിട്ട് കുളിച്ചാലും ഇത് പോവില്ലായിരുന്നു. കുങ്കുമത്തിന്റെ ഷൂട്ടൊക്കെ കഴിഞ്ഞിട്ടും രണ്ടാഴ്ച്ചയോളം ഞാനിട്ട ഷര്‍ട്ടിലൊക്കെ കുങ്കുമത്തിന്റെ കളര്‍ ഉണ്ടായിരുന്നു. തിയേറ്ററില്‍ കാണുമ്പോള്‍ അതിന്റെ ഒരു എഫക്ട് വേറെയാണ്.

  • 40 വര്‍ഷത്തോടടുക്കുന്ന ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ട് സിനിമയില്‍. പഴയകാലഘട്ടത്തില്‍ അതിനുള്ള സമയം കൂടുതലുണ്ടായിരുന്നു. അങ്ങനെ ഓര്‍ത്ത് പറയാവുന്ന കഥകളെന്തൊക്കെയാണ്…?

അങ്ങനെ ധാരാളം കഥകളുണ്ട്. ഒരുവിധം തെറ്റില്ലാത്ത രീതിയില്‍ എന്റെ ഫേസ്ബുക്കില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അപ്പോള്‍ അത് വായിക്കുന്നതായിരിക്കും സുഖം. ജഗന്നാഥ വര്‍മ്മ സാര്‍, ബാബു നമ്പൂതിരി, വിജയരാഘവന്‍, ദേവന്‍ എന്നിവരുടെയൊപ്പം ഞാന്‍ കുറേയധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഞങ്ങളുടെ ആ ഒത്തുചേരല്‍ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല. ജഗന്നാഥ വര്‍മ്മ സാര്‍ ഇന്നില്ല. പിന്നെ പ്രതാപ ചന്ദ്രന്‍ സാര്‍, സണ്ണിച്ചായന്‍, രവി മേനോന്‍ എന്നിവരുമായും വളരെ നല്ല അടുപ്പമായിരുന്നു..