‘ഇത് ഞാൻ അനുഭവിച്ച വേദനയുടെ കർമഫലം’; അഖിൽ എൻ.ആർ.ഡിക്കെതിരെ ഏയ്ഞ്ചലിൻ

','

' ); } ?>

യൂട്യൂബ് വിഡിയോയിലൂടെ തന്റെ മാനസികാരോഗ്യ അവസ്ഥയെ പരിഹസിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ എൻ.ആർ.ഡിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ബിഗ് ബോസ് താരവും ഇൻഫ്ലുവൻസറുമായ ഏയ്ഞ്ചലിൻ മരിയ. അഖിലിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ പുകയുന്നതിനിടെയാണ്, മുൻപ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഏയ്ഞ്ചലിൻ രംഗത്തെത്തിയത്. മറ്റുള്ളവരുടെ ആരോഗ്യപ്രശ്നങ്ങൾ വിറ്റ് കാശാക്കുന്ന പ്രവണത ക്രൂരതയാണെന്നും, നിലവിൽ അഖിൽ നേരിടുന്ന പ്രതിസന്ധികൾ താൻ അനുഭവിച്ച വേദനയുടെ ‘കർമഫല’മാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഏയ്ഞ്ചലിൻ വ്യക്തമാക്കുന്നു.

അഖിലിന്റെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബറും ഫോളോവറുമായിരുന്ന തനിക്ക്, തനിക്കുള്ള ഒബ്സസീവ് കമ്പൾസീവ് ഡിസോർഡറിനെയും (ഒസിഡി) അണുക്കളോടുള്ള അമിത ഭയമായ മൈസോഫോബിയയെയും പരിഹസിച്ചുള്ള വിഡിയോ വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കിയത്. 2019 മുതൽ ഇതിനായി ചികിത്സ തേടുന്ന താൻ, ആ വിഡിയോ കണ്ട ശേഷം ഉറങ്ങാൻ പോലും കഴിയാതെ കരഞ്ഞിട്ടുണ്ടെന്ന് ഏയ്ഞ്ചലിൻ വെളിപ്പെടുത്തി. കണ്ടന്റ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി ആളുകളുടെ വൈകല്യങ്ങളെയോ രോഗാവസ്ഥകളെയോ തമാശയാക്കരുതെന്നും, മരുന്നുകളും ചികിത്സയുമായി ജീവിതത്തോട് പൊരുതുന്ന ഒരുപാടാളുകളെ ഇത്തരം പ്രവൃത്തികൾ ആഴത്തിൽ വേദനിപ്പിക്കുമെന്നും താരം ചൂണ്ടിക്കാട്ടി.

തന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കും ഏയ്ഞ്ചലിൻ കടുത്ത ഭാഷയിൽ മറുപടി നൽകി. അധിക്ഷേപിച്ച വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച താരം, ലേശം ഉളുപ്പുണ്ടെങ്കിൽ മറ്റൊരാളെ പരിഹസിച്ച് ഉണ്ടാക്കിയ ആ വിഡിയോയിലെ വരുമാനം പാവങ്ങൾക്ക് നൽകിയ ശേഷം വിഡിയോ പിൻവലിക്കാൻ അഖിലിനോട് ആവശ്യപ്പെടൂ എന്ന് തുറന്നടിച്ചു.

കേവലം വ്യൂസിനും സാമ്പത്തിക ലാഭത്തിനും വേണ്ടി വ്യക്തിഗത ആരോഗ്യപ്രശ്നങ്ങളെയും സ്വകാര്യതയെയും ട്രോൾ മെറ്റീരിയലാക്കുന്ന കണ്ടന്റ് ക്രിയേഷൻ രീതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കുമാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്.