
ടെലിവിഷൻ താരവും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായി. നടനും മോഡലുമായ ഭുവനേശ് ആണ് വരൻ. ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നടനും എംപിയുമായ സുരേഷ് ഗോപിയും നവദമ്പതികൾക്ക് ആശംസകൾ നേരാൻ വിവാഹച്ചടങ്ങിൽ നേരിട്ടെത്തിയിരുന്നു.
വിവാഹ ചിത്രങ്ങൾ അനുമോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ തരംഗമായതും പ്രേക്ഷകരും സിനിമാ-സീരിയൽ രംഗത്തെ സഹപ്രവർത്തകരും ആശംസകളുമായി എത്തിയതും.
‘സ്റ്റാർ മാജിക്’ എന്ന ജനപ്രിയ ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ തിരുവനന്തപുരം സ്വദേശിയായ അനുമോൾ, ‘പാടാത്ത പൈങ്കിളി’ ഉൾപ്പെടെയുള്ള പരമ്പരകളിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധേയയാകുന്നത്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 7 കിരീടം നേടിയത് താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കല്യാണം’, ‘മഹേഷും മാരുതിയും’ തുടങ്ങിയ ചലച്ചിത്രങ്ങളിലും അനുമോൾ വേഷമിട്ടിട്ടുണ്ട്.